രണം പോയാലും അധികാരം പോയാലും ഔദ്യോഗിക വസതിയുടെ സൗകര്യങ്ങൾ ഒഴിയാൻ നമ്മുടെ പല വലിയ നേതാക്കൾക്കും മടിയാണ്. രാഷ്ട്രീയക്കാർ മാത്രമല്ല, ജഡ്ജിമാരും ഉദ്യോഗസ്ഥ പ്രമുഖരുമൊക്കെ ഇങ്ങനെ ന്യൂഡൽഹിയിൽ ഔദ്യോഗിക വസതി സ്വന്തമാക്കിവച്ചിട്ടുണ്ട്. നിലവിലെ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഔദ്യോഗിക വസതി നൽകാൻ പാടുപെടുന്ന കേന്ദ്ര നഗര വികസന മന്ത്രാലയം ഈ താപ്പാനകളെ പിടികൂടാനുള്ള പദ്ധതി തയ്യാറാക്കുകയാണ്.

അറുപതിനായിരത്തോളം ഔദ്യോഗിക വസതികളിലാണ് കാലാവധി കഴിഞ്ഞിട്ടും അനധികൃത താമസം തുടരുന്നത്. ഇങ്ങനെ താമസിക്കുന്നവരിൽനിന്ന് വൻതോതിൽ ഫൈൻ ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. മന്ത്രിമാർക്കും മുതിർന്ന രാഷ്ട്രീയനേതാക്കൾക്കും ജഡ്ജിമാർക്കും അനുവദിച്ചിട്ടുള്ള ല്യൂട്ടൺസിലെ ഏഴ്, എട്ട് ടൈപ്പ് ബംഗ്ലാവുകളിൽ താമസിക്കുന്നവരിൽനിന്ന് 55 മടങ്ങ് പിഴയീടാക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള 15,000 ബംഗ്ലാവുകൾ ഡൽഹിയിലുണ്ട്. ഒന്നുമുതൽ ആറ് വരെയുള്ള വിഭാഗത്തിൽപ്പെട്ട ബംഗ്ലാവുകളിൽ താമസിക്കുന്നവരിൽനിന്ന് 40 മുതൽ 50 മടങ്ങുവരെ ഫൈൻ ഈടാക്കും.

സർക്കാരിന്റെ റെസിഡൻഷ്യൽ അലോട്ട്‌മെന്റ് നിയമങ്ങളിൽ ഭേദഗതി വരുത്തിയാകും ഈ പിഴത്തുക ഉയർത്തുക. പിഴയടക്കാത്തവർക്ക് ഓരോ മാസവും പത്തുശതമാനത്തോളം പിഴപ്പലിശയും നൽകേണ്ടിവരും.

നിലവിലെ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നൽകുന്നതിനായി സർക്കാരിന് 48,500 ഔദ്യോഗിക വസതികളാണ് ആവശ്യമായുള്ളത്. ഔദ്യോഗിക വസതി അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിന് പിഴയിൽ വർധന വരുത്തുന്നത് സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.