കൊച്ചി: പെരുമ്പാവൂരിൽ സൗത്ത് വല്ലത്ത് പ്രവർത്തിക്കുന്ന സദ്യ അച്ചാർ ഫാക്ടറിയിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ വൻക്രമക്കേടുകൾ കണ്ടെത്തി. പഴയ കുപ്പികൾ ശേഖരിച്ച് സംശയം തോന്നാത്ത വിധം അച്ചാറു നിറച്ച് ലേബലൊട്ടിച്ചായിരുന്നു വിൽപ്പനയ്ക്കായി വെച്ചിരുന്നത്. പരിശോധനയിൽ നിർമ്മാണകേന്ദ്രത്തിന് ലൈസൻസില്ലെന്ന് തെളിഞ്ഞിട്ടുമുണ്ട്. അച്ചാറിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

അതേ സമയം സ്ഥാപനിന്റെ നടത്തിപ്പ് രേഖകളും കടയുടമയ്ക്ക് നൽകാനായില്ല. ഡെങ്കിപ്പനി വ്യാപനത്തിനെതിരേയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാ ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നതിനിടെയാണ് അനധികൃത ഫാക്ടറി കണ്ടെത്തിയത്. ഇവിടെയുണ്ടാക്കിയ അച്ചാറുകൾ കൊച്ചിയിലെ നഗരപ്രദേശങ്ങളിലും മറ്റും വ്യാപകമായി വിതരണം ചെയ്തിരുന്നു. കമ്പനി അടച്ചുപൂട്ടണമെന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.

പത്തും ഇരുപതും ബാരലുകളിായി ചെറിയൊരു മുറിയിലായിലാണ് അച്ചാറുകൾ സൂക്ഷിച്ചിരുന്നത്. എരിവിനും നിറത്തിനുമായി ഉപയോഗിക്കുന്നതായി സംശയിക്കുന്ന കൃത്രിമ രാസപദാർത്ഥങ്ങളും സിന്തറ്റിക് നിറങ്ങളും കണ്ടെടുത്തിട്ടുമുണ്ട്. കൃത്യമായ അളവുകളോ കണക്കുകളോ ഒന്നും സൂക്ഷിക്കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. തിയതിയും പേരുമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ അച്ചാറ് പാക്കറ്റുകളും ടിന്നുകളും ഒരു വശത്ത് കൂട്ടിയിട്ട നിലയിലായിരുന്നു. ആവശ്യാനുസരണം തീയതി മാറ്റി പുതിയ സ്റ്റിക്കറുകൾ ഒട്ടിച്ച് വീണ്ടും വിപണിയിലേക്കെത്തിക്കുകയായിരുന്നു രീതി.

മട്ടാഞ്ചേരി, ആലുവ, പെരുമ്പാവൂർ, കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിലെ കടകളിലേക്കും ഹോട്ടലുകളിലേക്കുമുള്ള ഓർഡറുകളുടെ രേഖകളും പരിശോധനയിൽ ളഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വിശദമായ പരിശോധനയിൽ മാത്രമേ രാസപദാർത്ഥങ്ങളുടെ കൃത്യമായ വിവരം ലഭിക്കൂ. കഴിഞ്ഞയാഴ്ച നരഗസഭ അധികൃതർ പരിശോധനക്കെത്തിയിരുന്നെങ്കിലും കമ്പനി അനുവദിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് ഡിഎംഒക്ക് റിപ്പോർട്ട് നൽകിയിരുന്നു. കളക്ടറുടെ നിർദേശപ്രകാരം പൊലീസിന്റെ സഹായത്തോടെയാണ് ശനിയാഴ്ച പരിശോധന നടന്നത്.