- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലമേൽപ്പിച്ച ഓർമക്ഷതങ്ങളാണോ.. തൊഴിൽമേഖലയിലെ നിർവികാരത കൊണ്ടോ..; ഞാൻ അറിഞ്ഞിരുന്നില്ല ചേച്ചി..മാപ്പ്; സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയെകുറിച്ച് എസിപി പൃഥ്വിരാജിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
തിരുവനന്തപുരം: കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി എസിപി ഡി കെ പൃഥ്വിരാജ്.പൊലീസിൽ ജോലിയിൽ പ്രവേശിക്കും മുൻപെ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുമ്പോൾ മനോരമയുടെ സഹപ്രവർത്തകനായിരുന്നു പൃഥ്വിരാജ്.ഈ സമയത്തെ ഓർമ്മകളാണ് ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.
വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റിവിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല... മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന്. മാപ്പ്...ഇങ്ങനെയാണ് കുറിപ്പ് തുടങ്ങുന്നത്.
കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ-
''കഴക്കൂട്ടം എസിപി ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷന്റെകൂടി ചുമതല നൽകിയിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന പരാതിയെത്തുടർന്നുള്ള തെരച്ചിലിൽ പങ്കെടുത്തിരുന്നു. കിണറ്റിൽനിന്ന് ഫയർഫോഴ്‌സ് ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റിവിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല, സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന്.
പ്രിയപ്പെട്ട ദിനരാജണ്ണന്റെ സഹധർമിണിയായിരുന്നു അതെന്ന്. എസ്ഐ ആകുംമുമ്പ് ആറുവർഷം കോളേജ് വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിലെ സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും. 2003ൽ ഡിസി ഓഫീസിൽനിന്ന് പൊലീസിൽ വന്നശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല...കാലമേൽപ്പിച്ച ഓർമക്ഷതങ്ങളാണോ, നിർവഹിക്കപ്പെടുന്ന തൊഴിൽമേഖലയിലെ നിർവികാരതകൊണ്ടാണോ, ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതുകൊണ്ടാണോ, മനഃപൂർവമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാര്യമായ തെറ്റുതന്നെയാണ്.
മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരക്കുവാൻ മാത്രമേ കഴിയൂ... മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്...''
മറുനാടന് മലയാളി ബ്യൂറോ