മലപ്പുറം: നിർത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്. ഇന്ന് പൊന്നാനി ആനപ്പടിയിലാണ് അപകടം. വേഗതയിൽ വന്ന കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചതിനു ശേഷമാണ് ടാങ്കറിൽ ഇടിച്ചത്. നേരിട്ട് ടാങ്കറിൽ വന്നാണ് ഇടിച്ചിരുന്നതെങ്കിൽ അപകടം കൂടുതൽ കടുത്തതാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കണ്ണൂർ കണ്ടൻകുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രനാണ് അപകടത്തിൽ മരണപ്പെട്ടത്. ഇവരുടെ കൂടെയുള്ള കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ജീരകശ്ശേരി ഫ്രാൻസിസിന് അപകടത്തിൽ പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആനപ്പടി സെന്ററിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കറിലാണ് പുലർച്ചെ 4.50 കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോ കാർ ഇടിച്ചത്.

ഗ്യാസ് ടാങ്കിന്റെ പിറകിൽ ഇടിച്ചതോടെ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.ലോറിക്ക് പിൻഭാഗത്ത് കുടുങ്ങിയ കാർ അഗ്നി രക്ഷ സേനാംഗങ്ങൾ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കുപറ്റിയ കാർ യാത്രക്കാരായ ആദിത്യ ജയചന്ദ്രനെയും ഫ്രാൻസിസിനെയും പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യ മരണപ്പെടുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന നാലു വയസുകാരനായ ആദം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.ദേശീയപാതയിലെ ആനപ്പടിയിൽ പായോരത്ത് രാത്രികാലങ്ങളിൽ വലിയ ലോറികൾ നിർത്തിയിടുന്നത് നിരവധി അപകടങ്ങൾക്കാണ് ഇടയാക്കുന്നത്.