ലണ്ടൻ: ഒക്‌ടോബർ എട്ട് ഞായറാഴ്ച ഷിക്കാഗോയിലെ തെളിഞ്ഞ പകലിൽ ഉച്ചകഴിഞ്ഞപ്പോൾ ബ്രിട്ടീഷ് മലയാളിയായ ക്രോയ്‌ഡോണിലേ അശോക് കുമാർ മാരത്തോൺ ട്രാക്കിൽ അവസാന ലാപ്പിലെ ഫിനിഷിങ് പോയിന്റിൽ എത്തിയത് ചരിത്രത്തിനു ഒരു സല്യൂട്ട് നൽകിയാണ്. ലോകത്തിലെ ആറു വമ്പൻ മാരത്തോണുകളും കീഴടക്കുന്ന ആദ്യ മലയാളി എന്ന കിരീടമാണ് ഷിക്കാഗോയിൽ അദ്ദേഹത്തെ കാത്തിരുന്നത്.

ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ 916 പേരിലും ഇന്ത്യക്കാരിലെ അഞ്ചു പേരുടെയും ഒപ്പം ഇനി അശോക് കുമാറിന്റെ പേരും എഴുതപ്പെടുകയാണ്. ലോകത്തെ മേജർ മാരത്തോണുകൾ ഏറ്റവും കൂടുതൽ ഓടി തീർത്തവർ എന്ന ഖ്യാതി എത്തിയിട്ടുള്ളത് ബ്രിട്ടീഷുകാർക്ക് ആയതിനാൽ അക്കൂട്ടത്തിലും അശോക് കുമാർ ഇടം പിടിക്കും.

ഞായറാഴ്ച ഭാര്യ ജയശ്രീയുടെയും മക്കളായ താരയുടെയും നിവിന്റെയും സാന്നിധ്യത്തിൽ അശോക് കുമാർ ആറാം മാരത്തൺ മെഡൽ നെഞ്ചിൽ അണിയുമ്പോൾ വിശിഷ്ടമായ മറ്റൊരു മെഡൽ കൂടി അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. ആറും ഓടിത്തീർത്തതിനുള്ള പ്രത്യേക പുരസ്‌ക്കാരം. ഒട്ടേറെ കടമ്പകൾ കടന്നുള്ള പരിശോധനകൾ പൂർത്തിയാക്കിയാണ് ഈ പുരസ്‌കാരം കൈമാറുന്നത്. മുൻപ് ഓടിയ മരത്തണുകളുടെ സമയ പട്ടികയും പങ്കെടുത്തതിനുള്ള രേഖകളും അടക്കം മാരത്തോൺ കമ്മറ്റിയുടെ സൂക്ഷമ പരിശോധനകൾ കഴിഞ്ഞാണ് അശോകിനെ തേടി പ്രത്യേക പുരസ്‌കാരവും എത്തിയത്.

നാല് വർഷം മുൻപ് ജനുവരിയിൽ അശോക് കുമാർ ലണ്ടൻ മാരത്തോൺ ഓടാൻ തയ്യാറെടുക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചു മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നൽകിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞാണ് അദ്ദേഹം ഷിക്കാഗോയിലേക്കു കുടുംബ സമേതം വിമാനം കയറിയത്. ആറാം മാരത്തോൺ വിശേഷങ്ങൾ ഓടുന്നതിനു മുൻപ് കൊടുക്കരുതെന്ന് അദ്ദേഹം പ്രത്യേകം നിഷ്‌ക്കർഷിക്കുകയും ചെയ്തിരുന്നു.

ഓട്ടം പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാൻ ഏതു നിമിഷവും സാധ്യത ഉള്ളതിനാൽ ആണ് ഇത്തവണ ഓട്ടത്തിന് മുൻപ് വാർത്ത നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും. ഷിക്കാഗോ മാരത്തോൺ പൂർത്തിയായപ്പോൾ സന്തോഷത്തോടെ ആദ്യം എത്തിയ കോളുകളിൽ ഒന്നും ബ്രിട്ടീഷ് മലയാളിയിൽ നിന്ന് ആയിരുന്നു. ബ്രിട്ടനിലെ മലയാളികൾക്കിടയിൽ തനിക്കു ലഭിക്കുന്ന സ്‌നേഹവും ആദരവും തന്നെയാണ് ആറു മാരത്തോൺ പൂർത്തിയാക്കാൻ ഉള്ള ഊർജ്ജം സമ്മാനിച്ചതെന്നും അദ്ദേഹം പറയുന്നു.

മാരത്തോൺ ഓടിയത് വഴി ഓരോ തവണയും ജീവകാരുണ്യത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനും ഓരോ തവണയും അശോക് കുമാറിന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ചാരിറ്റി പ്രസ്ഥാനങ്ങൾക്ക് വേണ്ടി ഇതുവരെ അദ്ദേഹം ഒറ്റയ്ക്ക് 15000 പൗണ്ടാണ് ശേഖരിച്ചത്. ഗെറ്റ് കിഡ്‌സ് ഗോയിങ് (അംഗ വൈകല്യമുള്ള കുട്ടികളുടെ ചാരിറ്റി), ബ്രിട്ടീഷ് ഡയബറ്റിക് അസോസിയേഷൻ, ഗ്രേറ്റ് ഓർമൻഡ് സ്ട്രീറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ , ആക്ഷൻ എഗൈൻസ്റ്റ് ഹൻഗർ എന്നിവയ്‌ക്കൊക്കെ വേണ്ടിയാണ് അശോക് കുമാർ തന്റെ മാരത്തോൺ ഓട്ടം പൂർത്തിയാക്കിയിട്ടുള്ളത്.

താൻ ഓട്ടത്തിലൂടെ ശാരീരിക മാനസിക ആരോഗ്യം നേടിയതിനൊപ്പം സമൂഹത്തിൽ ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി എത്തിക്കുക എന്നതാണ് ലക്ഷ്യമിട്ടതു എന്നും അദ്ദേഹം ഷിക്കാഗോ മരത്തോണിന് ശേഷം വിശേഷം പങ്കു വയ്ക്കവേ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. അൻപതു പിന്നിട്ട ശേഷമാണു തന്റെ മാരത്തോൺ വിജയഗാഥകൾ എന്നതും പ്രത്യേകത ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സാധാരണ ആളുകൾ വ്യായാമത്തിനായി ഓടുമ്പോൾ താൻ ഒരർത്ഥത്തിൽ വിശ്രമം കണ്ടെത്തുന്നത് ഓട്ടത്തിനിടയിൽ ആണെന്നു അശോക് കുമാർ പറയുന്നു. അത്രയ്ക്കും ആയാസ രഹിതമായാണ് അശോക് കുമാർ ഇപ്പോൾ ഓടുന്നത്. വെറും നാല് കൊല്ലം കൊണ്ടുണ്ടായ മാറ്റം.

ഓട്ടം പതിവാക്കിയതോടെ ശരീരത്തിനും മനസ്സിനും പ്രത്യേക ഉന്മേഷം ഉണ്ടെന്നും അശോക് കുമാർ പറയുന്നു. തന്റെ പ്രായക്കാരെ അലട്ടുന്ന ആധിവ്യാധികൾ ഒന്നും ഇതുവരെ തന്റെ ശരീരത്തെ സ്പർശിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നത് ഓട്ടം വഴി സ്വന്തമാക്കിയ നേട്ടം തന്നെ. തന്റെ ആറു മാരത്തൺ ഓട്ടങ്ങളും അശോക് കുമാർ പൂർത്തിയാക്കിയത് ഏകദേശം ഒരേ സമയ ദൈർഘ്യത്തിലാണ്. കയറ്റം കൂടുതലുള്ള ന്യൂയോർക്ക് മാരത്തോൺ മാത്രമാണ് അഞ്ചു മണിക്കൂറിലേറെ എടുത്തു പൂർത്തിയാക്കേണ്ടി വന്നത്. ബാക്കിയെല്ലാം നാലേകാൽ മുതൽ നാലേമുക്കാൽ മണിക്കൂറോളം വരുന്ന സമയ പട്ടികയിലാണ് അദ്ദേഹം ഓടിയെത്തിയത്.

ഞായറാഴ്ച ഷിക്കാഗോയിൽ 4.47 മണിക്കൂർ സമയം കൊണ്ടാണ് അദ്ദേഹം മാരത്തോൺ ഓടിയെത്തിയത്. ലണ്ടൻ മരത്തോണും ന്യുയോർക്ക് മരത്തോണും 2015 ലിൽ ഓടിയ അദ്ദേഹം ബോസ്റ്റൺ, ബെർലിൻ മരത്തൊനുകൾ 2016 ലും ടോക്യോയോ ഷിക്കാഗോ എന്നിവ ഈ വർഷവും പൂർത്തിയാക്കിയതോടെ അതും റെക്കോർഡിൽ പ്രത്യേകമായി ഇടം പിടിക്കും. ഇത്രയും ചെറിയ സമയ പട്ടികയിൽ ലോക മേജർ മാരത്തോണുകൾ ആറും പൂർത്തിയാക്കിയവരും വിരളമാണ്. ഗ്രേറ്റ്‌നോർത്ത് റൺ, സിൽവർ സ്റ്റാർ എന്നീ രണ്ടു ഹാഫ് മാരത്തോണുകളും അദ്ദേഹത്തിന്റെ നേട്ടപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ക്രോയിഡോണിൽ പൊതു സാംസ്കാരിക ഇടങ്ങളിൽ പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ച അശോക് കുമാർ ഒട്ടേറെ ചാരിറ്റി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്. ക്രോയ്‌ഡോൺ മേയർ, ക്രോയ്‌ഡോൺ എം പി എന്നിവർ ഒക്കെ നേതൃത്വം നൽകുന്ന ചാരിറ്റി ഇവന്റുകളിലും സംഘാടകനായ ഇദ്ദേഹം എച്ച് എം റെവന്യുവിൽ ടാക്‌സ് ഇൻസ്‌പെക്ടർ ആയാണ് ജോലി ചെയ്യന്നത്. നിയമ പഠനം പൂർത്തിയാക്കിയ മകൾ താര ബിസിനസ് മാനേജ്‌മെന്റും പൂർത്തിയാക്കി എക്‌സ്‌പ്ലോർ ലേണിങ്ങിൽ സെന്റർ ഡയറക്ടർ ആയി സേവനം ചെയ്യുകയാണ്.

ക്രോയ്‌ഡോൺ കെസിഡബ്ലിയുഎയുടെ നേടുംതൂൺ ആയി ഏറെ വർഷങ്ങൾ പ്രവർത്തിച്ച അശോക് കുമാർ ലണ്ടൻ നഗരത്തിലെ മലയാളി സാന്നിധ്യങ്ങളിൽ ഒന്നാം പേരുകാരിൽ ഇടം പിടിക്കുന്നത് തന്റെ ബഹുമുഖ പ്രതിഭ കൊണ്ട് തന്നെയാണ്. പതിറ്റാണ്ടുകൾ കെസിഡബ്ലിയുഎ നൃത്ത സ്‌കൂളിന്റെ അമരക്കാരൻ ആയിരുന്ന അദ്ദേഹം മാരത്തോൺ ചിന്ത തലയിൽ എത്തിയതോടെ പൊതു രംഗത്തെ സാന്നിധ്യം അൽപ്പം കുറിച്ചിരിക്കുകയാണ്, അത് പക്ഷെ ലോകം മുഴുവൻ മലയാളി സമൂഹത്തിനു നെഞ്ചേറ്റി ലാളിക്കുവാൻ ഉള്ള നേട്ടത്തിന് വേണ്ടി ആയിരുന്നു എന്നത് ഓരോ ക്രോയ്‌ഡോൺ മലയാളിക്കും ഉൾപ്പുളകത്തോടെ മാത്രം ഓർമ്മിക്കുവാൻ കഴിയുന്ന കാര്യമാണ്.

കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ നിന്നാണ് അദേഹം യുകെയിൽ എത്തുന്നത്. കഴിഞ്ഞ 37 വർഷമായി യുകെ ജീവിതത്തിന്റെ താള സ്പന്ദനങ്ങൾ ആസ്വദിക്കുന്ന അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ അധികം ദൂരമില്ല. ഈ പ്രായത്തിൽ ഇത്രയും വലിയ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കിട്ടിയത് കായിക രംഗത്ത് സജീവമായിരുന്ന തന്റെ യൗവന കാലമാണെന്ന് അദേഹം ചൂണ്ടികാട്ടും. ഇപ്പോഴും നിരന്തര കായിക പരിശീലനം അദ്ധേഹത്തിന്റെ കൂടെയുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ജിം പരിശീലനം നടത്തുന്ന അശോക് കുമാർ എല്ലാ ദിവസവും ഓട്ടത്തിനും മാറ്റി വയ്ക്കുന്നു. കൂട്ടത്തിൽ വർഷങ്ങളായുള്ള യോഗ പരിശീലനവും ഗുണം ചെയ്യുന്നുണ്ടെന്ന് അദേഹം പറയുന്നു.

യുകെ മലയാളികളിൽ നല്ലൊരു പങ്കും മധ്യ വയസ് പിന്നിടുന്നവർ ആയതിനാൽ ശരീരത്തിന് കൃത്യമായ വ്യായാമം വേണം എന്നതിന്റെ സന്ദേശം കൂടിയാണ് തന്റെ ഓട്ടം എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതിനാൽ പരമാവധി ആളുകളിൽ തന്റെ സന്ദേശം എത്തണം എന്നും അശോക് കുമാർ ആഗ്രഹിക്കുന്നു. ഹോം ഓഫീസ് ജീവനക്കാരി ജയശ്രീ ആണ് പത്‌നി.