രു പക്ഷേ മമ്മൂട്ടിക്കും ദുൽഖറിനും ഏറ്റവും അധികം നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നായിരിക്കും അച്ഛനേയും മകനേയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കഴിയുമോയെന്നത്. ചോദ്യം കേട്ട് ഒരുപക്ഷെ മമ്മൂട്ടിക്കും ദുൽഖർ സൽമാനും മടുത്തു കാണും. എന്നാലും ആരാധകർക്കു ആ ചോദ്യം ചോദിക്കാതിരിക്കാനാകില്ല. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം ദുൽഖർ തന്നെ നല്കിയിരിക്കുകയാണ്.ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിന് ദുൽഖർ മറുപടി പറഞ്ഞത്.

'ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിനെക്കുറിച്ച് ഞാനും വാപ്പയും ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് മുന്നിൽ എങ്ങനെ അഭിനയിക്കും എന്നുപോലും എനിക്കറിയില്ല. ഞാൻ നിശ്ചലനായിപ്പോവും ചിലപ്പോൾ. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ടാവണമെന്ന് ആഗ്രഹിച്ചയാളാണ് വാപ്പ. അദ്ദേഹത്തോട് ഒരു അഭിമുഖത്തിൽ എന്നെക്കുറിച്ച് ചോദിക്കുന്നു എന്ന് കരുതുക, മറ്റ് നടന്മാരെക്കുറിച്ച് ഞാൻ സംസാരിക്കാറില്ലെന്നാവും മറുപടി', ദുൽഖർ പറയുന്നു.

മറുഭാഷകളിലും സജീവമായ ദുൽഖറിന് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം ഇപ്പോൾ പ്രോജക്ടുകളുണ്ട്.തമിഴിൽ ദേസിങ് പെരിയസാമിയുടെ കണ്ണും കണ്ണും കൊള്ളൈയടിത്താൽ, ര.കാർത്തിക്കിന്റെ വാൻ, ഹിന്ദിയിൽ അഭിഷേക് ശർമ്മയുടെ ദി സോയ ഫാക്ടർ, മലയാളത്തിൽ ബി സി നൗഫലിന്റെ ഒരു യമണ്ടൻ പ്രേമകഥ, സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയെല്ലാം ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.