- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിൻ പോളി ബിജു പൗലോസായി വീണ്ടും വരും; ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
തിരുവനന്തപുരം: മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും റിയലിസ്റ്റിക്കായ പൊലീസ് മൂവിയാണ് നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു. പതിവു പൊലീസ് ചിത്രങ്ങളിൽ ഏറെ വ്യത്യസ്തമായിരുന്നു നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. വലിയ സ്വീകാര്യത ലഭിച്ച ഈ സിനിമക്ക് രണ്ടാം ഭാഗവും എത്തുകയാണ്.
സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം അടക്കം ചെറിയ വേഷങ്ങളിൽ എത്തിയവർ പോലും മിന്നും പ്രകടനം കൊണ്ട് അതിശയിപ്പിച്ചിരുന്നു. ചെറുകഥാപാത്രങ്ങൾ പോലും പിന്നീട് ട്രോളുകളിലും മീമുകളിലുമെല്ലാം സ്ഥാനം പിടിച്ചിരുന്നു. നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് രണ്ടാം ഭാഗം ഇറങ്ങുന്ന കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്.
താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്‌സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകൾ. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്‌കരിച്ചത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രജോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.
അടുത്തമാസം 22 നാണ് നിവിൻ പോളി- എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലെ മഹാവീര്യർ പുറത്തിറങ്ങുന്നത്. ആസിഫ് അലി, ലാൽ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.