മലപ്പുറം: ആസിഡ് ആക്രമണത്തിനിരയായ മലപ്പുറം ഉമ്മത്തൂർ സ്വദേശി ബഷീർ (52) മരിച്ചതിന്റെ ഏഴാംദിവസം ഭാര്യ സുബൈദ(48)യെ കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യം മൂലം. ആസിഡ് ഒഴിച്ചത് ആരെന്ന ചോദ്യത്തിന് സുബൈദ ഓരോ ഘട്ടത്തിലും പല പേരുകൾ പറഞ്ഞു. താമരശ്ശേരിയിലുള്ള മൂന്ന് പേരും മലപ്പുറത്തെ ഒരു പഴ വ്യാപാരിയും വരെ കടന്നുവന്നു. ഇവരെയെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് മുമ്പിൽ വച്ച് സുബൈദയെ ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തുവന്നു. നീണ്ട ചോദ്യംചെയ്യലിൽ രക്ഷപ്പെടില്ലെന്ന് ഉറപ്പായപ്പോൾ സുബൈദ സത്യം പിറഞ്ഞു. ബഷീറുമായുള്ള അസ്വാരസ്യങ്ങൾ സമാധാനപരമായി തീർക്കാൻ സുബൈദ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതിന്റെ പ്രതികാരമായിരുന്നു കൊല.

സംഭവത്തിന്റെ തലേദിവസം മഞ്ചേരിയിലെ കടയിൽ സുബൈദ നേരിട്ടെത്തിയാണ് ആസിഡ് വാങ്ങിയത്. മുഖത്തും ശരീരത്തിന്റെ മുൻഭാഗത്തും ഒഴിക്കാൻ കഴിയുന്ന പാത്രം വീട്ടിൽ തയാറാക്കി വച്ചു. ഒടുവിൽ, രാത്രി 11ന് കൃത്യം നടപ്പാക്കി. ബഷീറും സുബൈദയും മാത്രമുണ്ടായിരുന്ന വീട്ടിൽനിന്ന് ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ പുലർച്ചെ രണ്ടുവരെ കാത്തിരുന്നതെന്തിനെന്ന ചോദ്യത്തിന് സുബൈദയ്ക്ക് ഉത്തരമുണ്ടായില്ല. ഇതും സുബൈദയെ കുടുക്കി. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത് കണ്ടുപിടിച്ചതും നിർണ്ണായകമായി.

ബഷീറിനെ മലപ്പുറം വാറങ്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുവരുമ്പോഴാണ് സുബൈദ, ഒഴിഞ്ഞ ആസിഡ് കന്നാസ് ആശുപത്രിക്കു മുൻപിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞത്. കന്നാസ് ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യവും ലഭിച്ചു. മഞ്ചേരിയിലെ വ്യാപാരി ആസിഡ് വാങ്ങിയ 'സ്ത്രീയെ' തിരിച്ചറിഞ്ഞു. ലൈറ്റ് ആൻഡ് സൗണ്ട്‌സ് സ്ഥാപനത്തിന്റെ ഉടമയായതിനാൽ രാഷ്ട്രീയക്കാരുമായി അടുത്ത പരിചയമുണ്ടായിരുന്നു ബഷീറിന്. അവരെല്ലാം ഉടൻ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും ചെയ്തു. അതുകൊണ്ട് അന്വേഷണം വേഗത്തിലാക്കി. ഇതെല്ലാം സുബൈദയെ കുടുക്കി.

20ന് രാത്രി ഉറങ്ങിക്കിടക്കവേയാണ് ബഷീറിന്റെ മുഖത്തും നെഞ്ചത്തും ആസിഡൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 22ന് മരിച്ചു. ചൂടായതിനാൽ വാതിലും ജനലും തുറന്നിട്ടാണ് ഉറങ്ങിയിരുന്നതെന്നും ഭർത്താവിന്റെ കരച്ചിൽ കേട്ടാണ് സംഭവമറിഞ്ഞതെന്നും സുബൈദ പൊലീസിന് മൊഴി നൽകി. സംഭവത്തിന് പിന്നിൽ നാലു പേരെ സംശയിക്കുന്നതായും സുബൈദ പറഞ്ഞിരുന്നു. പൊലീസിനെ വട്ടം കറക്കാൻ ലക്ഷ്യം വച്ചുള്ളതായിരുന്നു മൊഴി. ബഷീർ - സുബൈദ ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്. സംഭവദിവസം ഇവരാരും സ്ഥലത്തില്ലായിരുന്നു. ബഷീറിന്റെ മരണത്തെ തുടർന്ന് മക്കൾ കൈയൊഴിഞ്ഞ സുബൈദയെ പൊലീസ് ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. മക്കൾ അമ്മയെ കൈവിട്ടതും പൊലീസിന് സംശയങ്ങൾ ജനിപ്പിച്ചു.

ഡൽഹി നിർഭയ സംഭവത്തിനു ശേഷം ഐപിസി ഭേദഗതി ചെയ്ത് കൂട്ടിച്ചേർത്ത 326എ വകുപ്പ് അനുസരിച്ച് കേസെടുക്കുന്ന ജില്ലയിലെ ആദ്യസംഭവമാണിത്. ആസിഡ് ആക്രമണം ജാമ്യമില്ലാക്കുറ്റമാക്കുന്ന വകുപ്പാണിത്. ഉത്തരേന്ത്യയിൽ സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണങ്ങൾ പതിവായതു പരിഗണിച്ചു കൊണ്ടുവന്ന വകുപ്പുകൾ അനുസരിച്ച് മലപ്പുറത്ത് സ്ത്രീക്കെതിരെത്തന്നെ കേസെടുക്കേണ്ടി വന്നു. 326എക്കു പുറമേ കൊലപാതകശ്രമത്തിനു കൂടി കേസെടുത്താണ് അന്വേഷണം തുടങ്ങിയത്. കുറ്റംസമ്മതിച്ചതോടെ കൊലപാതകക്കേസ് (ഐപിസി 302) കൂടി എടുത്തു. മഞ്ചേരിയിലെ കടയിൽനിന്ന് ഒരു ലിറ്റർ ആസിഡ് വാങ്ങിയാണ് ഇവർ കൃത്യം നടത്തിയത്.

ഭർത്താവ് വഴിവിട്ട ജീവിതം നയിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവിനോട് വർഷങ്ങളായി കടുത്ത വിരോധമുണ്ടായിരുന്ന അവർ ഇതിനുമുൻപും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മുണ്ടുപറമ്പിലെ വാടകവീട്ടിൽ താമസിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ ബഷീറിനെ വെള്ളിയാഴ്ച രാത്രിയാണ് ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ ബഷീർ ഞായറാഴ്ചയാണ് മരിച്ചത്.

കേസിൽ 150-ലധികം പേരെ ചോദ്യംചെയ്തു. ആയിരക്കണത്തിന് ഫോൺ വിളികളും പരിശോധിച്ചു. തെളിവുകൾ പൂർണമായും നശിപ്പിച്ച ഇവർ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ, ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും സുബൈദയുടെതന്നെ മൊഴികളിലെ വൈരുദ്ധ്യങ്ങളും നിരത്തിയുള്ള ചോദ്യംചെയ്യലിൽ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു. ആദ്യം ആസിഡ് ആക്രമണത്തിനും വധശ്രമത്തിനുമാണ് കേസെടുത്തത്. പിന്നീട് കൊലക്കുറ്റം രേഖപ്പെടുത്തി.

ഇതിനുമുമ്പും രണ്ടുതവണ ഇവർ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഒരുതവണ ഭർത്താവിെന്റ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു. മറ്റൊരു അവസരത്തിൽ വീടിന് തീവെക്കാനും ശ്രമിച്ചിരുന്നു. ഇയാളെ ഒന്നു കൊന്നുതരുമോയെന്ന പരിചയക്കാരോട പറഞ്ഞിരുന്നതായും പൊലീസിന മൊഴി ലഭിച്ചു. ഭർത്താവിനോടുള്ള വൈരാഗ്യം മുമ്പ പല അവസരങ്ങളിലും മക്കളുമായും സുബൈദ പങ്കുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)