- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രെറ്റ തൻബെർഗ് ടൂൾകിറ്റ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്; പിടിയിലായത് 21കാരിയായ പരിസ്ഥിതി പ്രവർത്തക; ബെംഗളുരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത ദിഷ രവിയെ ഡൽഹിയിലേക്ക് കൊണ്ടുവരികയാണെന്നും റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഗ്രെറ്റ തൻബെർഗ് ടൂൾകിറ്റ് കേസിൽ ബെംഗളൂരുവിൽ നിന്നുള്ള 21 കാരിയായ കാലാവസ്ഥാ പ്രവർത്തകയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 21 വയസുകാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്. "ഫ്രൈഡേ ഫോർ ഫ്യൂച്ചർ" കാമ്പയിനിന്റെ സ്ഥാപകരിൽ ഒരാളാണ് ദിഷാ രവി.
ബെംഗളുരുവിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ഇവരെ ബെംഗളുരുവിൽ നിന്നും ഡൽഹിയിലേക്ക് കൊണ്ടുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ എങ്ങനെ പിന്തുണയ്ക്കാമെന്ന് ആളുകളെ ഉപദേശിച്ചുകൊണ്ടുള്ള ടൂൾ കിറ്റ് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് അടക്കമുള്ളവർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ടൂൾകിറ്റ് നിർമ്മിച്ചവർക്കെതിരേ കേസെടുത്തതായും എഫ്ഐആറിൽ ആരുടേയും പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ പർവീർ രഞ്ജൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഖലിസ്ഥാനി ഗ്രൂപ്പുകളാണ് ടൂൾകിറ്റിന് പിന്നിലെന്നും റിപ്പബ്ലിക് ദിനത്തിലെ സംഭവത്തിന് ശേഷം ഒരു ഡിജിറ്റൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടതായും ഡൽഹി പൊലീസ് ആരോപിച്ചു.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂൾകിറ്റ് എന്ന പേരിൽ സമരപരിപാടികൾ ഗ്രേറ്റ തൻബർഗ് നേരത്ത ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. അതാണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഗ്രേറ്റ തൻബർഗ് പങ്കുവെച്ച ടൂൾകിറ്റ് പ്രതിഷേധ പരിപാടികളിൽ കേസെടുത്തുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തത്. ഡൽഹി സൈബർ സെല്ലായിരുന്നു അന്വേഷണം നടത്തിയത്. എന്നാൽ ആർക്കൊക്കെ എതിരെയാണ് കേസെടുത്തത് എന്ന വിവരം പൊലീസ് പുറത്തുവിട്ടിരുന്നില്ല.
ട്വീറ്റിനും ടൂൾകിറ്റിനും പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കന്ന സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്. രാജ്യത്ത് സാമൂഹിക അസ്വാസ്ഥ്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആണ് ടൂൾകിറ്റ് തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ വാദം. കർഷക പ്രതിഷേധത്തിനെതിരെ ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്ന നടപടിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഗ്രെറ്റ തൻബർഗനെതിരെ ഡൽഹി പൊലീസ് കേസെടുത്തത്.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 120 ബി, 153-എ എന്നിവ പ്രകാരമാണ് ഡൽഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത്. ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. കേസെടുത്താലും താൻ എപ്പോഴും കർഷകർക്കൊപ്പം തന്നെ എന്നായിരുന്നു ഗ്രെറ്റ പ്രതികരിച്ചത്. ‘ഞാൻ കർഷകരോടൊപ്പം നിൽക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ, ഭീഷണികളോ, മനുഷ്യാവകാശ ലംഘനങ്ങളോ ഈ തീരുമാനത്തിൽ മാറ്റം വരുത്തില്ല. #farmersprotest', അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ