- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിർന്ന നേതാക്കൾ ജില്ലയിലുണ്ട്; ധർമ്മജൻ ബോൾഗാട്ടി വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകില്ലെന്ന് നേതൃത്വം
കൊച്ചി: വൈപ്പിനിൽ ധർമജൻ ബോൾഗാട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി യുഡിഎഫ് . ഇത്തരത്തിൽ ഒരു ആലോചനയും നടക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക്ക് പ്രസൻറേഷൻ പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തനത്തിൽ പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിർന്ന നേതാക്കൾ ജില്ലയിലുണ്ട്. അവരെ മറികടന്ന ധർമജന് സീറ്റു നൽകില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പുതുമുഖങ്ങളോടൊപ്പം സിനിമാ താരങ്ങളേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇക്കൂട്ടത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരത്തിനിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്ന പ്രചാരണവും ശക്തമായിരുന്നു. എറണാകുളം ജില്ലയിലെ വൈപ്പിനിൽ നിന്ന് ധർമ്മജനെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
വൈപ്പിനിലെ സ്ഥാനാർത്ഥി ആകുന്നതിന് കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, താൻ പാർട്ടി അനുഭാവിയായതിനാൽ ആരോ പടച്ചുവിട്ട വാർത്തയാണിത് എന്നും വ്യക്തമാക്കി ധർമജനും രംഗത്ത് വന്നിരുന്നു. താൻ സ്ഥാനാർത്ഥിയാകുന്നു എന്ന വാർത്ത കേട്ട് പിഷാരടി വരെ ഇപ്പോൾ വിളിച്ചു ചോദിച്ചു, ‘ടാ, കേട്ടതിൽ വല്ല കയ്യുമുണ്ടോ' എന്ന്.
അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുള്ളത്. തനിക്ക് ഇതിൽ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന താൻ എഴുന്നേറ്റപ്പോൾ സ്ഥാനാർത്ഥിയായി . ഇതൊന്നും താനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല, കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേർന്നെടുക്കേണ്ട തീരുമാനമാണെന്നും ധർമജൻപ്രതികരിച്ചു.
വൈപ്പിനിൽ സ്ഥാനാർത്ഥി ആകുന്നുവെന്ന് ഒരു പ്രസ്താവന പോലും താൻ നടത്തിയിട്ടില്ല. പുതിയ ആൾക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിൻ തന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാർത്ത വന്നതെന്നും താരം പറയുന്നു. പണ്ടേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവനാണ് താനെന്നും പാർട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലിൽ വരെ കിടന്ന താൻ ഇനി എങ്ങോട്ട് ഇറങ്ങാനാണ് ധർമ്മജൻ പറയുന്നു. മത്സരിക്കാനാണെങ്കിൽ തന്നെ കോൺഗ്രസിലേക്കേ താൻ പോവുകയുള്ളുവെന്നും മുഴുവൻസമയം രാഷ്ട്രീയക്കാരനായിരിക്കുമെന്നുമാണ് താരത്തിന്റെ നിലപാട്.
പഠിക്കുന്ന കാലത്ത് തന്നെ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിലും സേവാദളിലും സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്.നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് നിയമസഭാ സീറ്റ് തന്നാൽ മത്സരിക്കുമോയെന്ന് ചോദിച്ചാൽ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും എന്നായിരുന്നു ധർമജൻ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചത്. അതേസമയം താൻ കോൺഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾ തനിക്ക് നൽകാൻ പാർട്ടി മടിക്കുമെന്നും താരം പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്