ലണ്ടൻ: സമീപകാലത്തായി ലണ്ടനിൽ ആസിഡ് ആക്രമണങ്ങൾ വർധിച്ച് വരുകയാണ്. ഏറ്റവും പുതിയ സംഭവം ഇന്നലെ രാത്രി ഏഴ് മണിക്ക് ഈസ്റ്റ് ലണ്ടനിലെ ബെത്‌നൽ ഗ്രീനിലെ റോമൻ റോഡിലാണുണ്ടായിരിക്കുന്നത്. ഇത്തവണ രണ്ട് ചെറുപ്പക്കാർക്കാണ് ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റിരിക്കുന്നത്. ഇതിനാൽ ലണ്ടനിലൂടെയുള്ള ഓരോ യാത്രയും കരുതലോടെ നടത്താനാണ് അധികൃതർ കടുത്ത നിർദ്ദേശം നൽകുന്നത്. ഇന്നലെ ആസിഡ് ആക്രമണത്തിന് വിധേയരായ രണ്ട് ചെറുപ്പക്കാർ പൊള്ളലേറ്റ് പുളഞ്ഞ് സഹായം അഭ്യർത്ഥിച്ച് തന്റെ ഷോപ്പിലേക്ക് വന്നുവെന്നാണ് ഒരു ഷോപ്പ് കീപ്പർ വെളിപ്പെടുത്തുന്നത്.

ജൂലൈ 13ന് നോർത്ത് ലണ്ടനിലും ഈസ്റ്റ് ലണ്ടനിലും അഞ്ച് പേർക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതിന് ശേഷമാണ് ഇന്നലത്തെ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇന്നലെ ആക്രമണത്തിന് വിധേയരായിരിക്കുന്നത് രണ്ട് ബംഗാളി ചെറുപ്പക്കാരാണെന്നാണ് ഷോപ്പ് കീപ്പർ പറയുന്നത്. ആസിഡ് വീണ് ഇവരുടെ തൊലി ഉരിഞ്ഞിരുന്നുവെന്നും താൻ അവർക്ക് വെള്ളം നൽകിയെന്നും ഇയാൾ പറയുന്നു. ചെറുപ്പക്കാർ വെള്ളമുപയോഗിച്ച് മുഖം കഴുകിയിരുന്നു. തുടർന്ന് ഷോപ്പ് കീപ്പർ തന്നെയാണ് ആംബുലൻസ് വിളിച്ച് വരുത്തിയത്. എന്നാൽ ഫയർ ബ്രിഗേഡും പൊലീസും വേഗത്തിൽ എത്തിയിരുന്നുവെങ്കിലും ആംബുലൻസ് എത്താൻ അൽപം താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

താൻ ആംബുലൻസ് വിളിച്ചപ്പോൾ മറുതലയ്ക്കൽ നിന്നും നിരവധി ചോദ്യങ്ങളാണുണ്ടായതെന്നും ചെറുപ്പക്കാർക്ക് വെള്ളമെടുത്തുകൊടുക്കാനും അവയ്ക്ക് മറുപടി പറയാനും താൻ ബുദ്ധിമുട്ടിയെന്നും ഷോപ്പ് കീപ്പർ ക്രോധത്തോടെ പറയുന്നു. കാറിൽ സഞ്ചരിച്ചിരുന്ന ചെറുപ്പക്കാർക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതിന് ശേഷം അവർ സഹായമഭ്യർത്ഥിച്ച് വരുകയായിരുന്നുവെന്നും അവരുടെ കാർ വെളിയിൽ കിടന്നിരുന്നുവെന്നും കടക്കാരൻ പറയുന്നു. ചെറുപ്പക്കാരുടെ മുഖത്തിനും കാലുകൾക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്. പൊള്ളലേറ്റവരെ ജനത്തിൽ നിന്നും മറച്ച് വയ്ക്കുന്നതിനായി ഒരു നീല ടാർപോളിൻ പൊലീസ് സ്ഥാപിച്ചിരുന്നു.

നാല് ഫയർ എൻജിനുകളും പൊലീസും പാരാമെഡിക്‌സും സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച ഫൂട്ടേജിൽ ഷർട്ടിടാത്ത ചെറുപ്പക്കാരൻ തന്റെ ദേഹത്ത് വെള്ളമൊഴിക്കുന്നത് കാണാം. ഇയാളെ വലയം ചെയ്ത് അഞ്ച് പാരാമെഡിക്‌സും പൊലീസും നിൽക്കുന്നതും കാണാം. മറ്റൊരാൾ പേവ് മെന്റിൽ ഇരിക്കുന്നതും അയാളുടെ ബ്ലഡപ്രഷർ പാരാമെഡിക്‌സ് പരിശോധിക്കുന്നതും കാണാം. അന്വേഷണം നടക്കുന്നുണ്ടെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. സമീപകാലത്തായി ആസിഡ് ആക്രമണങ്ങൾ വർധിച്ച് വരുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 455 ആസിഡ് ആക്രമണങ്ങളാണ് സ്‌കോട്ട്‌ലൻഡ് യാർഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് 74 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നു. ഇതിൽ 20 ശതമാനം പ്രതികളെ മാത്രമേ പിടിക്കാനായിട്ടുള്ളൂ. ഈ വർഷം ജനുവരിക്കും ഏപ്രിലിനും ഇടയിൽ 114 ആസിഡ് ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്.