ബാലി എന്ന ചിത്രം റിലീസിന് മുൻപും റിലീസിന് ശേഷവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്.സ്‌റ്റൈൽ മന്നന്റെ പഞ്ച് ഡയലോഗുകൾ നാമെല്ലാം ഏറ്റ്പറഞ്ഞു. കബാലി വെർഷൻ എന്ന പേരിൽ ചിത്രത്തിന്റെ ട്രെയിലറിന്റെ പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി വി എസ് അച്യുതാനന്ദൻ വെർഷൻ മുതൽ സാക്ഷാൽ സച്ചിൻ വെർഷനും ലയണൽ മെസി വെർഷനുമെല്ലാം രംഗത്തിറക്കി സോഷ്യൽ മീഡിയ അത് ആഘോഷമാക്കി മാറ്റുകയും ചെയ്തു.

എന്നാൽ ഇപ്പോൾ കബാലിയെ അനുകരിച്ച് നടൻ ജഗദീഷിന്റെ പെർഫോമൻസിനെ കണക്കിന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. എഷ്യാനെറ്റ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി സ്റ്റാർസ് സീസൺ രണ്ടിന്റെ 500ാം എപ്പിസോഡ് ആഘോഷിക്കുന്നതിന്റെ ഭാഗനമായിട്ടാണ് ജഗദീഷ് കബാലിയായി സ്‌റ്റേജിലെത്തിയത്. ഇതിനെ ട്രോൾ വീഡിയോ ഇറക്കിയാണ് സോഷ്യൽ മീഡിയ പരിഹസിച്ചത്.

കോമഡി സ്റ്റാർസിന്റെ ആഘോഷപരിപാടിയിൽ പ്രോഗ്രാമിന്റെ വിധികർത്താവായ ജഗദീഷ് പലപ്പോഴും നിലവാരമില്ലാതെ പെരുമാറുന്നു എന്നുൾപ്പടെ കാണിച്ചാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ജഗദീഷിനൊപ്പം സ്റ്റേജിൽ അതിഥികളായ റിമിടോമി ശ്വേതാ മേനോൻ, ബാബുരാജ്, എന്നിവരും രംഗത്തുണ്ട്. എന്തായാലും ജഗദീഷിനെ കളിയാക്കിയും ഇത്തരം പരിപാടികൾ ഇനിയും നടത്തരുതെന്നും ആവശ്യപ്പെട്ടാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

ഒരുകാലത്ത് മികച്ച ഹാസ്യ കഥാപാത്രങ്ങൾ ഉൾപ്പടെ അവതരിപ്പിച്ചയാളാണ് ജഗദീഷെന്നും അദ്ദേഹത്തിൽ നിന്നും ഇത്രയും നിലവാരമില്ലാത്ത പരിപാടികൾ പ്രതീക്ഷിക്കുന്നില്ലെന്നും കമന്റുകളുണ്ട്. മായിൻകുട്ടിയെയും അപ്പുകുട്ടനേയും ഒന്നും മലയാളികൾ ഒരിക്കലും മറക്കില്ല. അത്തരം തിളക്കമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒരാളിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ലെന്ന കമന്റുകളും കാണാം.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം