മലപ്പുറം: പരീക്ഷ കഴിഞ്ഞ് മാതാവിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13 വയസുകാരിക്ക് ദാരുണാന്ത്യം. പാവിട്ടപ്പുറത്ത് പിക് അപ്പ് വാൻ സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽ മരിച്ചത്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. തൃശൂരിൽ നിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

പാവിട്ടപ്പുറം സെന്ററിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം. പെരുമ്പിലാവ് അൻസാർ സ്‌കൂളിൽ നാലാം ക്ളാസ് വിദ്യാർത്ഥിയാണ് ഹയ. പെരുമ്പടപ്പിലെ മാതാവിന്റെ വീട്ടിലേക്ക് സുനീറക്ക് ഒപ്പം മടങ്ങുകയായിരുന്നു ഹയ. റോഡിലേക്ക് തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സുനീറ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.