- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മതം പരിഷ്ക്കരണ വിധേയമല്ലെന്ന കടുംപിടുത്തം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമ്പോൾ അത് മത തീവ്രവാദമായി; താലിബാന്റെ കൈയിൽ തോക്കു കിട്ടി, മറ്റുള്ളവർ ആധുനിക ഉടയാടകളിലേക്ക് മാറിയെന്ന് മാത്രം; അതിമനോഹരമായ കൊക്കൂണിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ച ചിത്രശലഭം ആകരുത്!
ഈയിടെ പാലാ മെത്രാൻ വിശ്വാസികൾക്ക് ഒരു കത്ത് അയച്ചു. ഉള്ളടക്കം - ക്രൈസ്തവ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും സൂക്ഷിച്ചിരിക്കണം. കാരണം, പെൺകുട്ടികളുടെ ഫോൺ നമ്പർ കൈക്കലാക്കാൻ ശത്രുക്കൾ ഗൂഡവഴികളിൽ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു! ക്രിസ്തുമതം സ്‌നേഹമാണ്, ഇസ്ലാംമതം സമാധാനമാണ്, ബുദ്ധമതം കാരുണ്യമാണ്, ഹിന്ദുമതം സർവ്വസാഹോദര്യമാണ് എന്നാണ് പൊതുവേ പറയാറ്. എന്നിരിക്കിലും ഈ മതവിശ്വാസികളിൽ പലരും ഇതര മതവിശ്വാസികളെ സംശയിക്കുന്നവരും, ഭയപ്പെടുന്നവരും, അവരെ വെറുക്കുന്നവരും ഈ പറഞ്ഞ മനോഭാവമെല്ലാം മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നരുമാണെന്നതാണ് സത്യം. അതിനുള്ള ഏറ്റവും നികൃഷ്ടവും ആനുകാലികവുമായ ഉദാഹരണം അഫ്ഗാനിസ്ഥാനിലെ താലിബാനാണ്.
ഈ മതങ്ങളെല്ലാം ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. എന്താണിതിന്റെ മൂലകാരണം? 'ഞാൻ ശരി, എന്നാൽ നീ ശരിയല്ലയെന്ന' മനോഭാവമാണ് ഇതിന്റെ അടിസ്ഥാന കാരണം. ഈ മനോഭാവം പല അളവിലാണ് പല മതങ്ങളിലും പ്രവർത്തിക്കുന്നത്: 'എന്റെ മതമാണ് സമ്പൂർണ്ണമായ ശരി, നിന്റേത് തെറ്റ്'; അല്ലെങ്കിൽ, 'എന്റേത് ശരി നിന്റേത് അത്രത്തോളം ശരിയല്ല' എന്നിങ്ങനെ... അതുകൊണ്ടാണ് ഗാന്ധിജിയെ മഹാത്മാവായി കരുതുന്ന ക്രൈസ്തവർ പോലും, അദ്ദേഹം സ്വർഗ്ഗത്തിൽ പോകുമോന്ന് സംശയിക്കുന്നത്!
വ്യവസ്ഥാപിത മതങ്ങളിലാണ് ഈ മനോഭാവം വിശ്വാസപ്രമാണമായി നിലകൊള്ളുന്നത്. അതുകൊണ്ടാണ്, യഹൂദനും വിജാതിയനുമെന്ന വേർതിരിവ് യഹൂദമതത്തിൽ ഉണ്ടായത്, അതുകൊണ്ടാണ് ക്രിസ്ത്യാനിയും 'പേഗനുമെന്ന' തരംതിരിവ് ക്രിസ്തുമതത്തിൽ കടന്നുകൂടിയത്; അതുകൊണ്ടാണ് മുസ്ലിമും കാഫിറുമെന്നുള്ള തരംതിരിവ് ഇസ്ലാമിൽ ഉത്ഭവിച്ചത്.
'എന്റെ മതം ശരി, നിന്റെ മതം ശരിയല്ല' എന്ന മനോഭാവമാണ് എല്ലാ മത മൗലികവാദത്തിന്റെയും (fundamentalisam), മത തീവ്രവാദത്തിന്റെയും (extremism), മത ഭീകരവാദത്തിന്റെയും (terrorism) അടിസ്ഥാനശില. എന്റെ മതത്തിന്റെ വിശ്വാസപ്രമാണങ്ങളാണ് ഏറ്റവും പ്രധാനമെന്നും, അതിന് തെറ്റ് പറ്റില്ലെന്നും, അത് പരിഷ്‌കരണവിധേയമല്ലെന്നുമുള്ള കടുംപിടുത്തമാണ് മത മൗലികവാദം. ഈ മനോഭാവം അല്പംകൂടി തീവ്രമായി മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമ്പോൾ അത് മത തീവ്രവാദമായി. ഒരു പടിയും കൂടെ കടന്ന്, ഇതരമതസ്ഥർക്കെതിരെ ബലപ്രയോഗവും, അക്രമവും, ഹിംസയും ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അത് മത ഭീകരവാദമായി.
ഇവയുടെയെല്ലാം പൊതുലക്ഷണം വ്യത്യസ്തകളോടുള്ള അസഹിഷ്ണുതയാണ്. ഇതര മതസ്ഥരോട് മാത്രമല്ല, ഒരേ മതവിശ്വാസം പുലർത്തുന്നവരോടും ഈ അസഹിഷ്ണുത രൂപപ്പെടുമെന്നതാണ് കൗതുകകരം. (അങ്ങനെയാണ് വിമതർ സൃഷ്ടിക്കപ്പെടുന്നതും, പാഷണ്ഡതകൾ ഉണ്ടായതും, ശീശ്മകൾ രൂപപ്പെട്ടതും). അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇതിന്റെ ഏറ്റവും ഭീഭത്സമായ രൂപമാണ്. നമ്മുടെ സക്കീർ നായിക്കും, ശശികല ടീച്ചറും, വട്ടായിയച്ചനും, നോമ്പിളുമൊക്കെ ഈ ജനുസ്സിൽ പെടുന്ന മീനുകൾ തന്നെ. വ്യത്യാസം ഇത്രമാത്രം - താലിബാന്റെ കൈയിൽ തോക്ക് കിട്ടി; ഇവർക്ക് ഇതുവരെ തോക്ക് കിട്ടിയിട്ടില്ല. താലിബാൻ ഇപ്പോഴും ഗോത്രവർഗ്ഗത്തിന്റെ ഉടുപ്പിനുള്ളിൽ കഴിയുന്നു; ഇവർ സ്യൂട്ടും കോട്ടുമടങ്ങിയ ആധുനിക ഉടയാടകളിലേക്ക് മാറിയെന്ന് മാത്രം. കുപ്പിയുടെ ലേബലിനും ലഹരിയുടെ അംശത്തിനും മാറ്റമുണ്ടെങ്കിലും മദ്യം ഒന്നുതന്നെയെന്ന് സാരം.
ഗോത്രസംസ്‌കാരത്തിന്റെ ഒരു ഉപോല്പന്നമാണ് ഈ 'എക്‌സ്‌ക്ലൂസീവ്' മനോഭാവമെന്ന് പറയാം. തോറായിൽ (പഴയനിയമം) കാണുന്ന യഹൂദരുടെ യാഹ്വെ ഒരു ഗോത്രദൈവമാണ്. അതായത്, 'അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം'. ഒരു കുലത്തിന്റെയോ, ഒരു വംശത്തിന്റെയോ മാത്രമായ ഒരു ദൈവമാണത്. അപ്പോൾ, ആ വംശത്തിൽ പെടാത്തവരൊക്കെ ആ ദൈവത്തിന് അന്യരോ ശത്രുക്കളോ അതുമല്ലെങ്കിൽ മിനിമം രണ്ടാം തരം പൗരന്മാരോ ആയിത്തീരും. അതേപോലെ, ആ ഗോത്രത്തിന്റെ ശത്രുക്കളൊക്കെ ആ ദൈവത്തിന്റെയും ശത്രുക്കളായി മാറും; അവരെയെല്ലാം നശിപ്പിച്ച്, സ്വന്തം പ്രജകളെ മാത്രം ആ ഗോത്രദൈവം സംരക്ഷിക്കും.
മതജീവിതത്തിന്റെ ഈ മാറാവ്യാധിക്ക് മറുമരുന്ന് വിധിച്ചവരായിരുന്നു ബുദ്ധനും ലാവോത്സുവും യേശുവുമൊക്കെ. നസ്രസ്സിലെ യേശു യഹൂദജനതയുടെ 'ഗോത്രദൈവത്തിന്' അപ്പുറത്തേക്ക്' ദൈവസങ്കല്പത്തെ വികസിപ്പിച്ചെടുത്തു. ദൈവത്തെ അദ്ദേഹം 'പിതാവായി' അവതരിപ്പിച്ചു. അതോടുകൂടെ, എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളും, തൽഫലമായി മനുഷ്യർ പരസ്പരം സഹോദരങ്ങളുമായി മാറി. പരിണതഫലമായി, ഇവിടെ ആരും ആർക്കും അന്യരല്ലാതായി, ശത്രുക്കൾ ഇല്ലാതായി. 'എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല' എന്ന ഫ്രാൻസീസ് പാപ്പായുടെ പ്രസ്താവനയിൽ ഒളിഞ്ഞിരിക്കുന്നത് ഈ ദർശനമാണ്. ഇത് തന്നെയാണ് ഛാന്ദോഗ്യ ഉപനിഷദ് ഉപദേശിച്ച തത്ത്വമസിയുടെയും സൂഫികൾ പറഞ്ഞ അനൽ ഹക്കിന്റെയും പാത.
മതസഹിഷ്ണുതയാണ് മതഭീകരതക്കുള്ള പ്രതിവിധിയായി പലപ്പോഴും നിർദ്ദേശിക്കാറുള്ളത്. ഒരുവൻ ഇതര മതസ്ഥരോട് സഹിഷ്ണുതയോടെ ഇടപെടുന്ന അവസ്ഥ. എന്നാൽ, ഇതിനെ ഒരു ഇടക്കാല പരിഹാരം മാത്രമായേ കാണാൻ പറ്റൂ. അങ്ങനെയെങ്കിൽ, എന്തായിരിക്കും ഇതിനുള്ള സമ്പൂർണമായ പരിഹാരം?
ഒരു കഥ പറയാം: ചിത്രശലഭങ്ങളെ പ്രണയിച്ച ഒരു രാജകുമാരനുണ്ടായിരുന്നു. അതിനാൽ തന്നെ കുമാരന് ഏറ്റവും സുന്ദരിയായ ചിത്രശലഭത്തെ സമ്മാനിക്കുക എന്നതായിരുന്നു രാജാവിന്റെ ആഗ്രഹം. ഏറ്റവും മനോഹരിയായ ചിത്രശലഭത്തിന് ജന്മം കൊടുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ രാജാവ് ഉത്തരവിട്ടു. ശലഭശാസ്ത്രത്തിലെ വിദഗ്ദർ ആവിഷ്‌കരിച്ച പദ്ധതികൾ വൈദഗ്ദ്യത്തോടെ കൊട്ടാരം നടത്തിപ്പുകാർ നടപ്പിലാക്കി.
ഏറ്റവും മുന്തിയ ശലഭങ്ങളുടെ മുട്ടകൾ അവർ ശേഖരിച്ചു. വിരിയിച്ചെടുത്തശേഷം വൈകല്യമുള്ളതിനെയും ബലഹീനരെയും ഒഴിവാക്കി. അങ്ങനെ അവസാനം ഏറ്റവും മുന്തിയതിനെ തിരഞ്ഞെടുത്ത ശേഷം അതിനെ ഏറ്റവും സുരക്ഷിതമായ കൊക്കുണിനുള്ളിലാക്കാനായി വിദഗ്ദരുടെ അദ്ധ്വാനം. ശലഭമായിത്തീരേണ്ട ലാർവയുടെ ആവരണത്തിന് കരുത്തും സൗന്ദര്യവും വർധിപ്പിക്കുന്നതിലായിരുന്നു പിന്നീട് അവരുടെ ശ്രദ്ധ.
നാൾക്കുനാൾ കൊക്കൂണിന്റെ ഭംഗിയും ബലവും അവർ വർധിപ്പിച്ചു കൊണ്ടിരുന്നു. അതിനനുസരിച്ച് ശലഭമായി പുറത്തുവരേണ്ട സമാധിക്കാരൻ പുഴുവിന്റെ ചുറ്റുമുള്ള ആവരണങ്ങൾ കൂട്ടിക്കൂട്ടി വന്നു. ഫലമോ, സമയമായിട്ടും പുതുശലഭത്തിന് കൊക്കൂൺ പൊട്ടിച്ചു പുറത്തുവരാനായില്ല! അങ്ങനെ അതിമനോഹരമായ കൊക്കൂണിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ആ പിഞ്ചുശലഭം മരിച്ചു!
ഭാവിയിൽ ചിത്രശലഭമായി രൂപാന്തരപ്പെടേണ്ട ലാർവയെ ചുറ്റിയിരിക്കുന്ന പുറംതോടാണ് എല്ലാ മതങ്ങളും പ്രദാനം ചെയ്യുന്ന അവയുടെ വിശ്വാസസംഹിതയും, ആരാധനാക്രമവും, അനുഷ്ഠാനങ്ങളും, പാരമ്പര്യങ്ങളും, അധികാരശ്രേണിയും നിയമചട്ടങ്ങളുമൊക്കെ. ശലഭക്കുഞ്ഞ് കടന്നു പോവുകയും അതിജീവിക്കുകയും ചെയ്യേണ്ട സംരക്ഷണവലയം തന്നെയാണ് അതിന്റെ ഈ കൊക്കൂൺ ഘട്ടം. ചിത്രശലഭമെന്ന ലക്ഷ്യത്തിലെത്താനുള്ള ഒരു മാർഗ്ഗമാണ് അതിന്റെ ഈ ആവരണം എന്നു സാരം. ലാർവ്വയുടെ പുറംതോടിന് കട്ടി കൂടുന്നതനുസരിച്ച്, പുറംതോട് ഭേദിച്ച് ശലഭമായിത്തീരാനുള്ള അതിന്റെ സാധ്യത കുറഞ്ഞുകുറഞ്ഞു വരും. ലക്ഷ്യം ഉന്നംവച്ച് കൊക്കൂണിന്റെ പുറംതോടിനെ അതിലംഘിക്കാൻ ശ്രമിക്കാതെ, പുറംതോടിൽ പറ്റിപ്പിടിച്ച് അതിൽ അഭിരമിച്ചിരുന്നാൽ ലാർവ ഒരിക്കലും ചിത്രശലഭമായി രൂപാന്തരപ്പെടില്ല; ലാർവ വെറും പുഴുവായി നശിക്കും.
അപരരെ ശത്രുക്കളാക്കുന്ന, ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന ഉപാധിയായിട്ടാണ് മതമൗലികവാദവും മതതീവ്രവാദവും മതഭീകരവാദവും വർത്തിക്കുന്നത്. എന്നാൽ, അപരരെ മാത്രമല്ല ഇവ യഥാർത്ഥത്തിൽ നശിപ്പിക്കുന്നത്. മറിച്ച് ഇവയുടെ ഉപാസകരെയും ഇവ സത്യത്തിൽ നശിപ്പിക്കുകയേ ഉള്ളൂ. അങ്ങനെ സർവ്വനാശത്തിന്റെ ഉപകരണങ്ങളായി മതമൗലികവാദവും മതതീവ്രവാദവും മതഭീകരവാദവും വർത്തിക്കുന്നു.