കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിൽ, ഏറെ കോളിളക്കം സൃഷ്ടിച്ച നവദമ്പതികളുടെ കൊലപാതകക്കേസിൽ പ്രതി പിടിയിലായത് അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിലാണ് പ്രതിയെ വലയിൽ വീഴ്‌ത്തിയത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതി കുറ്റ്യാടിയിലെ ഒരു ജൂവലറിയിൽ വിൽപ്പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചതും തുമ്പായി. പ്രതികളെ പിടികൂടാത്തതിനാൽ പൊലീസിന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ആക്ഷൻ കമ്മറ്റി രൂപീകരിച്ച് ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങവേയാണ് അറസ്റ്റ്.

കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി കലങ്ങോട്ടുമ്മൽ വീട്ടിൽ വിശ്വനാഥനാണു അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.മൂന്ന് ദിവസം മുമ്പാണ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീടിയാളെ വിട്ടയച്ചെങ്കിലും, സംശയത്തിന്റെ പേരിൽ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.

ജൂലൈ അഞ്ചിനാണ് വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മൈലിലെ വാഴയിൽ വീട്ടിൽ നവദമ്പതികളെ േെവട്ടറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളമുണ്ട കണ്ടത്തുവയൽ പന്ത്രണ്ടാം മൈൽ വാഴയിൽ പരേതനായ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27), ഭാര്യ ചെറ്റപ്പാലം കച്ചിൻസ് മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെയാണ് അതിദാരുണമായ രീതിയിൽ കൊല്ലപ്പെട്ട നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിന് മുകളിലാണ് രണ്ട് മൃതദേഹവും കാണപ്പെട്ടത്. പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയാണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം വാതിലിനു സമീപവും പരിസരത്തും മുളകു പൊടി വിതറിയിരുന്നു. ഇരുവരെയും മൂർച്ചയുള്ള ആയുധം കൊണ്ടാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. തലയ്ക്കും കഴുത്തിനുമാണ് േെവട്ടറ്റത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു.

വിവാഹം നടന്ന മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ദമ്പതികൾ കൊല ചെയ്യപ്പെടുന്നത്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും, മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും പൊലീസ് കണ്ടെത്തി. മോഷണമാണ് ഇരട്ട കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. വീട്ടിൽ നിന്ന് എട്ട് പവനോളം സ്വർണ്ണാഭരണങ്ങളും ഫാത്തിമയുടെ മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. ഫാത്തിമയുടെ മാല, മൂന്ന് വളകൾ, ബ്രേസ് ലെറ്റ്, രണ്ട് പാദസ്വരങ്ങൾ എന്നിവയാണ് നഷ്ടമായ സ്വർണ്ണാഭരണങ്ങൾ.

പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതുകൊണ്ട് യു.ഡി.എഫ് വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിൽ ഹർത്താൽ വരെ നടത്തിയിരുന്നു. എന്നാൽ, മൊബൈൽ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്ത് വിട്ടിരുന്നില്ല. തലയിലേറ്റ അതിശക്തമായ അടി കാരണം ഇരുവരുടെയും തലയോട്ടി പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. പണിയായുധങ്ങൾ കൊണ്ടാണ് കൊല നടത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തെളിവുകൾ ഒന്നും ലഭിക്കാത്ത തരത്തിലായിരുന്നു കൊലപാതകം. വീടും പരിസരവും മുളക് പൊടി വിതറിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വീട്ടിൽ നിന്ന് ഒരു ഹെൽമറ്റും, ചീപ്പും തെളിവായി ലഭിച്ചെങ്കിലും അത് തുടക്കത്തിൽ അന്വേഷണത്തിന് വേണ്ടത്ര സഹായകരമായില്ല.

പ്രതിയായ വിശ്വനാഥനെ കുറിച്ച് നാട്ടുകാരനായ കെ.സി.ബിപിൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

പണ്ട് തൊട്ടിൽപാലം ബിന്ദു ടാക്കീസിൽ നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് പോരുമ്പോൾ പലതവണ വിശ്വനെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ മുന്നിലോ പിന്നിലോ ഒക്കെയായി തല താഴ്‌ത്തി നടന്നു പോകുന്നുണ്ടാവും അയാൾ. അതിരാവിലെ കുട്ടുകാരുമൊത്ത് ഓടാൻ പോയിരുന്ന കാലത്തും അയാൾ ഏതെങ്കിലുമൊക്കെ വഴിയെ നടന്നു പോകുന്നത് പലകുറി കണ്ടിട്ടുണ്ട്. എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല. പക്ഷേ വിശ്വൻ ആളൊരു കള്ളനാണെന്ന് നാട്ടിൽ പാട്ടായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്തൊക്കെ സത്യത്തിൽ അയാളെ പേടിയായിരുന്നു. മുണ്ട് മാടിക്കുത്തി, മുഖം താഴ്‌ത്തി, വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം. രാത്രിയിൽ എന്ത് ശബ്ദം കേട്ടാലും വീട്ടിൽ വിശ്വൻ കയറിയിട്ടുണ്ടെന്ന് പേടിച്ച കാലം. തൊട്ടിൽപാലത്ത് നിന്ന് താമസം മാറിയ ശേഷമാകും വിശ്വനെക്കുറിച്ചുള്ള പേടി മറന്നു തുടങ്ങിയത്. ഇടക്കാലത്ത് വിശ്വൻ ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസം ഉണ്ടായിരുന്നു. തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി. ആയിടെ മോഷണ നടത്താൻ ചെന്ന വീട്ടിലെ കിണറ്റിൽ വീണെന്നും നാട്ടുകാർ പൊക്കിയെടുത്ത് പൊതിരെ തല്ലിയെന്നും കേട്ടിരുന്നു. എന്തൊരു സന്തോഷമായിരുന്നു ആ കേൾവി, അത്രമേൽ അവൻ എന്റെ ബാല്യകൗമാരങ്ങളിൽ ഭയപ്പെടുത്തിയിരുന്നു. അതിനൊക്കെ അപ്പുറത്തെ സന്തോഷവും സ്വസ്ഥതയുമാണ് ഇന്നിപ്പോൾ ഈ ചിത്രം തരുന്നത്.

വിലങ്ങണിഞ്ഞ് നിൽക്കുന്ന കള്ളൻ വിശ്വൻ.
കുറ്റം, രണ്ടു മാസം മുമ്പ് മോഷണശ്രമത്തിനിടെ വയനാട് വെള്ളമുണ്ടയിൽ യുവദമ്പതികളെ തലയ്ക്കടിച്ചു കൊന്നു.

കേരള പൊലീസിന് നന്ദി
കാവിലുംപാറക്കാർ സ്വസ്ഥമായി ഉറങ്ങിക്കോട്ടെ