ആലുവ: ദിലീപുമായി പിരിഞ്ഞ ശേഷം നൃത്തവും സിനിമാ അഭിനയവും നാടകവും മാജിക്കുമായി മുന്നോട്ടു പോകുകയാണ് നടി മഞ്ജുവാര്യർ. ഇതിനിടയിൽ തന്നാൽ കഴിയുന്ന വിധത്തിൽ പാവപ്പെട്ടവരെ സഹായിക്കാനും അവർ രംഗത്തുണ്ട്. അടുത്തിടെ മഞ്ജുവിന്റെ കാരുണ്യത്താൽ ചിലർക്ക് വീട് ലഭിക്കുകയും ഉണ്ടായി. എന്തായാലും മഞ്ജുവിന്റെ പാതയിൽ സന്നദ്ധ സേവന രംഗത്ത് സജീവമാകുകയാണ് നടൻ ദിലീപും. സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി 1000 വീടുകൾ നിർമ്മിച്ചു നൽകാനാണ് ദിലീപ് ഉദ്ദേശിക്കുന്നത്. 55 കോടി രൂപ മുടക്കിയുള്ള പദ്ധതി മലയാളത്തിലെ ഒരു സിനിമാതാരം ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്.

ആലുവ കേന്ദ്രമായ ജിപി ചാരിറ്റബിൾ ട്രസ്റ്റ്, കേരള ആക്ഷൻ ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്കു വിവിധ സന്നദ്ധ സംഘടനകളുടെ സഹായം ഉണ്ട്. കേരളത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന പതിനായിരങ്ങളുണ്ട്. ഇത്തരമൊരു വീട്ടിൽ അന്തിയുറങ്ങേണ്ടി വന്നതിനാലാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയത്. ഈ സംഭവമാണ് ഇത്തരമൊരു ബൃഹത്തായ ഭവന പദ്ധതിക്ക് പ്രേരണയായതെന്നു ദിലീപ് പറഞ്ഞു. സമാന സാഹചര്യത്തിൽ കഴിയുന്നവർക്കാണു വീട് അനുവദിക്കുന്നതിൽ മുൻഗണന. 'സുരക്ഷിത ഭവനം' എന്നാണ് ഈ വീടുകൾക്കു പേരിടുക.

സമൂഹവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണു കലാകാരന്മാർ. അതുകൊണ്ടാണു വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹിക സേവനത്തിനു മാറ്റിവയ്ക്കുന്നത്. 'ഒരു കൈകൊണ്ടു സഹായിക്കുന്നതു മറുകൈ അറിയരുത്' എന്നാണു പറയാറെങ്കിലും മറ്റുള്ളവരുടെ സഹായം കൂടി കിട്ടാനാണു പദ്ധതി പരസ്യമാക്കുന്നതെന്നും ദിലീപ് പറഞ്ഞു.

സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും വീടിന് അപേക്ഷിക്കാം. സ്വന്തമായി രണ്ടു സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. ജോലിയില്ലാത്ത വിധവകൾക്കു പ്രത്യേക പരിഗണന നൽകും. ഒരു വീടിന് അഞ്ചര ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ദിലീപ് ഫാൻസ് അസോസിയേഷന്റെയും കേരള ആക്ഷൻ ഫോഴ്‌സിന്റെയും വൊളന്റിയർമാർ അപേക്ഷകരുടെ ജീവിതസാഹചര്യം പരിശോധിച്ച് അർഹരായവരെ കണ്ടെത്തുമെന്ന് ആക്ഷൻ ഫോഴ്‌സ് പ്രസിഡന്റ് ഡോ. സി.എം.ഹൈദരാലി പറഞ്ഞു.

ആറു വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ജൂൺ 23നു സ്‌കൂട്ടറിന് മുകളിൽ മരം വീണ് മരിച്ച ആലുവ സ്വദേശി ടികെ സുരേഷിന്റെ കുടുംബത്തിനായിരിക്കും ആദ്യ വീട് നിർമ്മിച്ചുനൽകുക. രണ്ട് പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന സുരേഷിന്റെ കുടുംബം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സുരേഷിനു സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സർക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ സ്ഥലം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. സ്‌കൂട്ടർ വർക്ക്‌ഷോപ്പ് ജീവനക്കാരനായ സുരേഷ് കഴിഞ്ഞ 23 നാണ് പവർഹൗസ് റോഡിൽ തണൽമരം മറിഞ്ഞുവീണ് മരിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ മാത്രമാണ് സുരേഷിന്റെ കുടുംബത്തിന് ആകെ ലഭിച്ച സഹായം.

അൻവർ സാദത്ത് എംഎൽഎയുടെ അഭ്യർത്ഥന അനുസരിച്ചാണിത്. സ്വന്തം ഭൂമിയില്ലാത്ത ഇവർക്കു സർക്കാരിൽ നിന്ന് അതു ലഭ്യമാക്കാമെന്ന് എംഎൽഎ ഉറപ്പു നൽകി. ജിപി ട്രസ്റ്റും ആക്ഷൻ ഫോഴ്‌സും ചേർന്ന് ആലുവ മേഖലയിൽ മുൻപ് 66 വീടുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ട്. പദ്ധതിയിൽ പങ്കുചേരാൻ താൽപര്യമുള്ളവർക്ക് ഇൻഡസ്! ഇൻഡ് ബാങ്കിന്റെ ആലുവ ശാഖയിലേക്കു പണം അയയ്ക്കാം. അക്കൗണ്ട് നമ്പർ: 200010638611. ഐഎഫ്എസ് കോഡ്: ശിറയ 0000227. ഫോൺ: 94471 87868, 94475 77823.