- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ മഴയിൽ ഇ എസ് ഐ ഡിസ്പെൻസറിയുടെ മേൽക്കൂര ഇടിഞ്ഞു വീണു; രണ്ട് ജീവനക്കാർക്ക് പരിക്ക്; തകർന്നത് കോഴിക്കോട് ചക്കോരത്ത് കുളത്തെ കാലപ്പഴക്കമുള്ള കെട്ടിടം
കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് നടക്കാവ് ചക്കോരത്ത് കുളത്തെ ഇ എസ് ഐ ഡിസ്പെൻസറിയുടെ മേൽക്കൂര ഇടിഞ്ഞു വീണു. അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വലിയ കാലപ്പഴക്കമുള്ളതാണ് ഡിസ്‌പെൻസറി കെട്ടിടം. കെട്ടിടത്തിന്റെ മുകൾ ഭാഗമാണ് ഇടിഞ്ഞു വീണത്. പത്ത് ജീവനക്കാർ ഈ സമയം ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്കോടിയതിനാൽ കൂടുതൽ പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായിരുന്ന നഴ്സിങ് അസിസ്റ്റന്റ് മീര(52), ഓഫീസ് അറ്റൻഡന്റ് ജമീല(45) എന്നിവർക്കാണ് പരുക്കേറ്റത്. മെഡിക്കൽ ഓഫീസറുടെ മുറിയുടെ തൊട്ടുമുമ്പിലേക്ക് മുകൾഭാഗത്തുള്ള മരങ്ങളും മറ്റും അടർന്നു വീഴുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ ഒന്നാം നിലയുടെ മുഴുവൻ ഭാഗവും ഇടിഞ്ഞ് താഴേക്ക് പതിച്ചു. ഈ സമയത്ത് ഒന്നാം നിലയിൽ ഡ്യൂട്ടിയിലായിരുന്നു പരുക്കേറ്റ ജീവനക്കാർ. രണ്ട് പേരും മരങ്ങൾക്കൊപ്പം താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ശബ്ദം കേട്ട് ഓടിക്കൂടിയവരും ആശുപത്രി ജീവനക്കാരും ചേർന്ന് അപകടത്തിൽ പരിക്കേറ്റവരെ പുറത്തെത്തിച്ചു. രണ്ട് പേരെയും ആദ്യം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീരയെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസമയത്ത് മൂന്ന് രോഗികൾ ഉണ്ടായിരുന്നുവെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ദ്രവിച്ച മരങ്ങളും കല്ലും മറ്റും മെഡിക്കൽ ഓഫീസറുടെ മുറിയുടെ മുമ്പിലേക്കാണ് ഇടിഞ്ഞു വീണത്. ഇതോടെ മെഡിക്കൽ ഓഫീസർ മുൻ ഭാഗം വഴി പുറത്തേക്കിറങ്ങാനാകാതെ കുടുങ്ങി. തുടർന്ന് ഓഫീസിന്റെ പിൻഭാഗത്ത് കൂടിയാണ് ഇവരെ പുറത്തെത്തിച്ചത്. എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സാംബശിവറാവു, അസി. കലക്ടർ മുകുന്ദ്, കൗൺസിലർ കോർപ്പറേഷൻ സെക്രട്ടറി ബിനി, ഇ എസ് ഐ റീജിയനൽ ഡെപ്യൂട്ടി ഡയരക്ടർ ഡോ. മനോജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
സംഭവമറിഞ്ഞ് നടക്കാവ് സി ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ബീച്ച് ഫയർസ്റ്റേഷനിൽ നിന്ന് ഫയർ ഓഫീസർ സതീഷിന്റെ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് സംഘവും സ്ഥലത്തെത്തി. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ പരുക്കേറ്റവരെ പുറത്തെത്തിച്ചിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പൊലീസും ഫയർഫോഴ്സും നേതൃത്വം നൽകി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.