- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിലെ വിവാദ വിധികൾ തിരിച്ചടിയായി; ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ പിൻവലിച്ചു; നടപടി സുപ്രീംകോടതി കൊളീജിയത്തിന്റെത്; ജഡ്ജിയുടെ വിവാദ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
മുംബൈ: വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ പിടിച്ചത് ലൈംഗിക ആക്രമണമല്ലെന്നതുൾപ്പടെ മൂന്നു വിവാദ വിധികൾ പുറപ്പെടുവിച്ച ജഡ്്ജിക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി.ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജിയായ പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചു.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജഡ്ജിമാരായ എൻ വി രമണ, റോഹിങ്ടൺ നരിമാൻ എന്നിവരടങ്ങിയെ കൊളിജിയം സമിതിയാണ് കേന്ദ്രസർക്കാരിന് നൽകിയ ശുപാർശ പിൻവലിക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരും മഹാരാഷ്ട്രയ സ്വദേശികളുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖാൻവിൽക്കർ എന്നിവർ തുടർച്ചയായുള്ള വിവാദ വിധിയുടെ പശ്ചാത്തലത്തിൽ, ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ കൊളിജിയത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.ജസ്റ്റിസ് പുഷ്പയെ ബോംബൈ ഹൈക്കോടതി ജഡ്ജിയായി സ്ഥിരപ്പെടുത്താനായിരുന്നു ജനുവരി 20 ന് കൊളിജിയം ശുപാർശ ചെയ്തത്.
ആദ്യം പുറപ്പെടുവിച്ച വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ പിടിച്ചത് ലൈംഗിക ആക്രമണമല്ലെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുഷ്പ രണ്ടു വിവാദ വിധികൾ കൂടി പ്രസ്താവിച്ചത്.ഒരാഴ്ചയ്ക്കിടെ വ്യത്യസ്ത പോക്സോ കേസുകളിലായി മൂന്നുപ്രതികളെയാണ് വെറുതെ വിട്ടത്.ജസ്റ്റിസ് പുഷ്പ ഗനേഡിവാല ബലാൽസംഗക്കേസ് പരിഗണിക്കുന്നതിനിടെ, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് രണ്ടുപേരുടെയും വസ്ത്രം അഴിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വാദം വിശ്വസിക്കാനാവില്ലെന്ന് ജസ്റ്റിസ് പുഷ്പ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ മകളെ ബലാത്സംഗം ചെയതെന്ന അമ്മയുടെ പരാതിയിൽ പ്രതിയെ വിചാരണക്കോടതി പത്തു വർഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെതിരായ അപ്പീൽ ആണ് ഹൈക്കോടതി പരിഗണിച്ചത്. അമ്മ പ്രാഥമിക ആവശ്യം നിർവഹിക്കാനായി പുറത്തുപോയ സമയത്ത് അയൽവാസിയായ പ്രതി വീട്ടിൽ കയറിവന്ന് ആക്രമിച്ചതെന്നായിരുന്നു പരാതി. ഇത് അവിശ്വസനീയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ചർമത്തിൽ തൊടാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാല് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.ഈ വിധി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിൽ മെൻഷൻ ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് ഈ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ സെക്ഷൻ 8-ൽ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്.
വിവാദ വിധികൾ രാജ്യ വ്യാപകമായിത്തന്നെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇ പശ്ചാത്തലത്തിലാണ് പുഷ്പയുടെ സ്ഥിരനിയമനം തള്ളിക്കൊണ്ട് ഉത്തരവായത്.
അതേസമയം ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുംഭകോണിയാണ് ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഇന്ന് അപ്പീൽ ഫയൽ ചെയ്യുക.