- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യയ്യേ നാണക്കേട്; റെയ്ഡിൽ പിടിച്ചെടുത്ത ഫോണിന് പകരം കോടതിയിൽ ഹാജരാക്കിയത് കേടായ ഫോൺ; പരവൂർ സ്റ്റേഷനിൽ മൊബൈൽ ഫോൺ അടിച്ചുമാറ്റിയ പൊലീസുകാർക്ക് കൂട്ടസ്ഥലംമാറ്റം
കൊല്ലം: റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോൺ കസ്റ്റഡിയിൽ നിന്നും കാണാതായ സംഭവത്തിൽ കൊല്ലം പരവൂർ സ്റ്റേഷനിൽ കൂട്ടസ്ഥലം മാറ്റം. ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എട്ട് പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മിഷണർ തിരുവനന്തപുരം ജില്ലയിൽ അടക്കം വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. വനിതാ പൊലീസുകാർ ഉൾപ്പടെയുള്ളവരും നടപടി നേരിടുന്നവരിൽ ഉണ്ടെന്നാണ് സൂചന. കൂടുതൽപേർക്കെതിരെ ഉടൻ നടപടിയുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോണാണ് മോഷണം പോയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. കുട്ടികളുടെ അശ്ലീല വീഡിയോകൾ പതിവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ നിർദേശങ്ങൾ അനുസരിച്ച് നടത്തിയ റെയ്ഡിൽ പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണാണ് മോഷണം പോയത്.
ഫോൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തിരിമറി പുറത്തറിയുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം മറ്റൊരു കമ്പനിയുടെ പ്രവർത്തനരഹിതമായ ഫോണാണ് നൽകിയതെന്ന് പരിശോധനാ ചുമതലയുള്ള കോടതി ജീവനക്കാരൻ കണ്ടെത്തുകയായിരുന്നു. സീലില്ലാതെ ഹാജരാക്കിയതിൽ സംശയം തോന്നിയ കോടതി ജീവനക്കാരൻ രേഖകളുമായി ഒത്തുനോക്കിയപ്പോഴാണ് ഫോൺ മാറ്റിയെന്ന് വ്യക്തമായത്. തൊണ്ടിമുതലായ ഫോൺ കാണാതായതോടെ പ്രതിയായ യുവാവിനെ ശിക്ഷിക്കാനാകില്ല. സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ആരോ മൊബൈൽ ഫോൺ മാറ്റിയെന്നാണ് സംശയിക്കുന്നത്.
സംഭവം വിവാദമായതോടെ ചാത്തന്നൂർ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് പൊലീസുകാരെ സ്ഥലം മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും മോഷ്ടാവിനെ വൈകാതെ കണ്ടെത്തുമെന്നും ചാത്തന്നൂർ എസിപി പറഞ്ഞു.
അതേസമയം സംഭവത്തിൽ നിരപരാധികളുടെ പേരിൽ പോലും നടപടിയെടുക്കുന്നുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്. സംഭവസമയത്ത് കോവിഡ് ചികിത്സയിലുണ്ടായിരുന്നവർ പോലും ട്രാൻസ്ഫർ പട്ടികയിലുണ്ടെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ