തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവോത്ഥാന മതിലിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ മതിലിനെതിരെ പ്രശസ്ത ചലച്ചിത്ര താരം ജോയ് മാത്യു രംഗത്ത്. വനിത മതിലിന് ആദ്യം പിന്തുണയ്ക്കുകയും പിന്നീട് രാഷ്ട്രീയ സ്വഭാവമുണ്ടെന്ന് ആരോപിച്ച് പിന്മാറുകയും ചെയ്ത മഞ്ജു വാര്യർക്ക് നടൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മതിലിന് പിന്തുണ പ്രഖ്യാപിക്കാത്തവരെ ശത്രുക്കളായി കാണുകയും അവർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്യുന്ന പ്രവണതയാണ് സൈബർ പോരാളികളും ഒപ്പം ഇടത് മന്ത്രിമാരുൾപ്പടെയുള്ള നേതാക്കളും ഉന്നയിക്കുന്നത്.

സ്വതന്ത്ര ചിന്തയെ ഏറ്റവും അധികം ഭയക്കുന്നത് കമ്മ്യൂണിസ്റ്റാണെന്ന് നടിക്കുന്നവരാണെന്നും അവരെ അംഗീകരിക്കാത്തവരെ പാർട്ടി ഫാൻസിനെകൊണ്ട് തെറിവിളിച്ച് ഓടിപ്പിക്കുന്നതും പതിവാണ് എന്നും നടൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മതിലുകളില്ലാത്ത ലോകം സ്വപ്‌നം കാണുമ്പോൾ മതിലുകെട്ടുന്നത് തന്നെ സ്വാതന്ത്ര്യ വിരുദ്ധമാണ്. മതിൽപ്പണിക്കാരിൽ അല്പമെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ പാർട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടൽ എന്നും നടൻ ചോദിക്കുന്നു.

നേരത്തെ മഞ്ചു വാര്യർ മതിലിൽ നിന്നും പിന്മാറിയപ്പോൾ മന്ത്രി എംഎം മണി ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു. നടിയെ കണ്ടിട്ട് അല്ല ഇങ്ങനെയൊരു പരിപാടി ഒരുക്കിയത് എന്നും മന്ത്രി പറഞ്ഞിരുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മതിലിനോടൊപ്പമല്ല
മഞ്ജുവിനോടൊപ്പമാണ്
-------------------------------
സ്വതന്ത്ര ചിന്തയെ
ഏറ്റവുമധികം
ഭയക്കുന്നവരാണ്
കമ്മ്യൂണിസ്‌റ്
കാരാണെന്ന്
'നടിക്കുന്ന' നമ്മുടെ
നാട്ടിലെ ഒരു വിഭാഗം.
അവരുടെ മണ്ടത്തരങ്ങൾക്കും
അല്പത്തരങ്ങൾക്കും
കയ്യടിക്കാത്തവരെ
പാർട്ടി ഫാന്‌സുകാരെക്കൊണ്ട്
ആക്രമിക്കാനും
ഒറ്റപ്പെടുത്താനും അവർക്ക്
മടിയില്ല,
മതിലുകളില്ലാത്ത
ആകാശം
സ്വപ്നം
കാണുന്ന കുട്ടികളാണ്
ഇന്നത്തെ
പെൺകുട്ടികൾ.
അതുകൊണ്ടാണ്
മതിൽ കെട്ടുക എന്ന
ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്.
മനുഷ്യരെ വേർതിരിക്കാനേ
മതിലുകൾക്കാവൂ
എന്ന തിരിച്ചറിവുണ്ടാവാൻ
വലിയ ബുദ്ധിയൊന്നും
വേണ്ട.
വിവരമുള്ളവർ
അത്തരം
മതിലുകളിൽ
ഒന്ന് ചാരി നിൽക്കുകപോലുമില്ല.
മഞ്ജുവും ചെയ്തത്
ഇതാണ്.
തനിക്ക് ശരിയല്ലെന്ന് തോന്നുന്ന
കാര്യങ്ങളോട്
അവർ വിടപറഞ്ഞു.
മഞ്ജു വാര്യർ എന്ന
അഭിനേത്രിക്ക്
സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും
തന്റേതായ
നിലപാടുകളുണ്ടെന്നതും
പാർട്ടി ഫാൻസുകാർക്ക്
സഹിക്കാൻ
പറ്റുന്നില്ല.
കാരണം അവർ കണ്ടുശീലിച്ച
വിപ്ലവനിതകൾ പാർട്ടി ജാഥയ്ക്ക് തലയിൽ
തൊപ്പിയും
കൈകളിൽ താലപ്പൊലിയുമായി
പാർട്ടിപുരുഷ
സംരക്ഷിത വലയത്തിൽ അടിവെച്ചടിവെച്ചു
നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും.ഇനി അവരുടെ നേതാക്കളാണെങ്കിലോ?
ചെഗുവേര ജനിച്ചത്
ക്യൂബയിലാണെന്നും
ആരാന്റെ കവിത മോഷ്ടിച്ചു
സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും,
അപ്പോൾപിന്നെ
മഞ്ജുവിന്റെ നിലപാടിനെ
എങ്ങിനെ ഉൾക്കൊള്ളാനാകും?
മഞ്ജുവാര്യരെപ്പോലെ
ചിന്താശക്തിയുള്ള,
സ്വന്തമായി
നിലപാടുള്ളവരെ
ബഹുമാനിക്കാൻ വെള്ളാപ്പളിയുടെ
മതിൽപ്പണിക്കാർക്ക്
സാധിക്കില്ല
പക്ഷെ
മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെ പാർട്ടിസൈബർ അടിമകൾ
എഴുതി വെക്കുന്ന വൃത്തികേടുകൾ
കാണുബോൾ
നമുക്ക്
മനസ്സിലാകും
ലൈംഗികമായി
എത്രമാത്രം
പീഡിതരാണ്
നമ്മുടെ സൈബർ സഖാക്കളെന്നു.
മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെയുള്ള
അസഭ്യവർഷം പൊതുമനസ്സാക്ഷിയിൽ ഈ രാഷ്ട്രീയപാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല.
മതിൽപ്പണിക്കാരിൽ അല്പമെങ്കിലും
വിവരമുള്ളവർ ഉണ്ടെങ്കിൽ
പാർട്ടിയുടെ സൈബർ അടിമകളുടെ
രതിജന്യ (sexual frustrations)അസുഖത്തിന്
ചികിത്സക്കുള്ള ഏർപ്പാടാണ്
ആദ്യം ചെയ്യേണ്ടത്.
എന്നിട്ട് പോരെ മതിലുകെട്ടൽ?