പ്രേമത്തിന്റെ വിജയത്തിന് ശേഷം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന യുവതാരമായി മാറിയ നിവിൻ പോളിയുടെ പുതിയ ചിത്രമായ ആക്ഷൻ ഹീറോ ബിജു വീണ്ടും ചിത്രീകരണം മുടങ്ങിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നിവിന് കണ്ണിന് ബാധിച്ച അസുഖം മൂലം ചിത്രീകരണം നിർത്തിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇപ്പോൾ പ്രൊഡക്ഷൻ ഹൗസുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ചിത്രീകരണം മുടങ്ങിയെന്ന വാർത്ത വന്നിരിക്കുന്നത്.

നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ 1983 എന്ന ചിത്രം സമ്മാനിച്ച എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷൻ രംഗത്ത് പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചിത്രം നിർത്തി വയ്ക്കാൻ നിവിൻ തന്നെ നിർദ്ദേശം നൽകുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആക്ഷൻ കോമഡി രീതിയിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എബ്രിഡ് ഷൈനും മുഹമ്മദ് ഷെഫീഖും ചേർന്നാണ് എഴുതിയിരിക്കുന്നത്. നിവിൻ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അതിഥി താരമായി ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.

എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ നിവിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രശ്‌നങ്ങളെന്നും, സൂപ്പർതാരത്തിന്റെ നേതൃത്വത്തിൽ വൻ കോക്കസ് ഇതിനായി പ്രവർത്തനം നടത്തുന്നുമെന്നുള്ള പ്രചാരണങ്ങളും ഇതോടെ ശക്തമാവുകയാണ്.