മലപ്പുറം: ആരോഗ്യ വകുപ്പിലെ ജീവനക്കാരൻ പുഴയിൽ മുങ്ങി മരിച്ചു. നിലമ്പൂർ കോവിലകത്തുമറി സ്വദേശി പുളിച്ചുമാക്കൽ വീട്ടിൽ ബാബുവാണ് ഇന്ന് വൈകീട്ട് നിലമ്പൂർ കോവിലകം പാറക്കെട്ട് കടവിൽ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചത്. 45 വയസ്സുണ്ടായിരുന്നു. ഇന്ന് വൈകീട്ട് വീടിനടുത്ത് തന്നെയുള്ള കടവിൽ കുളിക്കാൻ വേണ്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

അപകടമുണ്ടായ ഉടൻ തന്നെ രക്ഷപ്രവർത്തനം നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരും എമർജൻസി റസ്‌ക്യൂ ഫോഴ്സ് അംഗങ്ങളും ചേർന്നാണ് മൃതദേഹം മുങ്ങിയെടുത്തത്. നിലമ്പൂർ കോവിലകം ശ്മശാനത്തിന് സമീപത്താണ് ബാബുവിന്റെ വീട്. സ്ഥിരമായി ഈ കടവിൽ കുളിക്കാൻ വരുന്ന വ്യക്തിയായിരുന്നു. മഞ്ചേരിയിൽ ആരോഗ്യ വകുപ്പിൽ ജീവനക്കാരനായ ബാബു നേരത്തെ നിലമ്പൂർ ഐജിഎംആർ സ്‌കൂളിന്റെ പ്രിൻസിപ്പൾ ഇൻചാർജ് ചുമതല വഹിച്ചിരുന്നു. സജിതയാണ് ബാബുവിന്റെ ഭാര്യ.