ലണ്ടൻ: ഇക്കഴിഞ്ഞ ജൂൺ 21ന് ഈസ്റ്റ്ലണ്ടനിൽ വച്ച് ആസിഡ് ആക്രമണത്തിന് വിധേയായ ഇന്ത്യൻ വംശജയായ പെൺകുട്ടി രേഷ്മ ഖാൻ (21) സുഖം പ്രാപിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പാടുകൾ ഒന്നുമില്ലാത്ത തന്റെ ചിത്രങ്ങൾ രേഷ്മ ട്വിറ്ററിൽ ഷെയർ ചെയ്തപ്പോൾ അവരുടെ ധീരതയെ അഭിനന്ദിച്ച് അനേകം പേർ മുന്നോട്ട് വന്നിട്ടുണ്ട്. സമീപകാലത്ത് നിരവധി പേരാണ് ലണ്ടനിലും യുകെയിലെ മറ്റ് ചില ഭാഗങ്ങളിലും ആസിഡ് ആക്രമണങ്ങൾക്ക് ഇരകളായിരുന്നത്. അവർക്കെല്ലാം ധൈര്യം പകരുന്നതാണ് രേഷ്മയുടെ ചിത്രങ്ങളും ഈ യുവതിയുടെ ഇച്ഛാശക്തിയും.

തന്റെ കസിനായി ജമീൽ മുഖ്താറിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു രേഷ്മയ്ക്ക് നേരെ ഈസ്റ്റ്ലണ്ടനിലെ ബെക്ക്ടണിൽ വച്ച് ആസിഡ് ആക്രമണമുണ്ടായത്. വേദനാജനകമായ സന്ദർഭങ്ങളെ സധൈര്യം താണ്ടിയതിനെ കുറിച്ച് രേഷ്മ തന്റെ ബ്ലോഗിൽ വിശദമായി വിവരിച്ചിട്ടുമുണ്ട്. താൻ ആക്രമണത്തിന്റെ പരുക്കുകളിൽ നിന്നും ഏറെക്കൂറെ സുഖം പ്രാപിച്ച് വരുന്നുവെന്നാണ് തന്റെ 16,000 ഫോളോവേഴ്സിനോട് ഈ ബിസിനസ് മാനേജ്മെന്റ് സ്റ്റുഡന്റ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരിക്കുന്നത്. തനിക്ക് പറ്റിയ ദുര്യോഗത്തിൽ തികച്ചും വൈകാരികമായും ആത്മാർത്ഥതയോടെയും പ്രതികരിച്ച എല്ലാവർക്കും നന്ദിരേഖപ്പെടുത്താനും രേഷ്മ മറന്നിട്ടില്ല.

തനിക്ക് ചുറ്റും ആക്രമണത്തിന് ശേഷം ഒരു പോസിറ്റീവ് വികാരം വലയം ചെയ്യാനിടയാക്കിയതിനും അവർ എല്ലാവരോടും ട്വിറ്ററിലൂടെ നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്. ആരും പതറിപ്പോകുന്ന ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയുണ്ടായിട്ടും അതിനെ സമചിത്തതയോടെയും ധീരതയോടെയും നേരിട്ട രേഷ്മയുടെ നടപടിയെ പ്രകീർത്തിച്ച് നിരവധി സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ആക്രമണം ഉണ്ടായ പാടെ രേഷ്മയും താനും വേദനയെടുത്ത് പുളഞ്ഞ് കരഞ്ഞിരുന്നുവെന്ന് കസിൻ മുഖ്താർ ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ആസിഡ് വീണ് തങ്ങളുടെ മുഖം ഉരുകുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ജോൺ ടോംലിൻ പെന്റൊവില്ലെ ജയിലിൽ നിന്നും വീഡിയോ ലിങ്ക് വഴി സ്നേർസ്ബ്രൂക്ക് ക്രൗൺ കോടതിയിൽ ഓഗസ്റ്റ് എട്ടിന് നടന്ന വിചാരണയിൽ ഭാഗഭാക്കായിരുന്നു. കരുതിക്കൂട്ടിയുള്ള ശാരീരിക ആക്രമണ കുറ്റം ചുമത്തി രണ്ട് കൗണ്ടുകളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കാനിങ് ടൗൺ സ്വദേശിയായ ഈ 25 കാരൻ സെപ്റ്റംബർ 19നും നവംബർ 27നും ഇതേ കോടതിയിൽ വച്ച് നടക്കുന്ന വിചാരണയിൽ ഹാജരാകുന്നതാണ്.