മീപ ദിവസങ്ങളിലായി ലണ്ടനിൽ ആസിഡ് ആക്രമണം പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.വെള്ളിയാഴ്ചയും രണ്ട് പേർ മോപ്പെഡിൽ എത്തി യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചത്തെ ആസിഡ് ആക്രമണത്തിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത് 16കാരനാണ്. ഇന്നലെ ഈസ്റ്റ് ലണ്ടനിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രി അഞ്ച് പേർ വിവിധ ഇടങ്ങളിലായി ആസിഡാക്രമണത്തിന് വിധേയമായി 24 മണിക്കൂർ തികയുന്നതിന് മുമ്പെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഡേഗൻഹാമിലെ ബല്ലാർഡ്‌സ് റോഡിൽ കവർച്ചാ ശ്രമമുണ്ടായെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഇവിടേക്ക് പൊലീസിനെ വിളിച്ച് വരുത്തിയതെന്നാണ് സ്‌കോട്ട്‌ലൻഡ് യാർഡ് വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് വിധേയമായിരിക്കുന്നത് ഏതാണ്ട് 20 വയസുള്ള യുവാവാണ്. രണ്ട് പുരുഷന്മാർ ഒരു മോപ്പെഡിൽ ഇയാൾക്കടുത്തെത്തി പൊടുന്നനെ ആസിഡൊഴിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ മോപ്പെഡ് അവർ മോഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചിട്ടില്ല. ആക്രമണത്തിന് ഇരയായ ആളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് അധികം വൈകാതെ ഇയാളെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

പ്രസ്തുത സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മോപ്പെഡിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർ അഞ്ഞ് പേർക്ക് നേരെ വ്യാഴാഴ്ച രാത്രി ആസിഡാക്രമണം നടത്തിയതിന്റെ ഞെട്ടലിൽ നിന്നും ലണ്ടൻ മുക്തമാകുന്നതിന് മുമ്പെയാണ് വീണ്ടും ഒരു ആക്രമണം കൂടി ഉണ്ടായിരിക്കുന്നത്. ലണ്ടന്റെ വടക്കും കിഴക്കും ഭാഗങ്ങളിലായിരുന്നു വ്യാഴാഴ്ച അഞ്ച് ആക്രമണങ്ങൾ അരങ്ങേറിയത്. ഇതിൽ രണ്ട് ആക്രമണങ്ങൾക്ക് ശേഷം ഇരകളുടെ മോപ്പെഡുകൾ മോഷ്ടിക്കപ്പെട്ടിരുന്നു. മറ്റൊരാൾക്ക് ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിനിരകളായിരിക്കുന്നവരെല്ലാം ഫാസ്റ്റ് ഫുഡ് ഡെലിവറി ഡ്രൈവർമാരാണെന്നതാണ് പ്രത്യേകത.

ഇതിൽ 32 കാരനായ യൂബെർഈറ്റ്‌സ് ഡ്രൈവർ ജാബെദ് ഹുസൈന്റെ ചുണ്ടിന് കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. ഹാക്ക്‌നെ റോഡിലെ ട്രാഫിക്ക് ലൈറ്റിനടുത്ത് വച്ചായിരുന്നു ഇയാളുടെ നേർക്ക് ആക്രമികൾ ആസിഡ് സ്‌പ്രേ ചെയ്ത് മോട്ടോർ ബൈക്ക് തട്ടിയെടുത്തത്. വ്യാഴാഴ്ച സ്‌റ്റോക്ക് ന്യൂവിൻഗ്ടൺ, ഹാക്ക്‌നെ, ഇസ്ലിങ്ൺ എന്നിവിടങ്ങളിൽ ആസിഡാക്രമണം നടത്തി കവർച്ച നടത്തിയെന്ന് സംശയിക്കുന്ന രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച 90 മിനുറ്റുകൾക്കിടെ അഞ്ച് പേർക്ക് നേരെ ആസിഡാക്രമണം നടത്തിയെന്ന് സംശയിക്കുന്നവരിൽ പെട്ട ഒരു 16കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആസിഡ് ഒഴിച്ചതിന് അഞ്ച് കൗണ്ടുകൾ ഇയാൾക്ക് മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. കവർച്ചയ്ക്കുള്ള മൂന്ന് കൗണ്ടുകളും ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. നാല് കൗണ്ട് കവർച്ചാ ശ്രമത്തിനും ചുമത്തിയിരിക്കുന്നു. ഇതിന് പുറമെ കവർച്ചാ വസ്തു കൈവശം കൈകാര്യം ചെയ്തിനുള്ള കുറ്റവും ചാർജ് ചെയ്തിട്ടുണ്ട്. നാളെ സ്ട്രാഫോർഡ് യൂത്ത് കോടതിയിൽ ഹാജരാക്കുന്നത് വരെ ഈ 16കാരനെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. അഞ്ച് പേർക്കെതിരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ഇതിൽ ഒരു സംഭവത്തിൽ ആസിഡ് പൊള്ളലേറ്റ് ഒരു ഇര ഉച്ചത്തിൽ കരഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഹാക്ക്‌നെയിലെ റോഡിൽ വച്ച് നടന്ന ആക്രമണത്തെ തുടർന്ന് പൊലീസ് മറ്റൊരു ഇരയുടെ മുഖത്ത് ലിറ്റർ കണക്കിന് ജലം ഒഴിച്ച് പൊള്ളൽ ശമിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

സമീപകാലത്ത് ആസിഡുകൾ ആയുധങ്ങൾക്ക് പകരം ക്രിമിനലുകൾ ആക്രമണത്തിനായി വൻതോതിൽ ഉപയോഗിച്ച് വരുന്ന പ്രവണത യുകെയിൽ പെരുകുന്നുണ്ട്. ഇവ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമല്ല. അതിന് പുറമെ ഇവ ഏത് ഹാർഡ് വെയർ സ്റ്റോറിൽ നിന്നും അനായാസം വാങ്ങാനും സാധിക്കും. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആസിഡുകൾ പോലുള്ള സാധനങ്ങൾ വാങ്ങുന്നതും കൈവശം വയ്ക്കുന്നതും കടുത്ത നിയമങ്ങൾ മൂലം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രധാനമന്ത്രി തെരേസയും ഹോം ഓഫീസും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുമുണ്ട്. 2012 മുതൽ ഇംഗ്ലണ്ടിൽ ആസിഡ് ആക്രമണങ്ങൾ ഇരട്ടിയായിരിക്കുന്നു.

അതായത് അഞ്ച് വർഷങ്ങൾക്ക് മുമ്പ് 183 പേരാണ് ആക്രമണങ്ങൾക്കിരകളായിരുന്നതെങ്കിൽ 2017 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ ഇത്തരം ആക്രമണത്തിനിരകളായിരിക്കുന്നത് 504 പേരാണ്. ഈസ്റ്റ് ലണ്ടനിലുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. 2010 മുതൽ കൊലപാതകം, കവർച്ച, ബലാത്സംഗം എന്നിവയ്ക്ക് ആസിഡുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടന്നുവെന്ന 1800ൽ അധികം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരം സംഭവങ്ങൾക്ക് സാക്ഷിയാകുന്നവർക്കും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനുള്ളവർക്ക് പൊലീസുമായി 101ൽ ബന്ധപ്പെടാം. അല്ലെങ്കിൽ Twitter @MetCC എന്ന അക്കൗണ്ടിലും ബന്ധപ്പെടാം. വിവരങ്ങൾ രഹസ്യമായി വെളിപ്പെടുത്താൻ ക്രൈ സ്റ്റോപ്പേർസ് നമ്പറായ 0800 555 111 ൽ വിളിക്കുകയോ crimestoppersuk.orgസന്ദർശിക്കുകയോ ചെയ്യാമെന്നും പൊലീസ് നിർദേശമുണ്ട്.