കൊച്ചി: നടിയെ അക്രമിച്ച സംഭവം മലയാള സിനിമാ രംഗത്ത് വിവാദ ചൂട് കടുപ്പിച്ചിരിക്കേ കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗങ്ങളായ പാർവ്വതി, പത്മപ്രിയ, രേവതി, രമ്യാ നമ്പീശൻ, അഞ്ജലി മേനോൻ തുടങ്ങിയവർ പത്ര സമ്മേളനം നടത്തിയത് ഏറെ ചർച്ചയായിരുന്നു. ഇതിൽ താര സംഘടനയായ അമ്മയുടെ ഭാരവാഹികൾക്കെതിരെ ശക്തമായ ആരോപണങ്ങളാണ് നടിമാർ ഉന്നയിച്ചത്. അക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തിൽ വീണ പൂച്ചയെന്ന് നടൻ ബാബുരാജ് പറഞ്ഞിരുന്നുവെന്നും ഇത് അധിക്ഷേപിക്കുന്ന തരത്തിലാണെന്നുമുള്ള രീതിയിലാണ് നടി പ്രതികരിച്ചത്. എന്നാൽ ഇതേക്കുറിച്ച് നടൻ ബാബുരാജ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡബ്ല്യൂസിസിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ബാബുരാജ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചത്. ആ പെൺകുട്ടിയുടെ അവസ്ഥയെയാണ് താൻ അത്തരത്തിൽ വ്യാഖ്യാനിച്ചത്. ആ നടി മുമ്പ് തൊട്ടേ എന്റെ നല്ലൊരു സുഹൃത്താണ്. ഇവരേക്കാളൊക്കെ മുമ്പ് ഞങ്ങൾ തമ്മിൽ പരിചയവുമുണ്ട്. ഞാനിപ്പോഴും പെൺകുട്ടിയുമായി ഫോണിൽ സംസാരിക്കാറുള്ളതുമാണ്. ആ പെൺകുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്. അവരെ അത്തരത്തിൽ വിശേഷിപ്പിച്ചത് എന്ത് അർഥത്തിലെന്ന് തെളിയിക്കുന്ന മുഴുവൻ വീഡിയോയും എന്റെ പക്കലുണ്ട്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നിൽക്കുന്ന രചന നാരായണൻകുട്ടി, ആസിഫ് അലി തുടങ്ങിയവരും സംഘടനയിലുൾപ്പെടുന്ന പലരുമായി അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് അവർ സംസാരിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.

പാർവതി അതു മോശമെന്ന് വ്യാഖ്യാനിച്ചത് അതിന്റെ അർഥമറിയാത്തതു കൊണ്ടാകാമെന്നും ബാബുരാജ് പറഞ്ഞു. ഞാനുൾപ്പെടെയുള്ള എ എംഎംഎ എക്സിക്യൂട്ടീവ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങൾക്കും പെൺകുട്ടിക്കു വേണ്ടി ചങ്കു കൊടുക്കാൻ തയ്യാറാണ്. അന്നത്തെ ആ ആക്രമണ സംഭവത്തിൽ ആ കുട്ടിക്ക് പൂർണ പിൻതുണയുമായി തന്നെയാണ് ഞാൻ രംഗത്തു വന്നത്. എന്നിട്ടും ഇത്തരം തെറ്റായ വ്യാഖ്യനങ്ങൾ നടത്തുന്നതിനു പിന്നിൽ മറ്റുദ്ദേശങ്ങളാകാമെന്നും ബാബുരാജ് പറഞ്ഞു. മോഹൻലാൽ നടിമാർ എന്നു വിളിച്ചുവെന്നാരോപിച്ചായിരുന്നു സമ്മേളനത്തിലുന്നയിക്കപ്പെട്ട മറ്റൊരു വിമർശനം. എന്റെ ഭാര്യ ഒരു നടിയാണ്. നടിയെ നടിയെന്നല്ലാതെ മറ്റെന്തു വിളിക്കും? വക്കീലിനെ വക്കീലെന്നും ഡോക്ടറെ ഡോക്ടറെന്നു തന്നെയല്ലേ പറയുക? എഎംഎംഎ എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയിൽ മോഹൻലാലിനെതിരെ തിരിയുന്നതും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു.

അയാളെന്നും അദ്ദേഹമെന്നുമാണ് ലാലേട്ടനെ അവർ വിശേഷിപ്പിച്ചത്. അത് തീർത്തും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു. വെറുതെ 'ഓലപ്പാമ്പ്' കാണിച്ചു പേടിപ്പിക്കുകയുമാണ്. ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ സംഭാവന ചെയ്ത അമ്പതു ലക്ഷത്തിനു പുറമേ ഒരു കോടി രൂപ കൂടി സമാഹരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. എന്തു കൊണ്ട് അത്തരം വിഷയങ്ങളൊന്നും ചർച്ച ചെയ്യുന്നില്ലെന്നും ബാബുരാജ് ആരാഞ്ഞു. ഡബ്ല്യൂസിസിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച്ച നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിഷേധസ്വരങ്ങളുടെ പെരുമഴയായിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ പിൻതുണച്ച് നടിമാരായ രേവതി, പാർവ്വതി, പത്മപ്രിയ തുടങ്ങിയവർ തുറന്ന ചർച്ചകളുമായി എത്തിയിരുന്നു. നേരത്തെ എഎംഎംഎയുടെ നേതൃത്വത്തിൽ നടന്ന ഒരു ചർച്ചക്കിടയിൽ ബാബുരാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലാണ് വിശേഷിപ്പിച്ചതെന്ന് പാർവതി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ അന്നതിനെ പിൻതുണച്ച വ്യക്തിയാണ് പിന്നീട് അവരെ ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന് പാർവ്വതി സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.