കോട്ടയം: ശുഭ്രവസ്ത്രം ധരിച്ച് മാലാഖയുടെ വേഷത്തിൽ കണ്ണടച്ച് ശാന്തമായി ഉറങ്ങുന്ന മേഘ. എന്നെന്നേക്കുമായി യാത്രയായ മകൾക്ക് അന്ത്യചുംബനം നൽകാൻ പോലുമാകാതെ സ്‌ട്രെച്ചറിൽ വിതുമ്പി പിതാവ് വർഗീസ്.. 'മാലാഖയുടെ വേഷത്തിൽ മോൾ സുന്ദരിയായി ഒരുങ്ങിയിട്ടുണ്ടല്ലോ'-വർഗീസിന്റെ വിതുമ്പിക്കൊണ്ടുള്ള വാക്കകൾ കേട്ട് കണ്ടുനിന്നവർക്ക് താങ്ങാനായില്ല. തെള്ളകം മാതാ ആശുപത്രിയിലായിരുന്നു ഏവരെയു കണ്ണീരണിയിച്ച കൂടിക്കാഴ്‌ച്ച നടന്നത്.

അർത്തുങ്കൽ പള്ളിയിൽ പോകാൻ സ്‌കൂട്ടറിൽ അപകടത്തിൽ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പപ്പയോട് അവസാന യാത്രചോദിക്കാൻ എത്തിയതായിരുന്നു മേഘ. മകളുടെ ജീവിതം ലോറി കവർന്നതു വില്ലൂന്നി വെള്ളാനിക്കൽ വർഗീസ് അറിഞ്ഞത് അപ്പോഴായിരുന്നു. പൊന്നുമോൾ അപകടത്തിൽ മരണപ്പെട്ടു എന്നറിഞ്ഞതോടെ അലറിക്കരയാൻ അല്ലാതെ അന്നും വർഗീസിന് സാധിച്ചില്ല.

അപകടത്തിൽ പരിക്കേറ്റ് സ്്ട്രച്ചറിൽ കടന്നു തേങ്ങിയ വർഗീസിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും പാടുപെട്ടു.
പ്രത്യേകം തയാറാക്കിയ മുറിയിലേക്കു ഡോക്ടർമാർ കൊണ്ടുവരുന്നതിനിടയിൽ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കളോട് ചോദിച്ചതും മകളെ ഒരുക്കിയോ എന്നായിരുന്നു.അവസാനമായി മകളെ കാണണമെന്നു വർഗീസ് വാശിപിടിച്ചിരുന്നു.

അർത്തുങ്കൽ പള്ളിയിൽനിന്നു മടങ്ങിവരും വഴി കോട്ടയം താഴത്തങ്ങാടിയിലായിരുന്നു അപകടം. സ്വകാര്യ ബസിനെ മറികടന്നു പോകുന്നതിനിടെ വർഗീസ് ഓടിച്ചിരുന്ന സ്‌കൂട്ടർ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഓടിക്കുടിയ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മേഘ മരണത്തിനു കീഴടങ്ങുകയായിരുന്നു. അടിയന്തര ശാസ്ത്രക്രിയയ്ക്ക് ശേഷം വർഗീസിനെ ഐ.സി.യുവിലേക്കു മാറ്റിയിരുന്നു.

എല്ലാവർഷവും കുടുംബസമേതമായിരുന്നു ഇവർ അർത്തുങ്കൽ തിരുനാളിന് പോകാറുള്ളത്. ഇത്തവണ അമ്മ ജിൻസിയുടെ കൈപൊള്ളിയതിനാൽ യാത്ര സ്‌കൂട്ടറിലാക്കുകയായിരുന്നു. മേഘയുടെ അനുജത്തിയും പോകാൻ തയ്യാറെടുത്തിരുന്നുവെങ്കിലും രാവിലെ ഉണരാൻ താമസിച്ചതിനാൽ കൊണ്ടു പോയില്ല.

മേഘ പഠിച്ചിരുന്ന വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേൾസ് സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. തങ്ങളുടെ സഹപാഠിക്കു കണ്ണീർപ്രണാമമർപ്പിക്കാൻ നിരവധി വിദ്യാർത്ഥികളാണ് സ്‌കൂളിലത്തിയത്. പൊതുദർശനത്തിനുശേഷം അഞ്ചോടെയാണു മൃതദേഹം ആർപ്പുക്കര വില്ലൂന്നിയിലെ വീട്ടിലേക്കെത്തിച്ചത്.