രാജാക്കാട് :കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾ നാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈകിട്ടോടെയാണ് മൃതദേഹങ്ങൾ മെഡിക്കൽ
കോളേജിലേയ്ക്ക് മാറ്റിയത്.

മധ്യപ്രദേശ് സ്വദേശികളായ റോഷ്‌നി, അജയ്, ദുലീപ് എന്നിവരുടെ ജഡങ്ങളാണ് ഇന്ന് രാവിലെ 9 മണിയോടെ പുഴയിൽ കണ്ടെത്തിയത്.കുത്തുങ്കൽ ടൗണിന് സമീപമുള്ള ചെമ്മണ്ണാർകുത്ത് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിൽ ഒരു പുരുഷന്റെ മൃതദേഹവും 25 മീറ്റർ താഴെ മാറി വെള്ളം രണ്ടു വശത്തൂടെയും ഒഴുകുന്ന പാറയിൽ രണ്ടു മൃതദേഹങ്ങൾ ഒഴുകി വന്ന് തടഞ്ഞുനിന്നതു പോലെയുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൂന്ന് ദിവസങ്ങൾക്ക് മുൻപ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്‌നി(20), അജയ്(20),ദുലീപ് (21) എന്നിവരെ തൊഴിൽ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പൻചോല പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് രാവിലെയാണ്, കുത്തുങ്കൽ പവർ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തിന് സമീപത്തു നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്തെ, പാറയിടുക്കിൽ അകപ്പെട്ട നിലയിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയർ ഫോഴ്‌സും ഉടുമ്പൻചോല പൊലീസും മണിക്കൂറുകൾ പണിപെട്ടാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.

രണ്ടാഴ്ചയായി കുത്തുങ്കൽ സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച്, സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്.ഞായറാഴ്ച ലോക്ഡൗൺ ആയതിനാൽ ഇവർ ജോലിക്ക് പോയിരുന്നില്ല. ഉച്ച കഴിഞ്ഞ് കുളിക്കാനായി റോഷ്‌നിയും അജയും, ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവർ പറയുന്നത്.

പുഴയിലിറങ്ങി നടക്കുന്നതിനിടെ കൂടെയുള്ളയാൾ വഴുതി വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിലേക്ക് പതിച്ചതായിരിക്കാമെന്നും പാറയിടുക്കിൽ കുടുങ്ങിയ മൃതദേഹം ഒഴുക്കിൽപ്പെട്ടതാകാമെന്നതാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോല തഹസിൽദാരുടെ, നേതൃത്വത്തിൽ ഇൻക്വസ്റ്റിന് ശേഷമാണ് മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്