മൂവാറ്റുപുഴ: മേക്കടമ്പിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നാടിനെ നടുക്കിയ സംഭവത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംമ്പത്തിലെ മൂന്നു പേരാണ് മരണമടഞ്ഞത്. വാളകം മേക്കടമ്പ് ആനക്കുത്തിയിൽ പരമേശ്വരന്റെ ഭാര്യ രാധ(60) മകൻ പ്രവീണിന്റെ ഭാര്യ രജിത(28), ഇവരുടെ മകൾ നിവേദ്യ(നാല്) എന്നിവരാണു മരിച്ചത്. അമ്മയേയും ഭാര്യയേയും മകളേയും നഷ്ടപ്പെട്ട പ്രവീണിനെ ആശ്വസിപ്പിക്കാനാവാതെ പലരും വിതുമ്പി.

കഴിഞ്ഞദിവസം മേക്കടമ്പ് ഭഗവതി ക്ഷേത്രത്തിൽ പാനകപൂജയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളെ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രവീണിന്റെ മറ്റൊരു മകൾ നവമി(മൂന്ന്),പ്രവീണിന്റെ സഹോദരി പ്രീജ(32), പ്രീജയുടെ മക്കളായ അമ്പാടി(അഞ്ച്), ശ്രേയ(എട്ട്)എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. മൂന്നുപേരുടെയും മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഒരേസമയം മൂന്നിടത്താണ് പോസ്റ്റുമോർട്ടം നടത്തിയത്.

മൂവാറ്റുപുഴ,പിറവം,കൂത്താട്ടുകുളം സർക്കാർ ആശുപത്രികളിൽ പോസ്റ്റു മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. ഈ സമയം വീടും പരിസരവും ജനനിബിഢമായിരുന്നു. അപകടവാർത്ത അറിഞ്ഞതു മുതൽ നൂറുകണക്കിന് ആളുകൾ ആശുപത്രിയിലേക്കും വീട്ടിലേക്കും ഒഴുകിയെത്തി. ഉറ്റവരും ഉടയവരും ദുഃഖം താങ്ങാനാവാതെ വാവിട്ടു കരയുന്ന കാഴ്ച ഹൃദയ ഭേദകമായി. അമ്മയുടെയും മുത്തശ്ശിയുടെയും മൃതദേഹങ്ങൾക്കിടയിൽ നിവേദ്യയെ കിടത്തുന്നതു കണ്ട് എല്ലാ മിഴികളും ഈറനായി. പ്രവീണിന്റെ കൊച്ചച്ഛന്റെ മകൻ ബിനു കൃഷ്ണൻ ചിതകൾക്കു തീകൊളുത്തി.

അതിനിടെ അപകടമുണ്ടാക്കിയ കാർ ആരോ കത്തിച്ചു. മരിച്ചവരുടെ ചിതയ്ക്കു തീകൊളുത്തിയ അതേ സമയത്താണ് അപകടസ്ഥലത്തു കിടക്കുകയായിരുന്ന കാറിന് ആരോ തീവച്ചത്. തീനാളങ്ങൾ കണ്ടപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ വിവരമറിഞ്ഞത്. മൂവാറ്റുപുഴയിൽ നിന്ന് അഗ്‌നിശമനസേന എത്തിയപ്പോഴേക്കും കാർ ചാമ്പലായിരുന്നു. സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കാറുകൾ ഇതിനു സമീപം പാർക്ക് ചെയ്തിരുന്നെങ്കിലും അവയിലേക്കു തീ പടർന്നില്ല. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നെന്നു നാട്ടിൽ പ്രചാരണമുണ്ടായിരുന്നു. അതിലുള്ള രോഷമാണ് കാറിനു തീവയ്ക്കാൻ കാരണമെന്നു കരുതുന്നു.

ശബരിമല ദർശനത്തിനു പോകാനുള്ള ഒരുക്കത്തിലായിരുന്നു വാളകം മേക്കടമ്പ് ഡോക്‌ടേഴ്‌സ് ക്വാർട്ടേഴ്‌സ് റോഡിലെ ആനകുത്തിയിൽ പരമേശ്വരന്റെ കുടുംബാംഗങ്ങൾ. അതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ശനിയാഴ്ച രാത്രി കുടുംബസമേതം മേക്കടമ്പ് ഗണപതിക്ഷേത്രത്തിൽ പാനകപൂജയ്ക്കായി പോയത്. ഒമ്പതരയോടെ മടങ്ങിവരുന്നതിനിടയിൽ പാഞ്ഞുവന്ന സാൻട്രോ കാർ ദുരന്തമുണ്ടാക്കി. ഡ്രൈവർ മദ്യപിച്ചതാണ് അപകടകാരണമെന്നാണ് സൂചന. രാധ, രജിത, നിവേദ്യ എന്നിവർ തൽക്ഷണം മരിച്ചു. എറണാകുളം ഭാഗത്ത് നിന്നും വന്ന കെ എൽ 44 എ 3243 നമ്പർ കാർ എതിരെ നടന്നു വരികായിരുന്നവർക്ക് മേൽ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ കീരമ്പാറ സ്വദേശി സണ്ണി ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പാനകപൂജ കഴിഞ്ഞ് ബന്ധുക്കളായ സംഘം കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. പിന്നാലെ വന്നവരാണ് അപകടം ആദ്യം കണ്ടത്. ഇവർ ബഹളംവച്ചതിനെത്തുടർന്ന് സമീപവാസികളടക്കം ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ റോഡിനു താഴെ മൈതാനിയിലേക്ക് പതിച്ചവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് മൂവാറ്റുപുഴയിൽ നിന്ന് അഗ്‌നി ശമനസേനാ വിഭാഗവും സ്ഥലത്തെത്തി. ചാറ്റൽ മഴയും വെളിച്ചക്കുറവും മൂലം തൊട്ടടുത്തെത്തിയപ്പോഴാണ് കാൽനടക്കാരെ കണ്ടതെന്നും ഇവരെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണംവിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നും കസ്റ്റഡിയിലായ ഡ്രൈവർ പൊലീസിന് മൊഴിനൽകി.

പത്തടിയിലേറെ താഴെയുള്ള പഞ്ചായത്തു മൈതാനിയിലേക്കാണ് കാർ വീണത്. മൈതാനിയിൽ നിന്നാണ് അപകടത്തിൽ പെട്ടവരെയും കണ്ടെടുത്തത്. റോഡിൽ ചെരിപ്പ് കിടക്കുന്നതു കണ്ട് നടത്തിയ അന്വേഷണത്തിലാണ് നിവേദ്യയെ മൈതാനിക്കരികിലുള്ള കൽക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ അമ്പാടി തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവർ അപകടനില തരണം ചെയ്തു.മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായമായി 20000 രൂപ ലഭ്യമാക്കിയതായി എൽദോ ഏബ്രഹാം എംഎ‍ൽഎ.അറിയിച്ചു. കൂടുതൽ ധനസഹായത്തിനായി ഇന്ന് മുഖ്യമന്ത്രിക്കു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.