ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ യന്തിരൻ 2.0 വരാനിരിക്കേ നടൻ അശ്വിൻ കുമാറും സംവിധായകൻ ശങ്കറും അതിഥികളായ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ. കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അശ്വിന്റേത്. രജനീകാന്ത് നായകനായ ശിവാജി എന്ന ചിത്രത്തിലെ സീനാണ് തഗ് ലൈഫ് വീഡിയോയിലൂടെ അശ്വിൻ അനുകരിച്ച് കാണിച്ചത്. മികച്ച പ്രകടനം കാഴ്‌ച്ച വച്ച അശ്വിനെ കയ്യടിച്ചാണ് സംവിധായകൻ ശങ്കർ അഭിനന്ദിച്ചത്.

ചെന്നൈയിൽ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തത്. ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ '2.0'യിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് ശബ്ദം നൽകിയതും അശ്വിനാണ്. ഹിന്ദി നടൻ ചെയ്ത കഥാപാത്രത്തിനാണ് അശ്വിൻ ശബ്ദം കൊടുത്തത്. അശ്വിന്റെ ഡബ്ബിങ് തന്നെ അത്ഭുതപെടുത്തിയെന്നു ശങ്കർ പറയുന്നു. ഏറെ അന്വേഷിച്ചിട്ടാണ് അശ്വിനെപോലെ ഒരു ഡബ്ബിങ് ആര്ടിസ്റ്റിനെ കണ്ടു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഡബ്ബിങ്ങിന് വരുന്ന ആർട്ടിസ്റ്റുകൾ ഭാവമാറ്റത്തോടെയോ, വികാരപരമായോ അല്ല ഡബ് ചെയ്യാറുള്ളത്. എന്നാൽ അശ്വിൻ കുമാർ കഥാപാത്രത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടാണ് ഡബ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വൃദ്ധനായ കഥാപാത്രത്തിനാണ് അശ്വിൻ ശബ്ദം നൽകിയത്. അന്ന് മുതൽ അശ്വിനുമായി ഒരു കൂടിക്കാഴച്ചയ്ക്ക് താൻ ശ്രമിക്കുകയായിരുന്നുവെന്നും ശങ്കർ പറയുന്നു. ശങ്കറിന്റെ 'കാതലൻ' എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ വിക്രമും അഭിനയരംഗത്തേക്ക് വരുന്നത്.

കൂടിക്കാഴ്ചയ്ക്കിടയിൽ മടിച്ചുമടിച്ചാണ് സിനിമയിലെ രംഗം താൻ അഭിനയിച്ച് കാണിക്കട്ടെ എന്ന് ചോദിച്ചതെന്നു അശ്വിൻ പറയുന്നു. എന്നാൽ ശങ്കർ സന്തോഷപൂർവം ആ അപേക്ഷ സ്വാഗതം ചെയ്യുകയായിരുന്നു. 5 മിനിറ്റ് സമയം അനുവദിച്ച ശങ്കർ 25 മിനിറ്റോളം അശ്വിന്റെ പ്രകടനം ആസ്വദിക്കാനായി ചെലവാക്കി. അവസാനം അഭിനന്ദനത്തോടൊപ്പം ഒരു 'ഷേക്ക്ഹാൻഡ്' കൂടി നൽകിയാണ് ശങ്കർ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

മിമിക്രിയിലൂടെയാണ് അശ്വിൻ കുമാർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. റഹ്മാൻ നായകനായ 'ധ്രുവങ്ങൾ പതിനാറ്' എന്ന ചിത്രത്തിലാണ് അശ്വിൻ ആദ്യമായി അഭിനയിച്ചത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് മലയാള ചിത്രമായ 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' ആയിരുന്നു. പിന്നീട് പ്രിത്വിരാജ്-റഹ്മാൻ ചിത്രമായ 'രണം-ഡെട്രോയ്റ്റ് ക്രോസിങ്' എന്ന ചിത്രത്തിലും വില്ലന്റെ കൈയാളായി അശ്വിൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അവസാനമായി അഭിനയിച്ചത് ഗൗതം മേനോന്റെ 'എന്നെ നോക്കി പായും തോട്ടയ്യ്' എന്ന ധനുഷ് ചിത്രത്തിലാണ്.