ദോഹ :  അനധികൃതമായി നടത്തുന്ന ഡേ കെയറുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ലേബർ ആൻഡ് സോഷ്യൽ അഫെയർസ് മിനിസ്ട്രി ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും പൊതു സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള ഫാമിലി ഡവലപ്പമെന്റ്  ഡിപ്പാർട്ട്‌മെന്റാണ് നഴ്‌സറികൾക്ക് ലൈസൻസ് നൽകുന്നത്.

നാലു വയസ്സു വരെയുള്ള കുട്ടികളെയാണ് ഇവിടെ പരിപാലിക്കുന്നത്.സുപ്രീം എഡ്യുകേഷൻ കൗൺസിലിന്റെ കീഴിൽ വരുന്ന കിന്റർ ഗാർഡനുകളിൽ നിന്നും ഇവ തികച്ചും വ്യത്യസ്തമാണ്. ചില നഴ്‌സറികൾ പ്ലേ സ്‌കൂളുകളായും പ്രവർത്തിക്കുന്നുണ്ട്.

കൃത്യമായ ലൈസൻസുകളും സൗകര്യങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന  സ്ഥാപനങ്ങൾക്കെതിരെ ഖത്തറിൽ കഴിഞ്ഞ വർഷം നിയമം ഉണ്ടാക്കിയിരുന്നു. കുറഞ്ഞ ചെലവിൽ കുട്ടികളുടെ സുരക്ഷിത്വവും സംരക്ഷണവും ഉറപ്പു വരുത്താത്ത ഇത്തരം സ്ഥാപനങ്ങളിലേക്ക് വരുമാനം കുറഞ്ഞ മാതാപിതാക്കൾ ആകർഷിക്കപ്പെടും.

തങ്ങളുടെ അപ്പാർട്ട്‌മെന്റിൽ നിയമ വിരുദ്ധമായി നഴ്‌സറി നടത്തിയതിന് അറബ് ദമ്പതികളെ ഈ വർഷം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 500 റിയാലാണ് ഒരു കുട്ടിക്ക് ഇവർ ഫീസായി ഈടാക്കിയിരുന്നത്. ലൈസൻസുള്ള നഴ്‌സറികളിൽ 2000 റിയാൽ വരെയാണ് ഒരു കുട്ടിക്ക് ഒരു മാസത്തേക്ക് ഈടാക്കുന്നത്. പക്ഷേ ഇവിടെ കുട്ടികൾ സുരക്ഷിതരായിരിക്കും. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാണ് ഇത്തരം ഒരു നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.