തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദം പാർട്ടിയെ പിടിച്ചുലയ്ക്കുന്ന തലത്തിലേക്ക് ബിജെപി അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ അന്വേഷണ കമ്മിഷൻ അംഗമായ എ കെ നസീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും. പാർട്ടിയുടെ മേലെത്തട്ടിലുള്ള ചില നേതാക്കളും അന്വേഷണ കമ്മിഷൻ അംഗങ്ങളും മാത്രം അറിയുന്ന കാര്യം പുറത്തേക്ക് ചോർന്നതാണ് ഇപ്പോൾ വലിയ വിവാദത്തിലേക്കും ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേക്കും വളർന്നത്. ഇതോടെ പാർട്ടിക്കെതിരെ ശക്തമായ നീക്കങ്ങളാണ് മുഖ്യ എതിരാളികളായ കോൺഗ്രസ്സും സിപിഎമ്മും ഉൾപ്പെടെ നടത്തുന്നതും. ഇതോടെ പാർട്ടി ദേശീയ തലത്തിൽ തന്നെ നാണക്കേടിലുമായി.

മാത്രമല്ല, മെഡിക്കൽ കോഴ വിവാദത്തിലുപരി പാർട്ടി നേതാക്കളുടെ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കി കൂടുതൽ കോഴ ആരോപണങ്ങളും പണപ്പിരിവിന്റെ വിവരങ്ങളും ഒന്നൊന്നായി പുറത്തുവരികയാണ്. വർക്കലയിലെ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാൻ കോഴവാങ്ങിയെന്ന ആരോപണം ബിജെപി കേരള ഘടകത്തേ പിടിച്ചുലയ്ക്കുകയാണിപ്പോൾ. മെഡിക്കൽ കോഴ വിവാദത്തിൽ ലോക്‌സഭയിലുൾപ്പെടെ പ്രക്ഷുബ്ധാന്തരീക്ഷം ഉണ്ടായതോടെ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരും. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം സഹകരണ സെൽ സംസ്ഥാന കൺവീനർ ആർഎസ് വിനോദിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നുവരെ പുറത്താക്കിയത്.

പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന് കണ്ടെത്തിയ സംസ്ഥാന സെക്രട്ടറിയും അന്വേഷണ കമ്മീഷൻ അംഗവുമായ എ.കെ.നസീറിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന സാഹചര്യം ഉണ്ടാവുന്നത് അങ്ങനെയാണ്. നേതാക്കൾ കോഴ വാങ്ങിയെന്ന് കണ്ടെത്തിയ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് നസീറാണെന്നാണ് പാർട്ടിയുടെ നിഗമനം. എ.കെ.നസീറിന്റെ ഇ മെയിൽ വഴിയാണ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തു പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പകർപ്പിൽ തന്നെ എ.കെ.നസീറിന്റെ മെയിൽ അഡ്രസ് കണ്ടതാണ് പാർട്ടി തെളിവായി എടുത്തത്.

എന്നാൽ റിപ്പോർട്ട് ചോർത്തിയതിന് പിന്നിൽ വേറെയും ചില നേതാക്കന്മാർക്ക് പങ്കുണ്ടെന്നും നസീർ മാത്രമല്ല ഇക്കാര്യത്തിൽ നീക്കം നടത്തിയതെന്നും പാർട്ടി നേതൃത്വം സംശയിക്കുന്നുണ്ട്. കോഴ നൽകി മെഡിക്കൽ കോളേജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബി.ഡി.ജെ.എസിന്റെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ മേയിലാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കിയ കമ്മീഷൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം. ഗണേശ്, കെ. സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്കു മാത്രമാണു റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതോടെ സംഭവം വിവാദമാവുകയായിരുന്നു.

ഇതിന് പിന്നാലെ വലിയ വേറെയും അഴിമതി ആരോപണങ്ങൾ പാർട്ടിക്കെതിരെ ഉയർന്നുതുടങ്ങിയതോടെ സംസ്ഥാന നേതൃത്വം വലിയ പ്രതിസന്ധിയിലുമായി. തിരുവനന്തപുരം ടെക്‌നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപി.യിൽ ആരോപണം ഉയർന്നു. അന്വേഷണ കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാന സമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കൾ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിൽ അറിയിച്ചത്. പാർട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കൻ സംസ്ഥാനത്ത് ഗവർണർപദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസർക്കാരിൽ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങളും ഇപ്പോൾ ചർച്ചയായിത്തുടങ്ങി.

വടക്കൻ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താൻ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് പാർട്ടി കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്. ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തിൽ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നതിനാൽ ബിജെപി സംസ്ഥാന നേതൃത്വം വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ.