കോതമംഗലം: റോഡിൽ വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. പുളിന്താനം പുഞ്ചിറക്കുഴിയിൽ മാത്യു കോരയെയാണ് (94) മരിച്ച നിലയിൽ കണ്ടെത്തിയത്. പോത്താനിക്കാട് കക്കടാശ്ശേരി കാളിയാർ റോഡിൽ പുളിന്താനം ഗവ യു പി സ്‌കൂളിന് സമീപം വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനായി എടുത്തിരുന്ന കുഴിയിൽ വീണതിനെത്തുടർന്നാണ് കോര മരണപ്പെട്ടതെന്നാണ് പൊലീസി ന്റെ പ്രാഥമിക നിഗമനം.

സമീപത്തെ ചായക്കടയിൽ നിന്നും രാവിലെ ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി കുഴിയിൽ വീഴുകയായിരുന്നുവെന്ന് കരുതുന്നു. റോഡിലൂടെ പോയ സ്‌കൂട്ടർ യാത്രികരായ യുവാക്കളാണ് കുഴിക്ക് മുകളിലായി ഒരു കാൽ കണ്ട് സമീപവാസികളെ വിവരം അറിയിച്ചത്. നാട്ടുകാർ ചേർന്ന് കരയ്ക്കെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തലകീഴായി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

നാളെ പോസ്റ്റ് മോർട്ടത്തിനു ശേഷം പുളിന്താനം സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: തളിയിച്ചിറയിൽ മറിയാമ്മ. മക്കൾ: വറുഗീസ്, പരേതനായ ജോണി, ലീല, പരേതയായ സജി. മരുമക്കൾ: മാറാടി കുന്നപ്പിള്ളിൽ ചിന്നമ്മ, മാവുടി വണ്ടാനത്ത് സാറാക്കുട്ടി, കുന്നയ്ക്കൽ പാറക്കാട്ട് ചാക്കോ, ഊന്നുകൽ ഒടുവേലിൽ റാണി.വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വയോധികന്റെ ദാരുണാന്ത്യത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

പറമ്പഞ്ചേരി മുതൽ പുളിന്താനം വരെ 11 കെ വി ലൈൻ മാറ്റി സ്ഥാപിക്കാൻ രണ്ടാഴ്ചയിലേറെയായി വലിയ കുഴികൾ റോഡിനരുകിൽ എടുത്തിരുന്നു. ഇതുവരെ പോസ്റ്റുകൾ സ്ഥാപിക്കുകയോ അപകട മുന്നറിയിപ്പായി കുഴികളുടെ വശങ്ങളിൽ ഒന്നും സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.