കണ്ണൂർ: തലശ്ശേരി സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് എ.എൻ. ഷംസീർ എംഎ‍ൽഎ യെ നീക്കി. കോൺഗ്രസ്സ് (എസ്)ൽ നിന്നും സിപിഎമ്മിലെത്തിയ അഡ്വ. കെ. ഗോപാലകൃഷ്ണനാണ് പ്രസിഡണ്ടിന്റെ ചുമതല നൽകിയിട്ടുള്ളത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടായ ഷംസീർ അടുത്ത കാലത്തായി പാർട്ടിക്ക് അകത്തും പുറത്തും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. അരിയിൽ ഷുക്കൂർ വധം പാർട്ടിയുടെ അറിവോടെയെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതോടെ ഷുക്കൂർ വീണ്ടും വിവാദത്തിൽ അകപ്പെട്ടത് കഴിഞ്ഞദിവസമാണ്.

കുട്ടിമാക്കൂൽ ദളിത് പെൺകുട്ടിയെ ടെലിവിഷൻ അഭിമുഖത്തിൽ അപകീർത്തിപ്പെടുത്തി എന്ന പേരിൽ ഷംസീറിനെതിരെ കേസുണ്ടായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കേസിൽ അടുത്ത കാലത്താണ് ഷംസീറിനെ പ്രതിപ്പട്ടികയിൽ നിന്നും പൊലീസ് ഒഴിവാക്കിയത്. അതിനു ശേഷം ആശുപത്രി സൊസൈറ്റി പ്രസിഡണ്ടിന്റെ മുറിയിൽ ടി.വി. ചാനലുകൾക്ക് സ്റ്റുഡിയോ സൗകര്യം ഒരുക്കി എന്ന ആക്ഷേപവും ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎമ്മിന് ബന്ധമുണ്ടെന്ന് പരോക്ഷമായി ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞത് സിപിഎം ജില്ലാ നേതൃത്വത്തേയും ജില്ലാ സെക്രട്ടറി പി.ജയരാജനേയും പ്രതിക്കൂട്ടിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സംഘം ഭരണ സമിതി യോഗമാണ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഷംസീറിനെ മാറ്റാൻ തീരുമാനിച്ചത്.

യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹെബിന്റെ കൊലയാളികളെ പിടികൂടണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട എം.എസ്.എഫ്. പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ കൊലപാതകവും സിപിഎമ്മിനെതിരെ വീണ്ടും ചർച്ചയായത്. ഷുക്കൂറിന്റെ കൊലപാതകം സംബന്ധിച്ച് സിപിഎം എംഎൽഎയായ എ.എൻ. ഷംസീറിന്റെ പ്രതികരണം കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചു.

ഷുക്കൂർ വധക്കേസിൽ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് നേരത്തെ ആവർത്തിച്ച് പറഞ്ഞ പാർട്ടി നിലപാടിന് വിരുദ്ധമായാണ് ഷംസീറിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. പാർട്ടിക്ക് ബന്ധമില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന ഷംസീറിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് മുസ്ലിം ലീഗും അവരുടെ പോഷക സംഘടനകളും രംഗത്തിറങ്ങി്. ഷുക്കൂർ കൊലക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്ന് അവർ സിപിഐ.(എം) നോട് ആവശ്യപ്പെടുകയും ചെയ്തു.

ഷുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന സിപിഎം നിലപാട് ആവർത്തിക്കുന്നതിനിടയിലാണു ചാനൽ ചർച്ചയിൽ ഷുക്കൂർ കൊലക്കേസിനെക്കുറിച്ചു പരാമർശമുണ്ടായത്. 'ഷുക്കൂറിന്റേത് ആസൂത്രിതമായ കൊലപാതകമായിരുന്നില്ല. ആൾക്കൂട്ടം ആക്രമിച്ചതാണ്. അതൊരു ആൾക്കൂട്ട മനഃശ്ശാസ്ത്രമായിരുന്നു. അതിനെ ഞങ്ങൾ ന്യായീകരിച്ചിട്ടില്ല. പാർട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞിട്ടുമില്ല' ഷംസീർ പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുത്തു.ഇതോടെ സിപിഎം വെട്ടിലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടിയുടെ ചുമതലയുള്ള ആശുപത്രിയുടെ പ്രസിഡന്റ് സ്ഥാനത്ത് ഷംസീറിനെ മാറ്റുന്നത്.

എംവി നികേഷ്‌കുമാർ നയിച്ച ന്യൂസ് നൈറ്റ് ചർച്ചയിലാണ് തലശേരിയിൽ നിന്നുള്ള സിപിഐഎം എംഎൽഎയായ ഷംസീർ, അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎമ്മിന് പങ്കുള്ളതായി വെളിപ്പെടുത്തിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്ന വിഷയമായിരുന്നു ന്യൂസ് നൈറ്റ് ചർച്ച ചെയ്തത്. ഈ ചർച്ചയിൽ കോൺഗ്രസ് നേതാവ് കെ സുധാകരനുമായി നടത്തിയ സംവാദത്തിനിടെയാണ് അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറഞ്ഞത്.

2012 ഫെബ്രുവരിയിലാണു മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന തളിപ്പറമ്പ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച വാഹനം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പകരമായി ഷുക്കൂറിനെ സമീപത്തെ പാർട്ടിഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇത് സിപിഎം നടത്തിയ വധശിക്ഷയാണെന്ന് പോലും വിവാദം ഉയർന്നു. ഈ സംഭവമാണ് പാർട്ടിക്ക് അറിയാമായിരുന്നുവെന്ന് ഷംസീർ സമ്മതിക്കുന്നത്. ഇതോടെ വിഷയം വലിയ ചർച്ചയാവുകയായിരുന്നു.