- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഉദ്യോഗസ്ഥയ്ക്ക് ഇനി യൂണിഫോം വേണ്ട; ഉദ്യോഗസ്ഥയെ യൂണിഫോമുള്ള ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് എസ് സി- എസ് ടി കമ്മീഷന്റെ ഉത്തരവ്; പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് മാറ്റാനും നിർദ്ദേശം
തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ എസ് സി- എസ് ടി കമ്മീഷന്റെ ഉത്തരവ്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും നിർദ്ദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി സേനയുടെ അന്തസ്സിന് കളങ്കമേൽപ്പിച്ചെന്നും കമ്മീഷൻ വിലയിരുത്തി.പൊലീസുകാരിക്കെതിരെ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നു പറഞ്ഞ കമ്മീഷൻ പിങ്ക് പൊലീസിനു പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ടു
ആറ്റിങ്ങൽ ഊരൂപൊയ്ക സായ്ഗ്രാമത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജയചന്ദ്രനും (38) മകൾ എട്ടുവയസുകാരിയുമാണ് പൊലീസിന്റെ അപമാനത്തിന് ഇരയായത്. ഐഎസ്ആർഒയിലേക്കു കൂറ്റൻ കാർഗോയുമായി വന്ന വാഹനം കാണാൻ മൂന്നു മുക്കിലെത്തിയതായിരുന്നു പിതാവും മകളും.പൊലീസിലെ വനിതാ വിഭാഗമായ പിങ്ക് പൊലീസിന്റെ വാഹനത്തിൽനിന്ന് ജയചന്ദ്രൻ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു അപമാനം.
പൊലീസ് വാഹനത്തിൽനിന്നെടുത്ത ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ട രജിതയെന്ന പൊലീസുകാരി സ്റ്റേഷനിലേക്കു കൊണ്ടുപോകുമെന്നു പറഞ്ഞതോടെ ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. മോഷ്ടിച്ചില്ലെന്നു ജയചന്ദ്രൻ ആവർത്തിച്ചു പറഞ്ഞെങ്കിലും പൊലീസുകാരി വിശ്വസിച്ചില്ല.നടുറോഡിലെ വിചാരണ കണ്ടു തടിച്ചുകൂടിയ നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടു.
ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ഫോണിലേക്കു വിളിച്ചപ്പോൾ കാറിനുള്ളിൽനിന്നും ഫോൺ ശബ്ദിച്ചു. പരിശോധനയിൽ കാറിലെ ബാഗിനുള്ളിൽനിന്നു തന്നെ ഫോൺ കണ്ടെടുത്തതോടെ പൊലീസ് വാദങ്ങൾ പൊളിഞ്ഞു. പരിസരത്തുണ്ടായിരുന്ന യുവാക്കൾ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പൊലീസുകാരിക്കു വീഴ്ച പറ്റിയെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് ദക്ഷിണമേഖല ഐജിയും സംഭവം അന്വേഷിച്ചു. പിന്നീട് പൊലീസുകാരിയെ പിങ്ക് പൊലീസിൽനിന്നു സ്ഥലം മാറ്റി.എന്നാൽ ഉദ്യോഗസ്ഥക്കെതിരേ കർശന നടപടി വേണമെന്നായിരുന്നു ജയചന്ദ്രന്റെയും കുടുംബത്തിന്റെയും ആവശ്യം. വിവിധ സംഘടനകളും ഇവർക്ക് പിന്തുണമായി രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ