- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് തിരിച്ചറിയാതിരിക്കാൻ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഇരുട്ടിൽ ലൈറ്റ് ഓഫ് ചെയ്ത് ഓടിച്ചു; അഞ്ഞൂറിലധികം സിസി ടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളുടെ നീക്കങ്ങൾ പൊളിച്ച് പൊലീസ്; വഴിക്കടവിൽ ബൈക്കിടിച്ച് വയോധികൻ മരിച്ച കേസിൽ ഒരുവർഷത്തിന് ശേഷം പ്രതികൾ പിടിയിൽ
മലപ്പുറം: ബൈക്കിടിച്ച് വയോധികൻ മരിച്ച കേസിൽ 363 ദിവസങ്ങൾക്കു ശേഷം പ്രതികൾ പിടിയിൽ. രക്ഷപ്പെടാനും അന്വേഷണം തിരിച്ചുവിടാനും പ്രതികളായ യുവാക്കൾ കാണിച്ച നീക്കങ്ങൾ അവസാനം പൊളിഞ്ഞു. പൊലീസ് പ്രതികളിലേക്കെത്തിയത് 500ലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച അന്വേഷണത്തിനൊടുവിൽ. പെരുന്നാൾ ദിവസം അജ്ഞാത വാഹനമിടിച്ച് പൊലീസുകാരന്റെ പിതാവ് മരിച്ച സംഭവത്തിൽ ഒരു വർഷത്തിന് ശേഷം പ്രതികൾ വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.
കാരപ്പുറം സ്വദേശി കുണ്ടംകുളം മുഹമ്മദ് സലിം, കോച്ചേരിയിൽ ജോത്യർമയൻ അഖിൽ, എന്നിവരെയാണ് കഴിഞ്ഞ ദിവസം വഴിക്കടവ് പൊലീസ് ഇൻസ്പെകടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. ഇവർ വയോധികനെ ഇടിച്ചിട്ട പൾസർ 200 എൻഎസ് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്ന് 363 ദിവസങ്ങൾക്ക് ശേഷമാണ് പ്രതികൾ വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.
സംഭവം ഇങ്ങനെ:
2021 ജൂലൈ 21 ന് വലിയപെരുന്നാൾ ദിവസം പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുബഹി നമസ്കാരത്തിനുപോയ നിലമ്പൂർ എസ്ഐ അസൈനാരുടെ പിതാവ് മൂച്ചിക്കൽ മുഹമ്മദ് കുട്ടി (70) അജ്ഞാത വാഹനം ഇടിച്ച് മരിച്ചിരുന്നു.
ഇദ്ദേഹം പള്ളിയിലേക്ക് നടന്ന് പോയ സമയം അമിത വേഗതയിൽ വഴിക്കടവ് ഭാഗത്ത് നിന്ന് എത്തിയ ബൈക്ക് ഇടിച്ചിട്ട് നിർത്താതെ പോവുകയിരുന്നു. നടുറോഡിൽ രക്തം വാർന്ന് മുഹമ്മദ് കുട്ടി മരണപ്പെട്ടു. വഴിക്കടവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പൊലീസ് അപകടം സ്ഥലത്ത് നിന്ന് ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ച് വഴിക്കടവ് ചെക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിലായി അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തി വാഹനം കണ്ടത്തി.
എന്നാൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ സാധിച്ചില്ല. സിസിടിവി പിന്തുടർന്ന് പൊലീസ് എത്തും എന്ന് മനസ്സിലാക്കി പ്രതികൾ വാഹനം തിരിച്ചറിയാതിരിക്കാൻ പ്രധാനപ്പെട്ട ജംഗ്ഷനില്ലെല്ലാം ലൈറ്റ് ഓഫ് ചെയ്തിട്ടാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇത് അന്വേഷണത്തിൽ പൊലീസിന് വലിയ വെല്ലുവിളി ആയി മാറി. തുടർന്ന് വാഹന വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലും ആൾട്ടറേഷൻ വർക്കുകൾ നടക്കുന്ന വർക്ക് ഷോപ്പുകളിലും, സ്പെയർപാർട്സ് വിൽപ്പന നടത്തുന്ന കടകളിലും അന്വേഷണം നടത്തിയതിൽ നിന്നാണ് പ്രതികളെ കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്.
അപകടത്തിന് ശേഷം പുതുതായി ഇൻഷൂറൻസ് എടുത്ത വാഹനങ്ങളെ സംബന്ധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികളെ വ്യക്തമാവുകയും ചെയ്തു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വാഹനം രൂപം മാറ്റം വരുത്തി ഉപയോഗിച്ച് വരുന്നതായും കണ്ടെത്തി. ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചതിനാലും ദൃക്സാക്ഷികളാരും ഇല്ലാത്തതിനാലും ആണ് പ്രതികൾ സംഭവം മനപ്പുർവ്വം ഒളിപ്പിച്ച് വെച്ചത്. സംഭവ ശേഷം പ്രതികൾ രൂപമാറ്റം വരുത്തി വാഹനം മറിച്ച് വിൽക്കുകയായിരുന്നു. ബൈക്ക് പാലേമാട് സ്വദേശിയുടെ അടുത്തുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മൂത്തേടം കാരപ്പുറം സ്വദേശികളായ രണ്ട് പേർ ആ യാത്രയിൽ ഉണ്ടായിരുന്നെന്ന് വ്യകതമായതോടെ ഇവരെ കുറച്ചുകാലമായി പൊലീസ് നിരീക്ഷിച്ച് വരികയും കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്. ഐ പി എസിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ കേസിന്റെ അന്വേഷണ നടത്തിയിരുന്നത്. നിലമ്പൂർ ഡി.വൈ.എസ്പി സാജു കെ അബ്രഹാം, മലപ്പുറം ഡി.വൈ.എസ്പി. അബ്ദുൾ ബഷീർ പി, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ രാജേഷ് കുട്ടപ്പൻ, സുനിത.എംപി, ഷീബ, റിയാസ് ചീനി, പ്രദീപ് ഈ.ജി, പ്രശാന്ത് കുമാർ എസ്, വിനോദ്, ബിനോബ്, ജാബിർ കെ, ബഷീർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്