തൃശ്ശൂർ: പരിസ്ഥിതി ലോകത്തെ പുതിയ അതിഥികളായി അച്യുതാനന്ദിനിയും ശൈലജേയും. കാശിത്തുമ്പ വിഭാഗത്തിൽ പുതുതായി കണ്ടെത്തിയ ഇനങ്ങൾക്കാണ് നേതാക്കൾക്കുള്ള ആദരസൂചകമായി അവരുടെ പേരുകൾ നൽകിയത്.തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ നിന്നുമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്.

മുതിർന്ന നേതാവ് എന്ന നിലയിൽ ഒരു ഇനത്തിന് അച്യുതാനന്ദന്റെ പേര് നൽകിയപ്പോൾ പരിസ്ഥിതി പ്രവർത്തനങ്ങൾക്കും നിപ്പ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആദരമായാണ് കെ.കെ. ശൈലജയുടെ പേര് നൽകിയത്. ഇൻപേഷ്യൻസ് അച്യുതാനന്ദനി, ഇൻപേഷ്യൻസ് ശൈലജേ എന്നിങ്ങനെയാണ് രണ്ട് കാശിത്തുമ്പയിനങ്ങൾക്ക് നൽകിയ പേരുകൾ.തിരുവനന്തപുരം ജവാഹർലാൽ ട്രോപിക്കൽ ബോട്ടണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.മാത്യു ഡാനിന്റെ പേരാണ് മൂന്നാമത്തെ കാശിത്തുമ്പയ്ക്ക് നൽകിയത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന ഗവേഷണ വിദ്യാർത്ഥിനി എസ്. ആര്യയാണ് കണ്ടെത്തലിനു പിന്നിൽ. തിരുവനന്തപുരം പൂജപുര സ്വദേശിയാണ് ആര്യ.സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി എസ് അനിൽ കുമാറിൻന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ജവഹർലാൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷണവിദ്യാർത്ഥി എം.ജി. ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അസി. പ്രൊഫസർ ഡോ.വി. സുരേഷ്, റീജണൽ കാൻസർ സെന്ററ്റർ ഗവേഷണ വിദ്യാർത്ഥിയും നാഗാലാന്റ് സി.സി.ആർ.എ.എസിലെ അസിസ്റ്റന്റ് റിസർച്ച് ഓഫിസറുമായ കെ. വിഷ്ണു വത്സൻ തുടങ്ങിയവരും പഠനത്തിന്റെ ഭാഗമായി.