ക്കഴിഞ്ഞ ജൂൺ 21ന് ഈസ്റ്റ് ലണ്ടനിലെ ബെക്ക്ടണിലൂടെ കാറിൽ സഞ്ചരിക്കവെ സിഗ്‌നൽ കാത്ത് കിടക്കുമ്പോൾ ആസിഡ് ആക്രമണത്തിന് വിധേയയായ സുന്ദരി രേഷ്മ ഖാന് (21)ആ പഴയ മുഖം തിരിച്ച് കിട്ടുമോ എന്ന ആശങ്ക ശക്തമായി.മാഞ്ചസ്റ്റർ മെറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ രേഷ്മയും കസിനായ ജമീൽ മുഖ്താറിനും (37) നേരെയായിരുന്നു ആസിഡാക്രമണം നടന്നത്.ഏഷ്യൻ വംശജരായ യുവതിക്കും യുവാവിനും നേരെയുണ്ടായ ആക്രമണത്തിൽ ഇവിടുത്തെ കുടിയേറ്റക്കാരുടെ ആശങ്ക രൂക്ഷമായിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ വംശീയ വെറിയന്മാരുടെ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ കടുത്ത മുന്നറിയിപ്പുമുയർന്നിട്ടുണ്ട്.

കാറിന്റെ വിൻഡോയിലൂടെ തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ആസിഡ് ആക്രമണത്തിൽ നിന്നും രേഷ്മ ഇനിയും മോചിതയായിട്ടില്ല. എന്നാൽ ദുരന്തത്തോട് തികച്ചും ധീരമായിട്ടാണീ സുന്ദരി പ്രതികരിക്കുന്നത്. തന്റെ പഴയ മുഖം തിരിച്ച് കിട്ടാൻ ക്ഷമയോടെ കാത്തിരിക്കുന്നുവെന്നാണ് ഇന്നലെ ഇവർ പ്രതികരിച്ചിരിക്കുന്നത്. താൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന കടുത്ത വേദന അവർ ഒരു തുറന്ന കത്തിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. തനിക്കുണ്ടായ ഈ ദുരനുഭവം ഇനി മറ്റാർക്കുമുണ്ടാകരുതെന്നും അതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നുമാണ് രേഷ്മ ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്നത്.

ഇതിന് വേണ്ടി നിലവിലുള്ള നിയമത്തിൽ തന്നെ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്നും രേഷ്മ ആവശ്യപ്പെടുന്നു. ആസിഡ് പോലുള്ള അപകടകരമായ വസ്തുക്കൾ എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ കാംപയിൻ ആരംഭിച്ചിട്ടുണ്ട്. ഈ ആവശ്യം മുന്നോട്ട് വച്ചുള്ള കാംപയിന് 360,000 പേരുടെ ഒപ്പും ഓൺലൈനിൽ ലഭിച്ചിരിക്കുന്നു. താൻ 21ാം പിറന്നാൾ ആഘോഷിക്കാനിരിക്കവെയാണീ അപ്രതീക്ഷിത ദുരന്തം തനിക്കുണ്ടായിരിക്കുന്നതെന്ന് ഈ കത്തിലൂടെ രേഷ്മ പരിതപിക്കുന്നു.

തന്നെ സംബന്ധിച്ചിടത്തോളം നിരവധി കാരണങ്ങളാൽ സുപ്രധാനമായ കാലമായിരുന്നു അതെന്നും എന്നാൽ ഈ ആക്രമണത്തിലൂടെ അവയെല്ലാം ഒരു നിമിഷം കൊണ്ട് തകിടം മറിഞ്ഞിരിക്കുന്നുവെന്നും രേഷ്മ വിവരിക്കുന്നു. ഇതിലൂടെ ആഘോഷത്തിനുള്ള അവസരങ്ങളെല്ലാം തന്നിൽ നിന്നും കവർന്നെടുക്കപ്പെട്ടിരിക്കുന്നുവെന്നും അവർ വിലപിക്കുന്നു. ഈ ദുരവസ്ഥയിൽ നിന്നും പൂർണമായുള്ള കരകയറൽ , ഇനി ആർക്ക് നേരെയും ഇത്തരം ഒരു ആക്രമണമുണ്ടാവുന്നത് പ്രതിരോധിക്കൽ എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ഇപ്പോൾ തനിക്ക് മുന്നിലുള്ളതെന്നും രേഷ്മ വെളിപ്പെടുത്തുന്നു.

ലണ്ടനിൽ ആസിഡാക്രമണങ്ങൾ വർധിച്ച് വരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്നും 201415ൽ ഇത്തരത്തിലുള്ള 186 ആക്രമണങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ 201617ൽ അത് 397 ആയി ഉയർന്നിരിക്കുന്നുവെന്നും രേഷ്മ എടുത്ത് കാട്ടുന്നു. കത്തികൾ,തോക്കുകൾ എന്നിവയ്ക്ക് പകരം ഇന്ന് സ്ട്രീറ്റ് ഗാംഗുകൾ ആസിഡാണുപയോഗിക്കുന്നതെന്നും അത് ആളുകളുടെ ജീവിതം തന്നെ തകിടം മറിക്കുന്നുവെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ രേഷ്മ മുന്നറിയിപ്പേകുന്നു. ഇത്തരം ആക്രമങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷയേകണമെന്നും ഈ ഇര നിർദേശിക്കുന്നുണ്ട്. ലൈസൻസുള്ളവർക്ക് മാത്രം ആസിഡുകൾ പോലുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന നിർദേശവും രേഷ്മയ്ക്കുണ്ട്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് പുതിയ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങവെയാണ് രേഷ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്. റെഡ് ലൈറ്റിൽ വിൻഡോ താഴ്‌ത്തി കാത്ത് കിടക്കവെ ഓടിയെത്തിയ ഒരു യുവാവ് ഇവർക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തൽഫലമായി രേഷ്മയുടെ മുഖം വികൃതമാവുകയും ബന്ധുവായ ജമീൽ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ആക്രമി ആസിഡുമായി കുതിച്ച് വരുന്നത് കണ്ടപ്പോൾ അവർ കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വേദന സഹിക്കാനാവാതെ ഇരുവരും തുണി പോലും പറിച്ചെറിഞ്ഞ് എ 13ൽ മരണവെപ്രാളത്തോടെ ഓടി നടന്ന് പലരോടും വെള്ളം ചോദിച്ചിരുന്നു. അവസാനം ദയാലുവായ ഒരു യാത്രക്കാരൻ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.