കാൻബറ: അടുത്ത ബജറ്റിനു മുമ്പ് നികുതി വെട്ടിപ്പുകാരെ പിടികൂടാൻ നടപടികളുമായി എസിടി സർക്കാർ. പല വിധത്തിലുള്ള നികുതി വെട്ടിപ്പു നടത്തി സർക്കാരിൽ നിന്ന് ഒളിച്ചു നടക്കുന്നവരെ സ്‌പെഷ്യൽ അന്വേഷണ സംഘത്തെ നിയോഗിച്ച് കുടുക്കാനാണ് സർക്കാർ തീരുമാനിക്കുന്നത്. ടാക്‌സ് വെട്ടിപ്പുകാരെ കൈകാര്യം ചെയ്യുന്നതിനും സർക്കാർ ഖജനാവ് പുഷ്ടിപ്പെടുത്തുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന 5.7 മില്യൺ ഡോളർ പരിപാടിയുടെ ഭാഗമായാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുന്നത്.

നികുതിയിനത്തിൽ സർക്കാരിലേക്ക് ലഭിക്കാനുള്ള 27 മില്യൺ ഡോളർ അടുത്ത നാലു വർഷം കൊണ്ട് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് എസിടി സർക്കാർ നടപ്പാക്കുന്നത്. പേറോൾ ടാക്‌സ്, ലാൻഡ് ടാക്‌സ് എന്നീ ഇനങ്ങളിൽ വെട്ടിപ്പു നടത്തുന്നവരെ പിടികൂടാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ആൻഡ്രൂ ബാർ വ്യക്തമാക്കുന്നു. ചെറിയ തോതിലുള്ള ആൾക്കാർ മാത്രമാണ് ഇത്തരത്തിൽ നികുതി വെട്ടിപ്പിന് ശ്രമിക്കുന്നതെന്നും അവരെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം പ്രവർത്തനം നടത്തുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരും നികുതി ശരിയായി നൽകുന്നുണ്ടെങ്കിൽ നികുതി നിരക്കിൽ കുറവു വരുത്താൻ സാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.


നികുതിവെട്ടിപ്പ് മൂലം വരുമാനം കുറയുന്നത് സ്‌കൂളുകൾക്കും ആശുപത്രികൾക്കും സർക്കാർ ധനസഹായം കുറച്ചതിന് കാരണമായിട്ടുണ്ട്. മാത്രമല്ല നികുതി നിരക്ക് ഉയർത്തേണ്ടിയും വരുന്നു. നികുതി വെട്ടിപ്പ്കാരെ കണ്ടെത്തുന്നതിന് മികച്ച വൈദഗ്ദ്ധ്യമുള്ള ഒരു സംഘത്തെ ആവശ്യമാണ്. ജൂൺ ഏഴിനായിരിക്കും വരുന്ന ബഡ്ജറ്റ്. പേയ്‌റോൾ ടാക്‌സിന്റെ മാനദണ്ഡം രണ്ട് മില്യൺ ഡോളറായി മാറ്റുകയും ചെയ്യുന്നതായിരിക്കും.