തൊടുപുഴ: :ഓടിയപാറയ്ക്കു സമീപം പാറക്കുളത്തിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓടിയപാറ സ്വദേശികളായ കിഴക്കേടത്ത്അനീഷ് (43) ഈയ്യനാട്ട് രതീഷ് (34) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. കാക്കട്ട് ക്രഷർ യൂണിറ്റിന്റതാണ് കുളം. കുളക്കരയിൽ ഇരുവരുടെയും വസ്ത്രങ്ങൾ അഴിച്ചു വച്ചിരുന്ന നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ പുല്ലുവെട്ടാനെത്തിയ സ്ത്രീകളാണ് കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഞായറാഴ്ച ആമ്പൽ പറിക്കാൻ പോകുന്നു എന്ന് നാട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നു.

തൊടുപുഴ ഡി വൈ എസ്‌പി സദൻ സ്ഥലത്തെത്തി ഇൻക്യസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. എസ് ഐ മാരായ ജോബി, കണ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
കുളത്തിൽ ഇറങ്ങിയപ്പോഴുണ്ടായ അപകട മാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ട്. ക്രഷർ പ്രവർത്തനം നിർത്തി വച്ചിരുനതിനാൽ ഈ പ്രദേശത്തെക്ക് അധികം ആളുകൾ എത്താറില്ല.

പോസ്റ്റുമോർട്ടത്തിനു ശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് നിലപാട്. ഇരുവരും മദ്യപാനികളായിരുന്നു. രതീഷിന് നീന്തൽ അറിയില്ല. അനീഷ് ഫിറ്റ്‌സ് രോഗബാധിതനുമായിരുന്നു.