- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാണസഞ്ചാരങ്ങൾ
'No grave can hold my body down,I'will crawl home to her'.... എന്ന ആൻഡ്രൂ ഹോസിയറു(Andrew Hozier Byne)ടെ വിഖ്യാതഗാനത്തെ രണ്ടു സ്ത്രീകളുടെ കാമനാലോകങ്ങളിലേക്കു വിവർത്തനം ചെയ്‌തെഴുതിയ, തീപോലെ പൊള്ളിക്കുന്ന ഒരു മലയാളനോവലാണ് 'ആസിഡ്'. സംഗീതാ ശ്രീനിവാസന്റെ മൂന്നാമത്തെ കൃതി. മാധവിക്കുട്ടിയുടെ ഭാവപാരമ്പര്യവും സാറാജോസഫിന്റെ ജൈവപാരമ്പര്യവും സ്വന്തമായിക്കിട്ടിയ അസാധാരണമായ ഒരു സാഹിതീയ പ്രതിഭയ്ക്കുടമയാണ് സംഗീത എന്നു തെളിയിക്കുന്ന രചന. സ്വന്തം ജീവിതം മയക്കുമരുന്നിനും പെൺപ്രണയത്തിനും അടിമപ്പെടുത്തിയ ഒരു സ്ത്രീയുടെ അതിവിഭ്രമലോകങ്ങളിൽനിന്നു കണ്ടെടുക്കുന്ന അസാമാന്യമായ ചോദനകളുടെയും വേദനകളുടെയും ഭാവലോകമാണ് ആസിഡിന്റേത്. 'I donot do drugs, I am drugs'എന്ന ആമുഖവാക്യത്തിൽ സംഭൃതമാണ് ആസിഡിന്റെ ജൈവരസതന്ത്രം. 'ചന്ദനമരങ്ങൾ'ക്കും 'ആളോഹരി ആനന്ദ'ത്തിനും ശേഷം മലയാളത്തിൽ സ്വവർഗരതിയെ രാഷ്ട്രീയവൽക്കരിക്കുന്ന ഏറ്റവും മികച്ച രചന. സ്ത്രീയുടെ ജീവിതാസക്തികളെ ശരീരത്തിന്റെയും ആത്മാവിന്റെയും ഇരട്ടലോകങ്ങളിൽ പ്രതിഷ്ഠിക്കുന്ന ആനന്ദലഹരി
'No grave can hold my body down,
I'will crawl home to her'.... എന്ന ആൻഡ്രൂ ഹോസിയറു(Andrew Hozier Byne)ടെ വിഖ്യാതഗാനത്തെ രണ്ടു സ്ത്രീകളുടെ കാമനാലോകങ്ങളിലേക്കു വിവർത്തനം ചെയ്‌തെഴുതിയ, തീപോലെ പൊള്ളിക്കുന്ന ഒരു മലയാളനോവലാണ് 'ആസിഡ്'. സംഗീതാ ശ്രീനിവാസന്റെ മൂന്നാമത്തെ കൃതി. മാധവിക്കുട്ടിയുടെ ഭാവപാരമ്പര്യവും സാറാജോസഫിന്റെ ജൈവപാരമ്പര്യവും സ്വന്തമായിക്കിട്ടിയ അസാധാരണമായ ഒരു സാഹിതീയ പ്രതിഭയ്ക്കുടമയാണ് സംഗീത എന്നു തെളിയിക്കുന്ന രചന. സ്വന്തം ജീവിതം മയക്കുമരുന്നിനും പെൺപ്രണയത്തിനും അടിമപ്പെടുത്തിയ ഒരു സ്ത്രീയുടെ അതിവിഭ്രമലോകങ്ങളിൽനിന്നു കണ്ടെടുക്കുന്ന അസാമാന്യമായ ചോദനകളുടെയും വേദനകളുടെയും ഭാവലോകമാണ് ആസിഡിന്റേത്. 'I donot do drugs, I am drugs'എന്ന ആമുഖവാക്യത്തിൽ സംഭൃതമാണ് ആസിഡിന്റെ ജൈവരസതന്ത്രം. 'ചന്ദനമരങ്ങൾ'ക്കും 'ആളോഹരി ആനന്ദ'ത്തിനും ശേഷം മലയാളത്തിൽ സ്വവർഗരതിയെ രാഷ്ട്രീയവൽക്കരിക്കുന്ന ഏറ്റവും മികച്ച രചന. സ്ത്രീയുടെ ജീവിതാസക്തികളെ ശരീരത്തിന്റെയും ആത്മാവിന്റെയും ഇരട്ടലോകങ്ങളിൽ പ്രതിഷ്ഠിക്കുന്ന ആനന്ദലഹരി.
കമലയും ഷാലിയും. കമലയ്ക്ക് രണ്ടാൺമക്കൾ. ഇരട്ടകളായ കൗമാരക്കാർ. ആദിയും ശിവയും. ശിവ ഒരപകടത്തിൽപെട്ട് ശരീരം തളർന്ന് വീൽചെയറിലും കിടക്കയിലുമായി കഴിയുന്നു. ഭർത്താവും ബാല്യകാല സുഹൃത്തുമായ മാധവനുമായി തെറ്റിപ്പിരിഞ്ഞ് കമല മക്കൾക്കൊപ്പം ബാംഗ്ലൂരിലെ ഇന്ദിരാനഗറിൽ താമസിക്കുകയാണ്. മാധവൻ കുൽജിത് കൗർ എന്ന രണ്ടാം ഭാര്യയ്‌ക്കൊപ്പം ബാംഗ്ലൂരിൽതന്നെയുണ്ട്.
സാത്താന്റെ സന്തതിയായി പിഴച്ചുപെറ്റ് അനാഥയായി വളർന്ന ഷാലിയെ, മിസോറാമിലെത്തിയ ആൻഡ്രൂസും ശോശമമ്മയും എടുത്തുവളർത്തി. യൗവനത്തിൽ അവൾ നാടും വീടും വിട്ടു. ഒരു യാത്രയിൽ കണ്ടുമുട്ടിയ കമലയും ഷാലിയും ഉറ്റ സുഹൃത്തുക്കളും പിന്നെ പ്രണയികളുമായി. ഷാലി കമലയുടെ വീട്ടിൽ താമസം തുടങ്ങി. ഇരുവരും മയക്കുമരുന്നിനടിമകളായിരുന്നു. എങ്കിലും ഷാലി അതിൽനിന്നു കരകയറി. കമലയ്ക്ക് അതിനുകഴിഞ്ഞില്ല. മുൻപുതന്നെ ദുരന്തമയവും പ്രശ്‌നഭരിതവുമായിരുന്ന തന്റെ ജീവിതം കമല കൂടുതൽ സംഘർഷാത്മകമാക്കിത്തുടങ്ങി. ഷാലി അവളെ രക്ഷിക്കാനും ശിക്ഷിക്കാനുമാകാതെ കുഴഞ്ഞു. ആദിക്കും ശിവയ്ക്കും ഷാലിയോട് എല്ലാത്തരം ഇഷ്ടങ്ങളും തോന്നി. അവൾ ഇടയ്ക്ക് കമലയുമായി പിണങ്ങും. പിന്നെയും ഇണങ്ങും. ആസിഡിനടിപ്പെടുംതോറും കമല കൂടുതൽ കൂടുതൽ ഉൾവലിഞ്ഞുതുടങ്ങി. വിഷാദരോഗം അവളെ ഉലച്ചു.
നാട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന അമ്മ മരിച്ചതോടെ തറവാട് വിറ്റ് എറണാകുളത്ത് ഫ്‌ളാറ്റ് വാങ്ങി ബാംഗ്ലൂരിൽനിന്നു പോകണം എന്ന കമലയുടെ ആഗ്രഹം വീണ്ടും സജീവമായി. എല്ലാം വാരിപ്പെറുക്കി തറവാട്ടിലെത്തിയ കമലയും മക്കളും ഷാലിയും അവിടെ തടവറയിലെന്നപോലെ വലഞ്ഞു. ഭ്രാന്തിനും പ്രജ്ഞക്കുമിടയിൽ കമല തന്റെ ലോകവും വീടും നരകമാക്കി. മക്കൾ നാടും വീടും വെറുത്തു. ഷാലി അവരെ വിട്ടു പോയി. ആദി ബാംഗ്ലൂർക്കും പിന്നെ പോണ്ടിച്ചേരിക്കും പോയി സ്വന്തം വഴി കണ്ടെത്താൻ ശ്രമിച്ചു. ഒന്നും വേണ്ടാത്ത കമലയും ഒന്നിനുമാകാത്ത ഷാലിയും തറവാട്ടിൽ ജീവച്ഛവങ്ങളെപ്പോലെ നരകിച്ചു. ഒടുവിൽ ശിവയുടെ കണ്ണീരും അമ്മയുടെ ദൈന്യവും കണ്ട് ആദി തിരിച്ചെത്തി. അതിരുവിട്ട മയക്കുമരുന്നുപയോഗം അപ്പോഴേക്കും കമലയെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഇരുവശത്തും മക്കളെ കിടത്തി കമല മരിക്കുന്ന രാത്രിയിൽ നോവൽ അവസാനിക്കുന്നു.
നിരവധി കഥാപാത്രങ്ങൾ പിന്നെയുമുണ്ട് ഈ നോവലിൽ. ഷാലിയുടെ പെറ്റമ്മയും പിതാവും; കമലയുടെ അമ്മയും അമ്മാവനും; ജോലിക്കാരി ജാനുവും അച്ഛനും; ആദിയുടെ കളിക്കൂട്ടുകാരി റിയ; അവൻ ബാംഗ്ലൂരിൽ കണ്ടുമുട്ടി കൂട്ടുകൂടുന്ന ശക്തിയും അമ്മ വിനീതയും; നാടകക്കളരിയിലെ 'മോളിയറും' കൂട്ടരും..... ഒട്ടേറെ മനുഷ്യരും അവരുടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ജീവിതങ്ങളും.
സ്‌നേഹത്തിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും കഥയാണ്, സംഗ്രഹിച്ചുപറഞ്ഞാൽ ആസിഡ്. പണ്ട്, കേസരി ചങ്ങമ്പുഴയെക്കുറിച്ചു പറഞ്ഞതുപോലെ, 'തങ്ങൾ ജീവിക്കാനാഗ്രഹിക്കുന്ന ജീവിതം അനുവദിച്ചുനൽകാത്ത സമൂഹത്തോട് വ്യക്തികൾക്കുണ്ടാകുന്ന അകല' ത്തിന്റെ കഥ. മയക്കുമരുന്നിനും മദ്യത്തിനും മറ്റു ലഹരികൾക്കുമടിപ്പെട്ട് ബോധത്തിനും അബോധത്തിനുമിടയിൽ തങ്ങളുടെ അസ്തിത്വത്തെത്തന്നെ ബലികൊടുക്കുന്നവരുടെ ലോകം. സ്‌നേഹത്തിനുവേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറാകുന്നവർ. സ്‌നേഹം നിഷേധിക്കപ്പെടുമ്പോൾ എന്തുതന്നെയും ചെയ്യാൻ മടിക്കാത്തവർ. ആത്മഹത്യക്കും ഭ്രാന്തിനുമിടയിലെ നൂൽപ്പാലത്തിൽ, വാൾമുനയിലെന്നപോലെ സഞ്ചരിക്കുന്നവർ. മനുഷ്യജീവിതത്തിലെ, വിശേഷിച്ചും സ്ത്രീജീവിതത്തിലെ ഏറ്റവും ഉന്മത്തമായ ചില സന്ദർഭങ്ങളിൽനിന്ന് ആസിഡ് കണ്ടെത്തുന്ന ഉത്തരങ്ങൾ മലയാളഭാവനയിൽ മുന്മാതൃകകളില്ലാത്തവിധം കൂസലറ്റവയാണ്. മാധവിക്കുട്ടിയിൽ മാത്രം നാം വായിച്ചറിഞ്ഞിട്ടുള്ള, ഹൃദയത്തിൽ മുള്ളുതറയ്ക്കുംപോലെ ഉള്ളുലയ്ക്കുന്ന സ്ത്രീ അനുഭവങ്ങളുടെ ഒന്നാന്തരം പിന്തുടർച്ചകൾ ആസിഡിലുണ്ട്. 'ആളോഹരി ആനന്ദ'ത്തിൽ സാറാജോസഫ് അവതരിപ്പിച്ച സ്ത്രീ-സ്ത്രീപ്രണയത്തിന്റെ ഒരേസമയംതന്നെ കാതരവും ധീരവുമായ സാക്ഷാത്കാരത്തിന്റെ മറ്റൊരു സ്ഥല, കാല രൂപാന്തരവുമാകുന്നു, ആസിഡ്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ധൈഷണികകാവ്യം. ശരീരം കൊണ്ടും ആത്മാവുകൊണ്ടും പരസ്പരം പ്രണയിക്കുന്ന മനുഷ്യർക്ക് പ്രായവും വർഗവും വർണവും മാത്രമല്ല, ലിംഗവും പ്രതിബന്ധമല്ല എന്നു തെളിയിക്കുന്ന, മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മൗലികകമായ സ്ത്രീപക്ഷ നോവലുകളിലൊന്ന്.
സ്‌നേഹം സ്വാർഥമല്ല, സ്വാതന്ത്ര്യമാണ് എന്ന അതീവ ഹൃദ്യമായ ഒരു കല്പന ആസിഡിലുണ്ട്. ഷാലി വിചാരിക്കുന്നു: 'യഥാർത്ഥ സ്‌നേഹം നമുക്കൊരാളോടുണ്ടെങ്കിൽ നമ്മളയാളെ സ്വതന്ത്രനാക്കും. അയാൾ തിരിച്ചുവരുന്നുണ്ടെങ്കിൽ അയാൾ നമുക്കുള്ളതാണ്. തിരിച്ചുവരുന്നില്ലെങ്കിൽ എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കട്ടെ എന്നു കരുതണം. തിരിച്ചുചെന്ന് താൻ കമലയുടേതാണെന്ന് പ്രഖ്യാപിക്കുവാൻ ഷാലി നൂറുതവണ ആഗ്രഹിച്ചു. ചെയ്തുപോയത് തെറ്റാണെങ്കിൽ ആ തെറ്റ് ഏറ്റുപറയുന്നതിന് അവൾ തയ്യാറാണ്. കമലയെപ്പിരിഞ്ഞ്, മക്കളെപ്പിരിഞ്ഞ് ഇരിക്കുക വയ്യ. സ്‌നേഹത്തിന്റേത് ഒരു നിമിഷമാണെങ്കിൽ ആ ഒരു നിമിഷമാണ് ഈ ഭൂമിയിലേക്ക് ഏറ്റവും വലുത്'.
'നിരന്തരമായ അസ്വസ്ഥതകൾ തന്നുകൊണ്ടിരിക്കുന്ന പ്രണയം പ്രണയവും ദാമ്പത്യം ദാമ്പത്യവുമല്ല'എന്ന് മാധവൻ മാത്രമല്ല മറ്റുപലരും തിരിച്ചറിയുന്നതും സമാനമായ ഒരവസ്ഥയിലാണ്.
അതികാല്പനികമായ ഒരാഖ്യാനത്തിലൂടെ കമലയുടെയെന്നല്ല, പൊതുവിൽ മനുഷ്യരുടെതന്നെ ജീവിതാസക്തികളെയും ആനന്ദദാഹങ്ങളെയും അവയുടെ വിപര്യയങ്ങളെയും സംഗ്രഹിക്കുന്നുണ്ട്, സംഗീത.
'പുറത്തുനിന്നും നോക്കിയാൽ ശാന്തമായിരുന്നു അവരുടെ വീട്. പഴയ വലിയ വീട്. പുറകുവശത്തുനിന്നും വീടിനെ വളയുന്ന മരങ്ങൾ. കരിയിലകൾ വീണുകിടക്കുന്ന വിശാലമായ മുറ്റം. വെട്ടുകൽ നടപ്പാത. അതിൽ ഒന്നോ രണ്ടോ കല്ലുകൾ മാത്രം സ്ഥാനം തെറ്റി ഇളകിക്കിടക്കുന്നു. ശാന്തതയുള്ളിടത്താണ് പ്രാവുകൾ കൂടുകൂട്ടാറ്. നൂറുകണക്കിനു പ്രാവുകളാണ് കമലയുടെ വീടിന്റെ മുകൾത്തട്ടിൽ താമസിക്കുന്നത്. കമലയും മക്കളും വന്നതിനുശേഷം പ്രാവുകളുടെ കുറുകലുകളിൽ സങ്കടമുണ്ട്. അടക്കിപ്പിടിച്ച ഒരു വിഷാദത്തൂവൽ ഓരോ ചിറകടിയിലും താഴേക്കു പൊഴിഞ്ഞു. എന്നിട്ടും അവ വീടൊഴിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. താഴെ വിഷാദം തീണ്ടിയ മനുഷ്യർ ഉറങ്ങുന്നു, ശ്വസിക്കുന്നു, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു. അവർ നമ്മുടെ അതിഥികളാണ്. ഓരോ പ്രാവുകളും പരസ്പരം പറഞ്ഞു.
തറവാടിന്റെ മേൽക്കൂരയിൽനിന്നും പക്ഷിക്കണ്ണുകളിലൂടെ നോക്കിയാൽ ഒരു മുന്നൂറടി താഴ്ചയിൽ മണ്ണിൽ തലയോട്ടികൾ ചിരിച്ചുമറഞ്ഞ് കഥ പറയുന്നുണ്ട്. പാതയോരങ്ങളും ഭൂതകാലങ്ങളും അവയ്ക്ക് വിഷയമല്ല. തീയിലെരിയുന്നത് നെയ്യും വിറകും ചാണകവരളിയും ഞാനുമാണ്. തടിയൻ ശരീരങ്ങൾക്ക് കത്തിത്തീരാനെളുപ്പമാണ്. നെയ്യിനോട് നെയ്യുരുകി അതാളിക്കത്തും.
'എവിടെപ്പോയി നിന്റെ അഹന്ത?' ഒന്ന് മറ്റൊന്നിനോടു ചോദിച്ചു.
'ദാ, തീവിഴുങ്ങിപ്പോകുന്നു.' മറ്റൊന്ന് ഒന്നിനോട് മറുപടി പറഞ്ഞു. ആശയും നിരാശയും നിലയ്ക്കുന്നിടത്ത് വായുവും നിലയ്ക്കുന്നു. പിന്നെയും അവശേഷിച്ച ഒരു പൊട്ട് നിരാശയിലായിരിക്കാം ഒരു നുറുക്ക് ആശയിലായിരിക്കാം. ഭൂമിയിലെ ഓരോ മനുഷ്യനും പറഞ്ഞുകൊണ്ടിരുന്നത്. ശ്വാസംമുട്ടാണ്. വയ്യ.'
തുടക്കം തൊട്ട് ഒടുക്കംവരെയും ആസിഡ് അവതരിപ്പിക്കുന്നത് മനുഷ്യാസ്തിത്വങ്ങളെ തീവിഴുങ്ങിത്തീർക്കുന്ന ഇത്തരം നിയതിവാക്യങ്ങളാണ്. ജീവിതമേ നീയെന്ത്? എന്ന് സ്വയവും പരസ്പരവും ചോദിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യർ. ആ ചോദ്യത്തിനുത്തരം കിട്ടാതെതന്നെ മരിച്ചുപോകുന്നവർ. അസാധാരണമായ ജീവിതബദ്ധതയോടെയും അനുപമമായ ചടുലതയോടെയും സംഗീത ആവിഷ്‌ക്കരിക്കുന്നത് സ്ത്രീ, പുരുഷ കാമനകളുടെ കത്തുന്ന വ്യഥകളെക്കുറിച്ചുള്ള കാവ്യാത്മകമായ ഒരു ഭാവലോകമാണ്.
കൊടുങ്കാറ്റടിക്കുന്ന കുടുംബങ്ങൾക്കുമേൽ പൊള്ളിത്തിളച്ചുവീഴുന്ന മയക്കുമരുന്നിന്റെയും രതിയുടെയും പകയുടെയും ചതിയുടെയും വിഷാദത്തിന്റെയും ആത്മനിന്ദയുടെയും ശമിക്കാത്ത കാമത്തിന്റെയും ലാവത്തുള്ളികളാണ് 'ആസിഡി'ന്റെ ആന്തരപ്രവാഹമായി മാറുന്നത്. 'ലെസ്‌ബിയൻ പ്രണയത്തിന്റെ അമ്ലലഹരി'യെന്ന പുറംചട്ടവാചകം പ്രസാധകന്റെ വിപണിക്കാഴ്ച നിയന്ത്രിക്കുന്ന അശ്ലീലം കലർന്ന ഒളിഞ്ഞുനോട്ടരതിക്കപ്പുറമൊന്നും വെളിവാക്കുന്നില്ല എന്നതാണ് വാസ്തുത. കാരണം ഈ നോവൽ പ്രാഥമികമായും ലെസ്‌ബിയനിസത്തെക്കുറിച്ചല്ല. ജീവിതത്തിന്റെ പലതരം ലഹരികളിൽ ഒന്നുമാത്രമാണ് ഇവിടെ രണ്ടു സ്ത്രീകൾ കണ്ടെത്തുന്ന പരസ്പരമുള്ള ആത്മസമർപ്പണത്തിന്റെയും ഉടലറിവിന്റെയും തന്മാത്രകൾ. ബാംഗ്ലൂർ പോലൊരു നഗരത്തിൽ ജീവിക്കുന്ന ഒരു മധ്യവർഗസ്ത്രീയുടെ പലവഴികളിൽ പിരിഞ്ഞുപായുന്ന ജീവിതാസക്തികളുടെ വേദപുസ്തകമാണ് ആസിഡ്. പാപത്തിന്റെ ശമ്പളം മരണമാണെന്ന പഴയ തത്വം ഊട്ടിയുറപ്പിക്കുംവിധം തന്റെ കാമനാവേഗങ്ങൾ കമലയെ കുരുതികൊടുക്കുകയും ചെയ്യുന്നു.
നമ്മുടെ കാലത്തിന്റെ മുഴുവൻ പലായനയുക്തികളും സമൃദ്ധമായനുഗ്രഹിച്ച ജീവിതമാകുന്നു, കമലയുടേത്. ഒരുപക്ഷേ ഈ നോവലിലെ ഏറ്റവും ലാവണ്യാത്മകവും സ്‌ത്രൈണവുമായ ആഖ്യാനസന്ദർഭങ്ങൾ മിക്കതും കമലയുടെ വിഭ്രാമകചേതനയുടെ ആവിഷ്‌ക്കാരങ്ങളാണ്. വെളിപാടുപുസ്തകത്തിലേതുപോലെ വന്യമായ കല്പനകളും രൂപകങ്ങളും നിറഞ്ഞ, കിനാവുകളുടെ മാന്ത്രികയാഥാർഥ്യങ്ങൾ കൊണ്ടു നിറഞ്ഞവ. ക്ലോദ് മോനെയുടെ ചിത്രകംബളങ്ങൾ പോലുള്ള കാല്പനിക യാഥാർഥ്യങ്ങളും എഡ്വേർഡ് മങ്കിന്റെ എക്സ്‌പ്രഷനിസ്റ്റ് ക്ലാസിക്കുകൾപോലെ ഭീതിദമായ ഭാവനകളും.
ഷാലി കമലയുടെ കാമനകളെ പൂരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. എവിടെ നിന്നോ വന്ന് എവിടേക്കോ പോകുന്ന വഴിയാത്രക്കാരി മാത്രമാണവൾ. പിതൃ, ഭ്രാതൃപീഡനങ്ങളുടെ കാരമുള്ളുതറഞ്ഞ ബാല്യം ഷാലിയെ ഒരിടത്തും ഉറച്ചുനിൽക്കാനാവാതെ പലായനം ചെയ്യിച്ചുകൊണ്ടേയിരുന്നു. അമ്മയെത്തേടി കമലയെപ്പോലെ ഒരുവേള വീട്ടിലേക്കു പിന്മടങ്ങുന്നുണ്ട് ഷാലിയും.
ശിവയുടെ തളർന്ന ശരീരവും തളരാത്ത കാമനകളും തമ്മിലുള്ള സംഘർഷമാണ് ഈ നോവലിലെ ഏറ്റവും തീക്ഷ്ണമായ പ്രാണസങ്കടങ്ങളിലൊന്ന്. റിയയെയും ഷാലിയെയും അവൻ പ്രണയിച്ചു. സ്വപ്നസ്ഖലനങ്ങളിലവസാനിച്ചു, ആ പ്രണയരതികൾ. മോഹത്തിനും ഭംഗത്തിനുമിടയിൽ ഊയലാടുന്ന ശിവയുടെ അനുഭൂതികളാവിഷ്‌ക്കരിക്കുന്ന ഈ ഭാഗം നോക്കൂ: 'ഈ വീടിന്റെ ചുമരുകളാണ് തന്റെ ആദ്യ ചുംബനത്തിന് സാക്ഷിയായത്. പ്രണയത്തിന്റെ വാനില മണമുള്ള ചുംബനം. എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന പെൺകുട്ടി. സിൻഡ്രല്ലയുടെ വിഖ്യാതമായ മണിയൊച്ച കേട്ടിട്ടെന്നപോലെയാണ് അവൾ ഞെട്ടിത്തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കിയത്.
'എനിക്ക് പോണം'
ജോയ്സ്റ്റിക് കിടക്കയിലേക്കെറിഞ്ഞ് അവളെഴുന്നേറ്റ് പുറത്തേക്കോടി. ഒരു റൗണ്ട് ഗെയിം മുഴുവനായിരുന്നില്ല. ശിവയുടെ മുഖം മങ്ങി.
'ആദീ, ആ ജോയ്സ്റ്റിക് നീയെടുക്ക്. ലെറ്റ് അസ് ഫിനിഷ് ദിസ്'
'നീ ഗെയിം പോസ് ചെയ്യ്. ഞാനിപ്പോ വരാം.'
ആദി എഴുന്നേറ്റ് അവളുടെ പിന്നാലേ ചെന്നു. സ്വീകരണമുറിയിലെ കാർപ്പെറ്റിൽ അവളുടെ കാലുടക്കി. കണ്ണാടിച്ചെരിപ്പ് തെറിച്ചു പോയി. അവൾ താഴെ വീണു. പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ ആദിയുടെ ശ്വാസം അവളുടെ മുഖത്തുതട്ടി. ചുംബനങ്ങൾ മനുഷ്യനെ സ്വപ്നങ്ങളായി മാറ്റിയെഴുതുന്നു. പ്രണയം അവരുടെ ചുണ്ടുകളെ വിറപ്പിച്ചു. മാമ്പഴച്ചാറുപോലൊരുമ്മ.... അടുത്ത സെക്കന്റിൽ സ്വപ്നമുണർന്ന് അവൾ പുറത്തേക്കു പാഞ്ഞു.
ഇരുട്ടിൽ ലാങ്കി ലാങ്കിപ്പൂക്കളുടെ മണം പരന്നു. വലിയ കറുത്ത ചിലന്തികളെപ്പോലെ ലാങ്കി ലാങ്കിപ്പൂക്കൾ മരച്ചില്ലകളിൽ തൂങ്ങിക്കിടന്നു. പുറത്ത് ജനാലച്ചില്ലിൽ ഒരു പല്ലി അള്ളിപ്പിടിച്ചിരുന്നിരുന്നു. അതിന്റെ വിളറിവെളുത്ത വയറും കുഞ്ഞു കൈകാലുകളും നോക്കി ശിവയുടെ വീൽച്ചെയറിൽ ആദി കൂനിപ്പിടിച്ചിരുന്നു. അള്ളിപ്പിടിച്ചിരിക്കുന്നത് ഒരു ഭ്രൂണമാണെന്ന് അവനു തോന്നി. കുഞ്ഞു കൈകൾ ശ്രമപ്പെട്ട് ചലിപ്പിച്ചുകൊണ്ട് അത് മുകളിലേക്കിഴയാൻ തുടങ്ങി. ആദിയുടെ കൺമുന്നിൽ വച്ചുതന്നെ ചില്ലിന്മേലുള്ള പിടിത്തം വിട്ട് അത് താഴേക്കുവീണു. ആദി കണ്ണുകളടച്ചു.
അമ്മമ്മ മരിക്കാൻ കിടന്നിരുന്ന മുറിയാണ് കൺമുന്നിൽ. അവിടെ ഓരോ മുറികളിലും ഇരുട്ടാണ്. തീപ്പെട്ടിക്കൂടുകൾപോലുള്ള കുടുസ്സറകൾ. സ്വന്തം ശ്വാസത്തിനു കീഴിൽ സ്വയം ഞരങ്ങിപ്പോകുന്ന അവസ്ഥ. അതുപോലൊരു സ്ഥലത്ത് ശിവ എന്തുചെയ്യും? ശിവയുടെ ഇലക്‌ട്രോണിക് ഗാഡ്ജറ്റ്‌സെല്ലാം എങ്ങനെ, എവിടെ, ഏതുമുറിയിൽ സജ്ജീകരിക്കും?
മുറിവേറ്റ പാമ്പിനെപ്പോലൊരു ലിംഗം ഉയരാൻ ശ്രമിക്കയും കുഴഞ്ഞു വീഴുകയും ചെയ്തു. വിശപ്പ് ശിവയെ തലകീഴ്മറിച്ചു. പാതിതളർന്ന ശരീരവും അനുസരണയില്ലാത്ത ചെറുപ്പവും സ്വപ്നങ്ങളിൽ അവനെ നിരാലംബനാക്കി. വെളുത്ത കുന്നുകളും കറുത്ത അഗ്രങ്ങളും! കാലുകൾ തളർച്ച മറന്ന് കുതിച്ചു. വിരിപ്പുകൾ ചുളിഞ്ഞു. പുലർച്ചെ ഊതനിറമുള്ള വിരിപ്പിൽ ഒട്ടിപ്പിടിച്ചുപോയ നിറമില്ലാത്ത പാടുകൾ ആദിയാണ് അവനുണരും മുമ്പേ ബാത്‌റൂമിൽ കൊണ്ടുപോയി കഴുകിക്കളഞ്ഞത്.'.
സ്ഥലകാലങ്ങൾ കുഴഞ്ഞുമറിയുന്ന കൗതുകകരമായ ഒരു ആഖ്യാനകല 'ആസിഡി'നുണ്ട്. സിനിമാറ്റിക് സീനുകൾപോലെ, ഭൂത, വർത്തമാനങ്ങൾക്കിടയിൽ കമലയുടെയും ഷാലിയുടെയും ആദിയുടെയും ശിവയുടെയും മോഹമുദ്ഗരമായ ജീവിതം തിണർത്തുനിൽക്കുന്നു. രേഖീകൃതമോ ചാക്രികമോ അല്ല നോവലിന്റെ കഥനകല. മൂന്നിലൊന്നു ഭാഗത്ത് നോവൽ കമലയുടെയും ഷാലിയുടെയും ഉഭയജീവിതവും കമലയുടെ ഭ്രമാത്മകമനോസഞ്ചാരങ്ങളുംവിട്ട് ആദിയുടെ സ്വത്വാനേഷണത്തിലേക്കു വഴിമാറുന്നു. സംഘർഷങ്ങൾ കൊണ്ടുമാത്രം സ്ഥാനപ്പെടുന്ന മാധവൻ-കമല, ഷാലി-കമല, ശിവ-കമല ബന്ധങ്ങൾക്കിടയിൽ ആദിയുടെ അസ്തിത്വവും ഷാലിയുടേതിനു സമാനമായ ഒരു ആത്മാന്വേഷണമായി മാറുന്നു. അവന്റെ നാടകക്കളരിക്കാഴ്ചകൾ ഷാലിയുടെ സംഗീതാനുഭവങ്ങൾപോലെ ഈ നോവലിൽ അതിമൗലികമായ ഒരു ഭാവനാഭൂപടത്തിനു രൂപം കൊടുക്കുകയും ചെയ്യുന്നു. ശരീരവും ആത്മാവും പങ്കിട്ടെടുക്കുന്ന രതിയും ലഹരിയുമാണ് ഷാലിക്കു സംഗീതവും ആദിക്കു നാടകവും. ക്ലോദ് മോനെയും (ചിത്രകല) ഹോസിയറും ബീറ്റിൽസും (സംഗീതം) മുതൽ വീണാപാണിചൗള (നാടകം) വരെയുള്ളവർ സൃഷ്ടിച്ച നാനാതരം കലാമണ്ഡലങ്ങളെ പാഠാന്തരരൂപകങ്ങളായി ഉൾക്കൊണ്ടുകൊണ്ടാണ് സംഗീത ഷാലിയുടെയും ആദിയുടെയും ജീവിതം സർഗാത്മകമായി പുനഃസൃഷ്ടിക്കുന്നത്. മയക്കുമരുന്നിന്റെ ലഹരിയും ലൈംഗികതയുടെആനന്ദവും പ്രണയത്തിന്റെ തീവ്രതയും മരണത്തിന്റെ രതിയുമെല്ലാം, അവ മാത്രമായല്ല നിലനിൽക്കുന്നത്; ആധുനികമായ ഒരു ജീവിതത്തിന്റെ ഊടുംപാവുമായാണ്.
ലെസ്‌ബിയൻ ആകാതെതന്നെ കമലയ്‌ക്കൊപ്പം അവളോടു പ്രണയാതുരയായി ജീവിക്കാൻ ഷാലിക്കു കഴിയുന്നു എന്നിടത്ത് നോവൽ വെറുമൊരു സ്വവർഗരതികാവ്യമെന്ന തലം വിട്ടുമാറുന്നു. ഷാലിയോടു തോന്നുന്ന ഗൂഢകാമനകളിൽ ശിവയ്ക്കു സംഭവിക്കുന്ന വയോധികിക്ഷയങ്ങൾ, അഗമ്യഗമനങ്ങളിലേക്കുപോലും വഴിതുറക്കുന്ന സഹശയനത്തിന്റെ രാസത്വരകങ്ങൾ, ജീവിതത്തിനും മരണത്തിനുമിടയിൽ ആസക്തികളുടെ നൂൽപ്പാലം കടക്കുന്നതിന്റെ തീരാസംഘർഷങ്ങൾ....സന്നിഹിതവും അസന്നിഹിതവുമായ വൈകാരികാവസ്ഥകൾ ഈ നോവലിൽ സൃഷ്ടിക്കുന്ന ജീവിതമാനങ്ങൾ അങ്ങേയറ്റം നാടകീയമാണ്. കമലയുടെയും ശിവയുടെയും യാത്രകൾക്കൊപ്പംതന്നെ പ്രസക്തമാകുന്നു, ഷാലിയുടെയും ആദിയുടെയും മാധവന്റെപോലും സംഘയാത്രകളും. സ്‌നേഹിച്ചും ഇണചേർന്നും വെറുത്തും പൊറുത്തും ഒന്നിച്ചും വിട്ടകന്നും മറന്നും അകന്നും പോകുന്ന പ്രാണസഞ്ചാരങ്ങളുടെ അസാധാരണമായ നോവൽരൂപമാകുന്നു, ആസിഡ്. സമകാല മലയാളഭാവനയുടെ സ്‌ത്രൈണരാഷ്ട്രീയത്തിൽ രക്തരേഖപോലെ നീട്ടിവരച്ച വിരലടയാളങ്ങളിലൊന്ന്.
നോവലിൽ നിന്ന്
'കമല നുള്ളിപ്പെറുക്കിയിരുന്നതല്ലാതെ ഒന്നും കഴിച്ചില്ല. കുട്ടികൾ കഴിക്കുന്നത് അവൾ സംതൃപ്തിയോടെ നോക്കിയിരുന്നു.
അവൾ ഊണു കഴിക്കുന്ന നേരത്ത് ജാനു കമലയുടെ മുറി വൃത്തിയാക്കാനായി കയറിച്ചെന്നു. കമലയുടെ കിടക്കവിരികളിൽ മൂത്രത്തിന്റെ നനവു കണ്ട് അവൾ വ്യസനിച്ചു. അവൾ മുറിയടിച്ചുവാരി വൃത്തിയാക്കി പുതിയ വിരികൾ വിരിച്ചു. ഷാലി വച്ചിട്ടുപോയ ബ്ലാക്‌ഡോഗിന്റെ കുപ്പിയിലെ മണിപ്ലാന്റ് വാടിക്കരിഞ്ഞ് ജനൽപ്പടിയിൽ ഇരുന്നിരുന്നു. അവൾ അതിലെ ഉണങ്ങിപ്പോയ ചെടിയെടുത്ത് ജനാലക്കതകിലൂടെ പുറത്തേക്കെറിഞ്ഞു. ബ്ലാക്‌ഡോഗിന്റെ കുപ്പിയിലെ വെള്ളത്തിന് പഴകിക്കെട്ടിയ ഛർദ്ദിലിന്റെ മണമായിരുന്നു. കമലയുടെ മുറി അതീവം മനോഹരമാക്കിയതിനുശേഷം അവളവിടെ ഒ രു ചന്ദനത്തിരി കത്തിച്ചു വച്ചു. മുറി സുഗന്ധത്താൽ നിറഞ്ഞു. കുപ്പിയിലെ വെള്ളം പുറത്ത് പണിക്കാർക്കുള്ള കക്കൂസിൽ ഒഴിച്ചുകളഞ്ഞ് കുപ്പി വൃത്തിയാക്കിക്കഴുകി അടുക്കളയിലെ വരാന്തയിൽ കൊണ്ടുവന്നുവച്ചു. കമലയും മക്കളും ഭക്ഷണം കഴിച്ചുകഴിഞ്ഞെഴുന്നേറ്റപ്പോൾ ജാനു അവൾക്കും അച്ഛനുമുള്ള ഭക്ഷണവുമെടുത്ത് അടുക്കള വരാന്തയിൽ ചെന്നിരുന്നു.കൈ കഴുകിയതിനുശേഷം ആദി കമലയെ താങ്ങിപ്പിടിച്ച് മുറിയിൽ കൊണ്ടുവന്നു കിടത്തി. മുറിയിലെ പ്രകാശത്തിലും കിടക്ക വിരികളുടെ പുതുമയിലും കമലയ്ക്ക് സന്തോഷിക്കണമെന്നുണ്ടായിരുന്നു.
'അവനേം കൊണ്ടുവരൂ''....
ആദി ശിവയെ കൊണ്ടുവന്നു.
മക്കളോട് രണ്ടുപേരോടും തനിക്കരിലിരിക്കാൻ കമല ആവശ്യപ്പെട്ടു. ആദി ശിവയെ കട്ടിലിൽ കയറ്റിയിരുത്തി. അവൻ കട്ടിലിൽ ഒതുങ്ങി നീങ്ങിക്കിടന്നു. അവൻ കിടക്കുന്നതു കണ്ടപ്പോൾ കമലയും അവനോടു ചേർന്നുകിടന്നു. അവൾ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു. മൂന്നു പേർക്കു കിടക്കാനുള്ളത്ര വലിപ്പം ആ കട്ടിനില്ലായിരുന്നെങ്കിലും കമലയൊന്നു നോക്കിയമാത്രയിൽ ആദിയും അവളെ കെട്ടിപ്പിടിച്ച് അവളോടു ചേർന്നുകിടന്നു. പണ്ടും ഇങ്ങനെയുണ്ടായിട്ടുണ്ട്. ഇതേ തറവാട്ടിൽ. അന്നിവിടെ രാമച്ചത്തിന്റെ കർട്ടനുകൾ ഉണ്ടായിരുന്നു. ആ കർട്ടനുകളെവിടെ? ആദി അത്ഭുതപ്പെട്ടു. അമ്മമ്മ ആ കർട്ടനുകൾ നനച്ചിടുമായിരുന്നു. കമല അടക്കിപ്പിടിച്ചാണ് മക്കളെ കിടത്തിയിരുന്നത്. ശിവയ്ക്ക് കളിക്കാൻ പോകാതെ ശ്വാസം മുട്ടുമായിരുന്നു. രാമച്ചകർട്ടനുകളിൽ നിന്നുമുള്ള തണുത്ത കാറ്റ് ഇടയ്‌ക്കൊക്കെ വന്ന് മുഖത്ത് തട്ടുമ്പോഴുള്ള സുഖം. ആ സുഗന്ധത്തിനും തണുപ്പിനുംവേണ്ടി അമ്മയുടെ ചൂടുംപറ്റി ആദി കിടന്നുകൊടുക്കുമായിരുന്നു.
അമ്മ തണുത്തുതുടങ്ങിയത് മക്കളുറങ്ങിയിട്ടും കുറെ കഴിഞ്ഞിട്ടാണ്. ഉറക്കത്തിലും അവരുടെ ഇളം ശരീരത്തിലെ ചൂട് അമ്മയെ തണുപ്പിക്കാൻ വിടാതെ മുറുകെപ്പിടിക്കുന്നുണ്ടായിരുന്നു. '
ആസിഡ്
സംഗീത ശ്രീനിവാസൻ
ഡി.സി.ബുക്‌സ്
2016, വില: 250 രൂപ