- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ അകത്താകുമെന്ന ഭയം; മുൻകൂർ ജാമ്യംതേടി ദിലീപ് ഹൈക്കോടതിയിൽ; വധ ഭീഷണി കേസ് കെട്ടിച്ചമച്ചതെന്ന് ഹർജിയിൽ; ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമം; വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ആസൂത്രിത നീക്കമെന്നും ഹർജിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഭീഷണി മുഴക്കിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ. വധഭീഷണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടൻ ദിലിപ് അടക്കം അഞ്ചുപേർക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാൽ അറസ്റ്റും രേഖപ്പെടുത്താമെന്നിരിക്കെയാണ് ദിലീപ് മുൻകൂർ ജാമ്യം തേടി കോടതിയിൽ എത്തിയത്.
കേസിൽ ഉൾപ്പെട്ട ദിലീപ് അടക്കമുള്ളവരെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമുള്ള നീക്കമാണ് നടക്കുന്നതെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ആദ്യ കേസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവർത്തനങ്ങൾ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്പി. ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെ കേസെടുത്തിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരെ അന്വേഷണം നടത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നു ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ദിലീപിന്റെ ഡ്രൈവർ അപ്പു, ചെങ്ങമനാട് സ്വദേശിയായ ബൈജു എന്നിവരും പേരറിയാത്ത ഒരാളും അടക്കം 6 പേരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. വധഭീഷണി മുഴക്കിയതിനും അതിനായി ഗൂഢാലോചന നടത്തിയതിനുമാണു കേസ്.
അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിരുന്നു. ദിലീപിന്റെയും സഹോദരൻ അനൂപ് അടക്കമുള്ള മറ്റു പ്രതികളുടെയും സംഭാഷണങ്ങളുടെ ശബ്ദരേഖയമാണ് ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐ.പി.സി. 116, 118, 120 ബി, 506, 34 വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
നിലവിലെ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നിയമതടസമില്ല. വരുന്ന 12 നാണ് വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇതുകൂടി കിട്ടിയശേഷം ദിലീപിനെ വിളിച്ചുവരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ അന്വേഷണ സംഘത്തിന്റെ യോഗത്തിലെ ധാരണ.
മറുനാടന് മലയാളി ബ്യൂറോ