- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് 'പത്ര'ത്തിൽ ജൂനിയർ ആർട്ടിസ്റ്റ്; ഇപ്പോൾ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനം'; സ്വപ്നതുല്യമായ കാര്യമെന്ന് നടൻ ജയസൂര്യ
കൊച്ചി: മഞ്ജു വാര്യർ നായികയായ 'പത്രം' എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റാവാൻ അവസരം തേടി നടന്ന ആളാണ് താനെന്നും ഇപ്പോൾ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്നും നടൻ ജയസൂര്യ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യയുടെ വെളിപ്പെടുത്തൽ.
'വർഷങ്ങൾക്ക് മുമ്പ് പത്രം എന്ന സിനിമയിൽ മഞ്ജു വാര്യർ നായികയായി അഭിനയിക്കുമ്പോൾ അതിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് എങ്കിലും ആകാനായി പല ദിവസം ഞാൻ നടന്നിട്ടുണ്ട്. പിന്നീട് ആ സിനിമയിൽ കുറേ പത്രക്കാർ ഇരിക്കുന്ന കൂട്ടത്തിൽ രണ്ടാമത്തെ റോയിൽ ഇരിക്കാൻ അവസരം തന്നു. 'ചിത്രത്തിൽ ഹനീഫിക്ക (കൊച്ചിൻ ഹനീഫ) സംസാരിക്കുന്ന രംഗത്തിൽ കുറേ പത്രക്കാർ ഇരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരാളാവാനുള്ള അവസരമാണ് ലഭിച്ചത്,' ജയസൂര്യ പറയുന്നു.
അന്ന് ആ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാര്യർ എന്ന് പറയുന്ന ബ്രില്ല്യന്റ് ആയ താരത്തിന്റെ കൂടെ അഭിനയിച്ചു എന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ ഒരു കാര്യം തന്നെയാണ്' -ജയസൂര്യ കൂട്ടിച്ചേർത്തു
1999ൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പത്രം. സുരേഷ് ഗോപി നായകനായ ചിത്രത്തിൽ ദേവിക ശേഖറെന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.
'പത്ര'ത്തിൽ അവസരം ചോദിച്ച് നടന്ന ദിവസങ്ങളിലൊന്നിൽ ദൂരെ നിന്ന് മഞ്ജുവിന്റെ അഭിനയം കാണാനുള്ള ഭാഗ്യമുണ്ടായെന്നും ജയസൂര്യ പറഞ്ഞു. 'ഞാൻ അന്ന് മുതൽ ഒരുപാട് ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജു വാര്യർ. മമ്മുക്കയെയും ലാലേട്ടനെയും പോലുള്ള ചില വ്യക്തിത്വങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളെ സ്വാധീനിക്കാറുണ്ട്. അതുപോലെ സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച വ്യക്തിത്വങ്ങളിൽ ഒരാളായ മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമാണ്' -ജയസൂര്യ പറഞ്ഞു.
വളരെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതു പോലെ എന്തു കാര്യവും പറയാൻ പറ്റുന്ന ഒരു വ്യക്തിയാണ് മഞ്ജു. ചിരിച്ച മുഖത്തോടെയല്ലാതെ മഞ്ജുവിനെ താൻ കണ്ടിട്ടില്ല. സീനിയോറിറ്റി ഒന്നും നോക്കാതെ ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നതു കൊണ്ടു തന്നെയാണ് മഞ്ജു ഇന്ന് സൂപ്പർസ്റ്റാർ ആയിരിക്കുന്നത്. ഇനിയും തനിക്ക് ഒരുപാട് സിനിമകൾ മഞ്ജുവിന്റെയും പ്രജേഷിന്റെയും ശിവദയുടെയും കൂടെ ചെയ്യാൻ ഭാഗ്യമുണ്ടാകട്ടെ എന്നും ജയസൂര്യ പറഞ്ഞു.
നടനെന്ന നിലയിൽ ജയസൂര്യയുടെ വളർച്ച തന്നെ അത്ഭുതപ്പെടുത്തിട്ടുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു. 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തെ കുറിച്ച് തന്നോട് ആദ്യം പറയുന്നത് ജയനാണെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.
ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരീ ആവാസ് സുനോ. ചിത്രത്തിൽ റേഡിയോ ജോക്കിയായാണ് ജയസൂര്യ എത്തുന്നത്.
ഒരു ആത്മാർഥ സുഹൃത്തിനൊപ്പം സിനിമ ചെയ്യുമ്പോൾ വല്ലാത്ത സുഖമാണ്. അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമ്പോൾ തുടങ്ങിയ സൗഹൃദമാണ്. ഞങ്ങൾ സംസാരിക്കുന്നത് സിനിമയുടെ ആശയങ്ങളെക്കുറിച്ച് മാത്രമാണ്. ആ ഒരു പോസിറ്റീവ് വൈബ് ഉള്ളതുകൊണ്ടു തന്നെയാണ് ഞങ്ങൾ ഇനിയും ഒരുമിച്ച് സിനിമകൾ ചെയ്യാം എന്നുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്. നിർമ്മാതാവായ രാകേഷേട്ടനോടൊപ്പം ഞാൻ ആദ്യമായിട്ടാണ് വർക്ക് ചെയ്യുന്നത്. അദ്ദേഹത്തോട് സംസാരിച്ചു കഴിഞ്ഞാൽ അടുത്ത അഞ്ചു സിനിമ ഫ്രീയായി ചെയ്തു കൊടുക്കാൻ തോന്നും. അത്രയ്ക്കും സ്വീറ്റ് ആയ വ്യക്തിയാണ്' -ജയസൂര്യ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ