- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിൽ പൈപ്പ് ലൈനായുള്ള കുഴിയിൽ വാഹനം വീണ് ഒരാൾ മരിച്ചു; കാൽനടക്കാരന്റെ മരണത്തിൽ മലപ്പുറം കോഡൂരിൽ ജനങ്ങളുടെ പ്രതിഷേധം
മലപ്പുറം: മലപ്പുറം കോഡൂർ വലിയാട്ടിൽ ഗൈൽ പൈപ്പ് ലൈനിനു വേണ്ടി കീറിയ കുഴിയിലേക്ക് ഗുഡ്‌സ് വാഹനം വീണ് ഒരാൾ മരിച്ചു. വലിയാട് സ്വദേശി അല്ലക്കാട്ട് ബീരാന്റെ മകൻ ഇബ്രാഹിം (50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് റോഡിലൂടെ കാൽനടയായി പോകുകയായിരുന്ന ഇദ്ദേഹത്തെ അതുവഴി കടന്നു വന്ന ഗുഡ്‌സ് വാഹനം കുഴിയിൽ ചാടി ഇദ്ദേഹത്തിനു മേൽ മറിയുകയായിരുന്നു.
ഇതു സംബന്ധിച്ച് കോഡൂർ പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടറെയും ഇന്ത്യൻഓയിൽ അദാനി ഗ്യാസ് മാനേജർ ഹരികൃഷ്ണനെയും നേരിൽ കണ്ട് ചർച്ച നടത്തി. യാതൊരുവിധ സുരക്ഷയും ഉറപ്പു വരുത്താതെയാണ് കുഴികീറിയത്. കുഴി കീറിയതിനു ശേഷം അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല. പലപ്പോഴും ഫോണിൽ വിളിക്കുമ്പോൾ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.
വലിയാട് ചട്ടിപ്പറമ്പ് റോഡിൽ മാത്രം 11 ഓളം കുഴികളാണ് ഗൈലിന് വേണ്ടി കീറിയിട്ടുള്ളത്. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് സിറ്റിയാസ് പദ്ധതി പ്രകാരം ലിഖിത ഗ്രൂപ്പ് ആണ് പദ്ധതി ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. റോഡരികിൽ കുഴി കീറിയാൽ ഉടൻ തൂർക്കണമെന്നാണ് കരാർ. എന്നാൽ മാസങ്ങളായി കുഴികൾ അടക്കാതെ അപകടം ക്ഷണിച്ചു വരുത്തുകയാണ് അധികാരികൾ.
വലിയാട്ടിൽ റോഡരികിൽ ഈ പ്രവൃത്തിക്കായി കീറിയ കുഴിയിലെ മണ്ണ് അഴുക്കു ചാലിലേക്ക് തള്ളുകയും ഇതുമൂലം അഴുകുചാലിലൂടെ വെള്ളം ഒഴുകാതെ റോഡിലൂടെ കുത്തിയൊലിക്കുകയാണ് ചെയ്യുന്നത്. അശാസ്ത്രീയപരമായി കീറിയ കുഴിയാണ് അപകട കാരണമെന്ന് കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ പറഞ്ഞു. ഇന്ത്യൻ ഓയിൽ ഗ്യാസ് അഥോറിറ്റിക്കാരോ കരാറുകാരനോ യാതൊരുവിധ ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും ഗ്രാമപഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അടുത്ത ദിവസം തന്നെ കുഴി അടക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യാൻ ബന്ധപ്പെട്ടവർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. അപകട സ്ഥലത്തെ ഡ്രൈനേജിലെ മണ്ണ് മാറ്റുമെന്നും കുഴി അടക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ പണി ആരംഭിക്കുമെന്നും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അഥോറിറ്റിയുടെ മാനേജർ ഹരികൃഷ്ണൻ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, പാർലിമെന്ററി പാർട്ടി ലീഡർ കെ എൻ ഷാനവാസ്, മെമ്പർമാരായ കെ ടി റബീബ്, അജ്മൽ ടി, മുംതാസ് വില്ലൻ, ജൂബി മണപ്പാട്ടിൽ , ആസിഫ് മുട്ടിയറക്കൽ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്