മിമിക്രി വേദികളിലൂടെ മിനിസ്‌ക്രീനിലേക്കും അവിടെ നിന്നും സിനിമയിലും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. സ്വന്തമായി ഫിഷ്മാർട്ട് ശൃംഘല നിർമ്മിച്ച് ധർമ്മജൻ അടുത്തിടെ ബിസിനസിലേക്കും തിരിഞ്ഞിരുന്നു. ഇപ്പോൾ വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നിത്യ ഹരിത നായകൻ എന്ന സിനിമയുടെ നിർമ്മാണവും ധർമ്മജനാണ് നിർവഹിച്ചത്.

സിനിമ ചെയ്തതിന് ശേഷം താൻ ഒട്ടേറെ ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. നിർമ്മാതാവാൻ മാത്രമുള്ള പണം തന്റെ കയ്യിൽ ഉണ്ടായിരുന്നോയെന്നും നടൻ ദിലീപാണോ യഥാർത്ഥ നിർമ്മാതാവെന്നുമുള്ള ചോദ്യങ്ങൾ ധർമ്മജന് നേരെ ഉയർന്നിരുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് താരം.

ധർമ്മജന്റെ വാക്കുകളിലേക്ക്

'ഇത്തരം ചോദ്യങ്ങൾ കുറേ പേർ എന്നോട് ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിർമ്മാതാവ്, ധർമജൻ ഒരു ബിനാമിയാണോ എന്നൊക്കെയാണ് മിക്കവരും ചോദിക്കുക. ഒരിക്കലും അല്ല കേട്ടോ, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാൻ പോലും വഴിയില്ല. നിർമ്മാതാവായത് വലിയ കാശായതുകൊണ്ടൊന്നുമല്ല. രണ്ടു നല്ല സുഹൃത്തുക്കൾ കാശുമുടക്കാൻ വന്നു, ഒപ്പം ഞാനും കാശുമുടക്കി. കാശുമുടക്കാത്ത നിർമ്മാതാവല്ല, നല്ല വേദനയുള്ള നിർമ്മാതാവാണ്.

സിനിമ നിങ്ങൾ കണ്ട് തിയറ്ററിൽ പോയി വിജയപ്പിച്ചാലേ എനിക്കു മുടക്കിയ കാശ് തിരിച്ചുകിട്ടൂ. ഇനിയൊരു സിനിമ ചെയ്യണമെങ്കിൽ നിങ്ങൾ തരുന്ന പ്രോത്സാഹനത്തിലൂടെയേ കഴിയൂ. ഞാൻ വലിയ കോടീശ്വരനാകാൻ വേണ്ടിയൊന്നുമല്ല സിനിമ നിർമ്മിച്ചത്. ഇനിയും നല്ല സിനിമകളുമായി മുന്നോട്ടുവരാൻ വേണ്ടിയാണ്.

ഒരു നല്ല സിനിമ നടക്കാതെ പോകരുത് എന്ന ചിന്തയിലാണ് ഈ സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നത്. ഞാനൊരു കോടീശ്വരന്റെ മകനനൊന്നുമല്ല. സിനിമയിൽനിന്നും മിമിക്രിയിൽനിന്നും സമ്പാദിച്ച പൈസയാണ് എന്റെ കയ്യിൽ ഉള്ളത്. മാത്രമല്ല, ഇതുവലിയ ബജറ്റ് വേണ്ടിവരുന്ന സിനിമയും അല്ലായിരുന്നു. നിർമ്മാതാവ് എന്ന നിലയിൽ എനിക്ക് ടെൻഷനൊന്നും ഇല്ലായിരുന്നു, എന്നേക്കാൾ ചിലപ്പോൾ സംവിധായകനാകും കൂടുതൽ ടെൻഷൻ അടിച്ചത്. സുഹൃത്ത് പിഷാരടിയെ നായകനാക്കാത്തത് എന്താണെന്ന ചോദ്യത്തിന് ഞാൻ ഉണ്ടാക്കിയ കാശ് എനിക്കു നശിപ്പിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണെന്നും' ധർമ്മജൻ ചിരിച്ചുകൊണ്ട് പറയുന്നു.