തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നടന്ന സംഭവങ്ങളിൽ എംഎൽഎമാർക്കെതിരെ നടപടി വരും. ഭരണപക്ഷത്തിൽ ഇതു സംബന്ധിച്ച ധാരണ ഉണ്ടായിട്ടുണ്ട്. സ്പീക്കറുടെ ഡയസ് തകർത്ത എംഎൽഎമാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം. നിയമസഭയിൽ ഇതു സംബന്ധിച്ച പ്രമേയം പാസാക്കാനാണ് നീക്കം. അതിനിടെ ഇടതു പക്ഷത്തെ വനിതാ എംഎൽഎയെ അപമാനിക്കാൻ ശ്രമിച്ച എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടും. ഇതോടെ സഭാ നടപടികൾ തിങ്കളാഴ്ചയും പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പായി.

എംഎൽഎമാരെ നിയമസഭയിൽ ആക്രമിച്ച സംഭവം അപലപനീയമാണെന്നു വി എസ് അച്യുതാനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചെയ്ത യുഡിഎഫുകാർ ആഭാസന്മാരാണെന്നും. ആക്രമികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുകാർ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും വി എസ് അച്യുതാനന്ദൻ പറഞ്ഞു. നിയമസഭ വരും ദിനങ്ങളിലും പ്രക്ഷുബ്ദമാകുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് തരുന്നത്.

ഈ സാഹചര്യത്തിൽ ബജറ്റ് വേഗം പാസാക്കി നിയമസഭ പിരിയാനാണ് സാധ്യത. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിനുള്ള സാധ്യതയും തേടും. ചർച്ചകളിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. അതിനിടെ നിയമസഭയിൽ ഇന്നലെ നടന്ന സംഭവങ്ങളിൽ ഖേദമില്ലെന്ന് വി. ശിവൻകുട്ടി എംഎ‍ൽഎ. വ്യക്തമാക്കി. സ്പീക്കറെ തടയാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല. ചട്ടങ്ങൾ ലംഘിച്ചത് ഭരണപക്ഷ എംഎ‍ൽഎമാരാണ്. പ്രതിഷേധത്തിന്റെ പേരിൽ സഭ നടപടിയെടുത്ത ചരിത്രമില്ല. നടപടിയെടുത്താൽ നിയമപരമായി നേരിടുമെന്നും ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ന്യായീകരിച്ചു. പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ പിടിവാശിയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും കാരാട്ട് പറഞ്ഞു. മാണിക്കു നേരെ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ ബഡ്ജറ്റ് അവതരിപ്പിക്കരുതെന്ന് സിപിഐ(എം) നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ സർക്കാർ തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോയതിനാലാണ് നിയമസഭ സ്തംഭിപ്പിക്കേണ്ടി വന്നതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. മാണിയെ മന്ത്രിസഭയിൽ നിന്ന് മാറ്റി നിറുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ തന്നെ ശാരീരികമായി തടഞ്ഞ മന്ത്രി ഷിബുബേബി ജോണിനെതിരെ പരാതി നൽകുമെന്ന് ഇ എസ് ബിജി മോളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തങ്ങൾ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ശിവദാസൻ നായരുടേയും എം എ വാഹിദിന്റേയും നിലപാട്. തങ്ങളെ ആക്രമിക്കാൻ വന്നവരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറയുന്നു.

അതിനിടെ നിയമസഭയിൽ വെള്ളിയാഴ്ച ധനാകാര്യമന്ത്രി കെ.എം മാണി ബജറ്റവതരിപ്പിച്ചത് നിയമപരമായിട്ടാണെന്നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാ നടപടി ക്രമങ്ങളും പാലിച്ചു തന്നെയാണ് ബജറ്റവതരിപ്പിച്ചതെന്നും ഇതു സംബന്ധിച്ച തർക്കങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.