ന്യൂഡെൽഹി: ഹരെദാർ പിയ കി എന്ന വിവാദ ഹിന്ദി പരമ്പരയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനി. പരമ്പരയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗൺസിലിനോടാണ് കേന്ദ്രമന്ത്രി മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തു വയസുകാരൻ 18 കാരിയെ പ്രണയിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയലിനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.

പെറ്റീഷൻ ഓൺ ചാർജ് ഡോട്ട് കോം ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ വെബ്‌സൈറ്റിലാണ് സീരിയലിനെതിരെ വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരാണ് ഈ പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്.

18 വയസ്സായ പെൺകുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മിൽ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലിന്റെ പ്രമേയം. തേജസ്വി പ്രകാശ് ആണ് പരമ്പരയിലെ നായിക.