- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ പൂരത്തിനിടെ ആൽമരം വീണ് പരുക്കേറ്റ സിഐ പെരിന്തൽമണ്ണയിൽ ചികിത്സയിൽ; കാലിന് പരുക്കേറ്റത് തൃശ്ശൂർ അന്തിക്കാട് സ്റ്റേഷനിലെ സിഐ ജ്യോതീന്ദ്ര കുമാറിന്
മലപ്പുറം: തൃശ്ശൂർ പൂരത്തിനിടെ മരം വീണ് പരുക്കേറ്റ സിഐ പെരിന്തൽമണ്ണയിൽ ചികിത്സയിൽ. തിരുവമ്പാടിയുടെ രാത്രി എഴുന്നളിപ്പിനിടെയായിരുന്നു ആൽമരം ഒടിഞ്ഞു വീണത്. തൃശ്ശൂർ അന്തിക്കാട് സ്റ്റേഷനിലെ സിഐ ജ്യോതീന്ദ്ര കുമാറിനാണ് (51) പരിക്ക്. കാലിന് പരിക്ക് പറ്റിയ ഇദ്ദേഹത്തെ വിദഗ്ദ്ധ പരിശോധനക്കായി കിംസ് അൽശിഫ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഏറെ കരുതലോടെ നടന്ന തൃശ്ശൂർ പൂരം നടത്തിപ്പിനിടെ കൂറ്റൻ ആൽമരത്തിന്റെ ശാഖ ഒടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചിരുന്നു. തുടർന്ന് അപകടത്തെ തുടർന്ന് ചടങ്ങുകളെല്ലാം നേരത്തെയാക്കികുറച്ചിരുന്നു.. സാധാരണഗതിയിൽ ഉച്ചയോടെ നടക്കേണ്ട ഉപചാരം ചൊല്ലിപിരിയൽ ഇത്തവണ നേരത്തെയാക്കി. ഇന്നലെ അർദ്ധരാത്രിയിൽ അപകടം നടക്കുമ്പോൾ മഴയോ, കാറ്റോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ആൽത്തറയ്ക്ക് കീഴിൽ വാദ്യഘോഷം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ആൽമരത്തിന്റെ വലിയൊരു ശാഖ പൊട്ടിവീണത്. തൃശൂർ പൂച്ചെട്ടി സ്വദേശിയായ രമേശൻ, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്. ഇരുവരുടേയും തലയ്ക്കായിരുന്നു പരുക്ക്. ദുരന്തത്തിൽ 25 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു അപകടം. ബ്രഹ്മസ്വം മഠത്തിന്റെ മുന്നിലുള്ള കൂറ്റൻ ആൽമരത്തിന്റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്.
ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു.വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ഒന്നര മണിക്കൂർ സമയമെടുത്താണ് ഫയർഫോഴ്സ് ആൽമരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ആളുകളെ പുറത്തെടുക്കുകയായിരുന്നു. ഏറെ പഴക്കമുള്ള ആൽമരമാണ് ഒടിഞ്ഞ് വീണത്. കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ സമീപത്തെ പന്തലിൽ തിടമ്പേറ്റി നിന്നിരുന്ന കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ പരിഭ്രാന്തിയിൽ ഓടി. ആനയെ പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞത് കൂടുതൽ ദുരന്തങ്ങളൊഴിവാക്കുകയായിരുന്നു.