തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ വിവാദത്തിൽ പങ്കുചേർന്ന് ലക്ഷ്മി ശ്രീദേവിയുടെ സഹോദരനും സീരിയൽ നടനുമായ ആദിത്യനും രംഗത്തെത്തി. തന്റെ അനുജത്തിയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ ആദിത്യൻ വീഡിയോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണി കോളുകൾ തനിക്ക് ലഭിച്ചുവെന്നും ഫേസ്‌ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തി. മഴവിൽ മനോരമയുടെ ചാനൽ ഷോ കണ്ട് അനുജത്തി തന്നെ വിളിച്ചിരുന്നു. കുടുംബക്കാരും തന്നെ അറിയുമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു. എന്നാൽ, പണ്ട് എന്തോ ബന്ധമുണ്ടെന്ന് തിരക്കി വിളിച്ചിരുന്നു എന്ന് മറുപടി പറയേണ്ടി വന്നുവെന്നും ആദിത്യൻ പറഞ്ഞു.

ഈ വിഷയത്തിൽ തനിക്ക് പ്രതികരിക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ, ഉമ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടി നൽകണം എന്നു തോന്നിയതു കൊണ്ടാണ് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. തന്റെ അനുജത്തി ന്യൂസിലാൻഡിൽ വിവാഹശേഷം സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തിയാണ്. അവളുടെ വിവാഹത്തിന് എല്ലാ ബന്ധുക്കളും വന്നിരുന്നു. എന്നാൽ, ഇവർ അക്കൂട്ടത്തിൽ ഉണ്ടായില്ലെന്നും അവർ പറയുന്നു. അവൾക്ക് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ജയന്റെ അനുജന് മൂന്ന് മക്കളാണുള്ളത്. രണ്ടാണും ഒരു പെണ്ണും. കണ്ണൻ, ആദിത്യൻ, ലക്ഷ്മി എന്നിങ്ങനെയാണ് അവരുടെ പേരുകൾ.

ലക്ഷ്മിയുടെ വീഡിയോ കണ്ട് ഉമ നായർ തന്നെ വിളിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് സീരിയൽ സൈറ്റിൽ വച്ചാണ് ഉമയെ കണ്ടത്. അന്ന് അകന്ന ബന്ധുവാണെന്ന് പറഞ്ഞതായി ഓർക്കുന്നുണ്ട്. എന്നാൽ വല്ല്യച്ചനെന്ന് വിൡക്കാൻ മാത്രം അടുപ്പവും അവകാശവും ലക്ഷ്മിക്കും മക്കളായ തങ്ങൾക്കും മാത്രമാണുള്ളതെന്നനും ആദിത്യൻ പറയുന്നു. അതേസമയം ഉമ നായരുടെ മറുപടി വീഡിയോ കണ്ട് അതിന് മറുപടിയുമായി ലക്ഷ്മി ശ്രീവേദിയും രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ വേണ്ടില്ല ആ പോസ്റ്റിട്ടത്. ഉമ പറഞ്ഞ കാര്യങ്ങളുടെ യാഥാർത്ഥ്യം എന്താണെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും അതിനെ അതിന്റെ അർത്ഥത്തിൽ മനസിലാക്കാൻ ശ്രമിക്കണമെന്നും ലക്ഷ്മി ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു.

തന്റെ അമ്മയുടെ ചിത്രം ഉയർത്തിക്കാണിച്ചാണ് മറുപടി നൽകിയത്. ഉമയെ എനിക്ക് വ്യക്തിപരമായി അറിയില്ല. ലക്ഷ്മിയുടെ അമ്മയാണ് ഇപ്പോൾ ജീവിച്ചിരിപ്പില്ല, ഇനി മാറ്റിപ്പറയുമോ എന്നറിയില്ല എന്നാണ് ഉമ വീഡിയോയിൽ പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഉമ അങ്ങനെയൊരു കാര്യം പറഞ്ഞതെന്ന കാര്യം അറിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഈ കുടുംബങ്ങളുമായി ബന്ധമില്ലെന്നും ഉമ വീഡിയോയിൽ പറയുന്നുണ്ട്. ജയന്റെ അനുജന്റെ മകളുടെ സ്ഥാനം തട്ടിയെടുക്കുമോ എന്ന ഭയം കൊണ്ടാണെന്നും പറയുന്നു. എന്നാൽ, എനിക്ക് അങ്ങനെയൊരു ഭയത്തിന്റെ കാര്യമില്ലെന്നും കാരണം എന്റെ വല്ല്യച്ഛനായതു കൊണ്ടാണ്. അതു പ്രൂവ് ചെയ്യാൻ വേണ്ടി എവിടെയും പോകേണ്ട കാര്യമില്ല. അകന്ന ബന്ധം ഉമയുമായി കാണുമായിരിക്കും. എന്നാൽ അക്കാര്യം കൃത്യമായി പറഞ്ഞാൽ മതി, അതിന് ക്ലാരിറ്റിയുണ്ടാകും.

ഞാൻ ചാനലിനെയും അവതാരികയെയും ആക്ഷേപിച്ചു എന്നു പറയുന്നു. എന്താണ് അതിൽ പറയുന്നതെന്നും അവർ ചോദിച്ചു. താൻ എന്റെ ഫേസ്‌ബുക്കിലൂടെയാണ് മറുപടി നൽകിയത്. അല്ലാതെ ഏതെങ്കിലും ചാനലിൽ പോയി ഇരുന്നല്ലെന്നും ലക്ഷ്മി ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു. ഇത് ലോകം മുഴുവൻ എത്താൻ വേണ്ടി ഞാൻ ഒന്നും ചെയ്തില്ല. ഉമയെ ഇൻസെൽട്ട് ചെയ്തിട്ട് എനിക്ക് എന്തു കിട്ടാനാണ്. ഞാൻ സിനിമയിലേക്ക് ശ്രമിക്കുന്ന ആളല്ല. താൻ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചിറ്റപ്പനുമായി സംസാരിച്ചാണ് പറഞ്ഞത്. അല്ലാതെ വെറുതെ പറഞ്ഞതല്ലെന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നു. ഒരുപാട് വല്ല്യച്ഛന്മാർ തനിക്കില്ലാത്തതും കൊണ്ടാണ് ഞാൻ അവരുടെ പേരിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പങ്കെടുക്കവേയാണ് താൻ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയത്. ജയനെ വല്യച്ഛൻ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിൻ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ജയന്റെ സഹോദരൻ സോമൻ നായരുടെ മകൾ ലക്ഷ്മി ഫേസ്‌ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചത്.

നടൻ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താൻ ഉൾപ്പടെ മൂന്ന് മക്കളാണെന്നും അതിൽ ഒരാൾ സീരിയലിലും മറ്റും സജീവമായി പ്രവർത്തിക്കുന്ന നടൻ ആദിത്യനാണെന്നും ലക്ഷ്മി പറയുകയുണ്ടായി. ഇതുവരെ ഉമയെ താൻ കണ്ടിട്ടുപ്പോലുമില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി വീഡിയോയിൽ ചോദിക്കുകയുണ്ടായി. വീഡിയോ സോഷ്യലൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി ഉമ നായരും രംഗത്തെത്തി.

ലക്ഷ്മി ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് ഉമ നായർ രംഗത്തെത്തിയത്. ലക്ഷ്മിയുടെ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് ഫേസ്‌ബുക് ലൈവിലൂടെ സീരിയൽ താരം ഉമ നായർ രംഗത്തെത്തിയത്. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു. ലക്ഷ്മി എന്ന് പറയുന്ന പെൺകുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വർഷമായി താൻ സീരിയൽ രംഗത്ത് വന്നിട്ട് ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.

ജയന് ഒരു സഹോദരൻ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാൽ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താൻ മാനഷ്ടക്കേസിന് പോയാൽ കോടതിയിൽ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞിരുന്നു.