- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോട്ട ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു; ദീപ് മരിച്ചത് സിംഘു അതിർത്തിക്കു സമീപം എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ: പൊലിഞ്ഞു പോയത് കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ആദ്യത്തെ സെലിബ്രിറ്റി

ന്യൂഡൽഹി: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. 37 വയസ്സായിരുന്നു. ഹരിയാനയിലെ സിംഘു അതിർത്തിക്കു സമീപം സോനിപത്തിലെ എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സിദ്ദു ആശുപത്രിയിലേക്കുള്ള മാർഗമധ്യേയാണു മരിച്ചതെന്നാണു വിവരം. ഡൽഹിയിൽ നിന്ന് പഞ്ചാബിലെ ഭട്ടിൻഡയിലേക്ക് കാറിൽ പോകവെയാണ് അപകമുണ്ടായത്. ട്രക്കിന് പിറകിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്ക്ഷണം മരിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ആദ്യത്തെ സെലിബ്രിറ്റിയായിരുന്നു ദീപ് സിദ്ദു. കർഷക സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞവർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ ആരോപണ വിധേയനായ അദ്ദേഹം അറസ്റ്റിലുമായി. കർഷക സമരത്തിനിടെ 2021ലെ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടയാളാണ് ദീപ്. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തുതന്നെ ആദ്യമായി കർഷകർക്കു പിന്തുണയുമായി രംഗത്തെത്തിയ സെലിബ്രിറ്റിയായിരുന്നു ദീപ്. അതേസമയം കർഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിൽ ദീപ് സിദ്ദുവിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ടായിരുന്നു. കർഷകസമരം സിംഘു അതിർത്തിയിലേക്ക് എത്തുന്നതിനു മുൻപേ പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലേക്കു പ്രക്ഷോഭം വ്യാപിപ്പിക്കാൻ സിദ്ദു മുൻകൈ എടുത്തിരുന്നു. ഈ പ്രദേശങ്ങളിൽ നടന്ന സമരങ്ങളിലാണു ഖലിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറിയെന്ന ആരോപണം ബിജെപിയും ആർഎസ്എസും മറ്റു പോഷക സംഘടനകളും ആദ്യമായി ഉയർത്തിയത്.
1984ൽ പഞ്ചാബിലെ മുക്‌സർ ജില്ലയിൽ ജനിച്ച ദീപ് സിദ്ദു നിയമബിരുദധാരിയാണ്. വിദ്യാഭ്യാസത്തിന് ശേഷം സിനിമയിലേക്ക് തിരിയുകയായിരുന്നു. 2015ലാണ് ആദ്യ സിനിമ പുറത്തിറങ്ങുന്നത്. നടൻ ധർമേന്ദ്ര നിർമ്മിച്ച 'റമ്ത ജോഗി' എന്ന പഞ്ചാബി ചിത്രത്തിൽ അഭിനയിച്ചായിരുന്നു രംഗപ്രവേശം. മോഡലിങ് രംഗത്തും ഏറെ ശ്രദ്ധേയനായി. 2018ലെ ജോറ ദാസ് നുബ്രിയ എന്ന ചിത്രത്തിലെ ഗുണ്ടാ നേതാവിന്റെ വേഷത്തിലൂടെയാണു ശ്രദ്ധേയനാകുന്നത്. 'ജോ ദ് സെക്കൻഡ് ചാപ്റ്ററി'ലാണ് അവസാനം അഭിനയിച്ചത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുർദാസ്പുരിൽ മത്സരിച്ച ബിജെപി നേതാവും അഭിനേതാവുമായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ദീപ് ഭാഗമായിരുന്നു. റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിൽ ഖേദം പ്രകടിപ്പിച്ച സണ്ണി, തനിക്കോ കുടുംബത്തിനോ ദീപുമായി യാതൊരു ബന്ധവും ഇല്ലെന്നാണു പ്രതികരിച്ചത്. അക്രമമുണ്ടാക്കുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് സിദ്ദു ചെങ്കോട്ടയിൽ 2021 ലെ റിപ്പബ്ലിക് ദിനത്തിൽ അതിക്രമം നടത്തിയതെന്നാണു പൊലീസ് പറഞ്ഞത്.
ചെങ്കോട്ട സംഭവത്തിലെ പ്രധാന പ്രേരകശക്തി ദീപ് സിദ്ദുവാണെന്നും ആളുകളെ പ്രകോപിപ്പിച്ച് അക്രമത്തിനു പ്രേരിപ്പിച്ചെന്നും പൊലീസ് ഡൽഹി കോടതിയെ അറിയിച്ചിരുന്നു. വാളും വടികളും കൊടികളുമായി സിദ്ദുവിനെ ഒരു വിഡിയോയിൽ കണ്ടതായും പൊലീസ് പറഞ്ഞു.അതേസമയം സംഭവത്തിന് ശേഷം സിദ്ധു ഒളിവിൽ പോയി. കർഷക സംഘടനകളും അദ്ദേഹത്തെ തള്ളി പറഞ്ഞുയ ചെങ്കോട്ട അക്രമത്തിനു പിന്നിൽ ബിജെപി ബന്ധമുണ്ടെന്നു കാട്ടാൻ സണ്ണി ഡിയോളും നരേന്ദ്ര മോദിയുമൊത്തുള്ള സിദ്ദുവിന്റെ ചിത്രങ്ങൾ കർഷക സംഘടനകൾ പുറത്തുവിട്ടെങ്കിലും സിദ്ദു ആരോപണം തള്ളിക്കളഞ്ഞിരുന്നു.
അതേസമയം ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആരോപണം. ദീപ് സിദ്ധു കർഷകരെ വഴിതെറ്റിച്ചുവെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുർം സിങ് ചദൂനിയുടെ ആരോപണം.

