കൊളംബോ: കൊളംബോ തീരത്തിന് സമീപം കഴിഞ്ഞ ആഴ്ച ചരക്കുകപ്പലിൽ ഉണ്ടായ തീപ്പിടിത്തത്തിൽ കപ്പലിൽ നിന്ന് വൻതോതിൽ നൈട്രജൻ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നതിനാൽ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ശ്രീലങ്കയിലെ പരിസ്ഥിതി സംഘടന നിർദേശിച്ചിട്ടുണ്ട്.

സിങ്കപ്പൂർ പതാകയുള്ള എംവി എക്‌സ് പ്രസ് പേൾ ചരക്കുമായി ഗുജറാത്തിൽ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്നു. രാസവസ്തുക്കളും കോസ്‌മെറ്റിക് വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈൽ അകലെ വച്ചാണ് കപ്പലിൽ തീപ്പിടിത്തമുണ്ടായത്. മെയ് 20-നാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടത്.

325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിൽ ഉള്ളത്. ഇതിനുപുറമേ 1486 കണ്ടെയ്‌നറുകളിലായി 25 ടൺ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്.

'എംവി എക്സ്‌പ്രസ് പേളിൽ നിന്ന് പുറന്തള്ളുന്ന നൈട്രജൻ ഡയോക്‌സൈഡ് വളരെ വലിയ അളവിലുള്ളതാണെന്ന് ഞങ്ങൾ നിരീക്ഷിച്ചിരുന്നു. മഴക്കാലത്ത് നൈട്രജൻ ഡയോക്‌സൈഡ് വാതകം പുറന്തള്ളുന്നതിനാൽ നേരിയ ആസിഡ് മഴ പെയ്യാൻ സാധ്യതയുണ്ട്.' മറൈൻ എൻവയന്മെന്റ് പ്രൊട്ടക്ഷൻ അഥോറിറ്റി (എംഇപിഎ)ചെയർപേഴ്‌സൺ ധർശനി ലഹന്ദപുര പറഞ്ഞു.

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മഴകൊള്ളരുതെന്നും നിർദേശിച്ചിട്ടുണ്ട്.

അഗ്‌നിശമന ദൗത്യത്തിൽ ശ്രീലങ്കൻ നാവികസേനയെ സഹായിക്കുന്നതിനായി ഐസിജി വൈഭവ്, ഐസിജി ഡോർണിയർ, തഗ് വാട്ടർ ലില്ലി എന്നിവ ഇന്ത്യ ചൊവ്വാഴ്ച സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയുടെ പ്രത്യേക മലിനീകരണ പ്രതികരണ കപ്പൽ സമുദ്രപഹാരി ഇവിടെ ശനിയാഴ്ച എത്തും.

കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതിനായി കഴിയാവുന്നത്ര വേഗത്തിൽ ബീച്ച് ശുചീകരണം നടപ്പാക്കാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും അധികൃതർ സ്വീകരിച്ചിട്ടുള്ളതായും എംഇപിഎ പറഞ്ഞു.

രണ്ടു തഗ് ബോട്ടുകൾ കപ്പലിന് സമീപത്തായി തീകെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പലുകളും ശ്രീലങ്കൻ തുറമുഖ അഥോറിറ്റിയുടെ രണ്ടു തഗ് ബോട്ടുകളും ശ്രീലങ്കൻ നാവികസേനയും ചേർന്നാണ് സാഹചര്യം കൈകാര്യം ചെയ്യുന്നത്.

സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും എണ്ണ ചോർച്ച ഉണ്ടായതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും ലഹന്ദപുര അറിയിച്ചു.